വൃഷണാർബുദം നിർണയം വൈകരുത്

ഡോ. റോയ് പി ജോൺ
Published on May 15, 2026, 12:01 AM | 1 min read
ടെസ്റ്റിക്കുലർ ക്യാൻസറിന്റെ (വൃഷണത്തിലെ അർബുദം) കാര്യത്തിൽ പലപ്പോഴും വേദനയില്ലായ്മ രോഗനിർണയം വൈകിപ്പിക്കുന്നതിലേക്കും അപകടത്തിലേക്കും നയിക്കാറുണ്ട്. വേദനയില്ലാത്ത മുഴകളോ വീക്കങ്ങളോ ആയാണ് പ്രകടമാകുന്നത് എന്നതിനാൽ, പലരും ഇത് ഗൗരവമായി എടുക്കാറില്ല. എന്നാൽ, ചികിത്സ വൈകുന്നത് അർബുദം ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് പടരാൻ ഇടയാക്കും.
അവഗണിക്കരുത്
വൃഷണങ്ങളിൽ വേദനയില്ലാതെ കാണപ്പെടുന്ന ചെറിയ തടിപ്പുകൾ അല്ലെങ്കിൽ മുഴകൾ, വൃഷണസഞ്ചിയിൽ അനുഭവപ്പെടുന്ന ഭാരം, വലിപ്പത്തിലോ ആകൃതിയിലോ പെട്ടെന്നുണ്ടാകുന്ന മാറ്റം, അടിവയറ്റിൽ വിട്ടുവിട്ട് അനുഭവപ്പെടുന്ന വേദന തുടങ്ങിയവ ലക്ഷണങ്ങളാണ്.
15 മുതൽ 35 വയസ്സുവരെ ഉള്ളവരിലാണ് രോഗസാധ്യത കൂടുതൽ. ആദ്യഘട്ടത്തിൽത്തന്നെ തിരിച്ചറിഞ്ഞാൽ ഏകദേശം 95 ശതമാനത്തിലധികം ടെസ്റ്റിക്കുലർ ക്യാൻസർ പൂർണമായും സുഖപ്പെടുത്താം. മാസത്തിലൊരിക്കൽ സ്വയം പരിശോധന നടത്തുന്നതുവഴി അസ്വാഭാവികമായ മാറ്റങ്ങൾ നേരത്തേ കണ്ടെത്താം. കുളിക്കുമ്പോഴോ അതിനുശേഷമോ വൃഷണങ്ങൾ പരിശോധിക്കുന്നത് ഉചിതമാണ്. എന്തെങ്കിലും തരത്തിലുള്ള തടിപ്പോ മാറ്റമോ ശ്രദ്ധയിൽപ്പെട്ടാൽ ഒട്ടും വൈകാതെ ഒരു യൂറോളജിസ്റ്റിനെ കാണുക. ആൺകുട്ടികൾ ജനിക്കുമ്പോൾ വൃഷണങ്ങൾ സഞ്ചിയിൽ കൃത്യമായ സ്ഥാനത്താണെന്ന് മാതാപിതാക്കൾ ഉറപ്പുവരുത്തണം. ഇല്ലെങ്കിൽ ശസ്ത്രക്രിയയിലൂടെ അത് ശരിയാക്കേണ്ടതുണ്ട്.
മാറ്റാം മനോഭാവം
ശരീരത്തിലുണ്ടാകുന്ന അസ്വാഭാവികമായ ഏതു മുഴയും വേദനയില്ലെങ്കിൽപ്പോലും പരിശോധനയ്‌ക്ക് വിധേയമാക്കണം. ലജ്ജയോ ഭയമോ വിചാരിച്ച് ചികിത്സ വൈകിപ്പിക്കരുത്. നിങ്ങളുടെ ശരീരത്തെ ശ്രദ്ധിക്കുക, ലക്ഷണങ്ങളെ അവഗണിക്കാതിരിക്കുക. ശരീരത്തിലെ ചെറിയ മാറ്റംപോലും നിസ്സാരമായി കരുതി അവഗണിക്കരുത്. ഒരു ലക്ഷണവും ഇല്ലെങ്കിലും പ്രതിരോധത്തിനായി പതിവുപരിശോധനകൾ ചെയ്യുക.
(അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ഹോസ്പിറ്റൽ യൂറോളജിവിഭാഗം മേധാവിയാണ് ലേഖകൻ)










0 comments