print edition അൽപ്പം ശ്രദ്ധവേണം; ചീര നന്നായി വളരും

കെ ജേക്കബ്ബ് ആദിച്ചനല്ലൂർ
Published on Oct 24, 2026, 01:48 AM | 1 min read
പോഷകങ്ങളുടെ കലവറയായ ഇലക്കറികളിൽ ഏറെ മുന്നിലാണ് ചീര. ഇവയിൽ ധാരാളം വിറ്റാമിനുകളും ധാതുക്കളും ആൻറ്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിനും വിളർച്ചയെ തടയുന്നതിനും ദഹനപ്രക്രിയ സുഗമമാക്കുന്നതിനും ഏറെ സഹായിക്കുന്നു.
നിറത്തിലും ഗുണത്തിലും വൈവിധ്യമാർന്ന വിവിധ ചീര ഇനങ്ങൾ ലഭ്യമാണ്. കൃഷി ചെയ്യാൻ എളുപ്പവും. കുറഞ്ഞ സ്ഥലത്ത് വീട്ടിലേക്ക് ആവശ്യമായ ചീര കൃഷിചെയ്യാനാകും. വ്യാവസായികാടിസ്ഥാനത്തിൽ കൃഷിചെയ്യുന്നത് ആദായകരമാണ്. അൽപ്പം ശ്രദ്ധ വേണമെന്നുമാത്രം. ശക്തമായ മഴക്കാലം ഒഴിച്ച് എല്ലാക്കാലത്തും കൃഷി ചെയ്യാമെന്നുള്ള പ്രത്യേകതയുമുണ്ട്. സൂര്യപ്രകാശം ഏൽക്കുന്ന, തുറസ്സായ നീർവാർച്ചയുള്ള മണ്ണിൽ ചീര സമൃദ്ധിയായി വളരും.
കൃഷിരീതി
വിത്ത് നേരിട്ടോ തവാരണയിൽ തയ്യാറാക്കുന്ന തൈകൾ പറിച്ചുനട്ടോ കൃഷിചെയ്യാം. നിലം നന്നായി കിളച്ചുപാകപ്പെടുത്തി 30 –40 സെന്റീമീറ്റർ ചാലുകളെടുത്ത് 20 സെന്റീ മീറ്റർ അകലം നൽകി തൈകൾ നടാം. നിലം ഒരുക്കുന്നതോടൊപ്പം ജൈവവളമായി ഉണങ്ങിയ ചാണകപ്പൊടി, കമ്പോസ്റ്റ്, എല്ലുപൊടി ഇവ ചേർത്തുകൊടുക്കാം. വിത്ത് വിതയ്ക്കുമ്പോൾ എല്ലായിടത്തും എത്തുന്നതിന് പൊടിമണലുമായി ചേർത്തു വിതയ്ക്കാം. ഉറുമ്പ്ശല്യം ഒഴിവാക്കാൻ മഞ്ഞൾപ്പൊടി വിതറിക്കൊടുക്കാം.
മൂന്ന്–നാല് ഇല പ്രായമാകുമ്പോൾ പറിച്ചുനടുന്നതോടൊപ്പം ഒന്നിടവിട്ട ദിവസങ്ങളിൽ നനയും പ്രധാനമാണ്. മേൽവളവും നൽകണം. കഴിയുന്നതും കീടനാശിനി പ്രയോഗം ഒഴിവാക്കുക. ഇലപ്പുള്ളി രോഗത്തിന് മഞ്ഞൾപ്പൊടി, സോഡാപ്പൊടി എന്നിവ 10 : 2 അനുപാതത്തിൽ കൂട്ടിക്കലർത്തി ലിറ്ററിന്10 ഗ്രാം എന്നതോതിൽ വെള്ളത്തിൽകലക്കി ആഴ്ചയിൽഒരിക്കൽ തളിക്കാം.
രോഗപ്രതിരോധശക്തിയുള്ളതും ഉൽപ്പാദനശേഷി കൂടുതലുള്ളതുമായ കണ്ണാറ ലോക്കൽ, കൃഷിശ്രീ, രേണുശ്രീ, മോഹിനി, അരുൺ, വ്ളാത്താങ്കര തുടങ്ങിയ ഇനങ്ങൾ ലഭ്യമാണ്.









0 comments