വെനസ്വേലയെ വിറപ്പിച്ച ഇരട്ട ഭൂകമ്പത്തിന് പിന്നിൽ

പ്രൊഫ. ഇ ഷാജി
Published on Jul 03, 2026, 09:29 AM | 2 min read
സമീപകാല ചരിത്രത്തിലെ ഏറ്റവും ശക്തമായ ഇരട്ട ഭൂകമ്പത്തിന് (Seismic Doublet) സാക്ഷ്യംവഹിച്ച വെനസ്വേലയിൽ ആയിരങ്ങൾക്കാണ് ജീവഹാനി ഉണ്ടായത്. വെറും 39 സെക്കൻഡ് ഇടവേളയിൽ റിക്ടർ സ്കെയിലിൽ 7.2 തീവ്രതയുള്ള ഒരു മുൻകുലുക്കവും (Foreshock) തുടർന്ന് 7.5 തീവ്രതയുള്ള പ്രധാന ഭൂകമ്പവും (Mainshock) തലസ്ഥാനമായ കരാക്കസ് ഉൾപ്പെടെയുള്ള നഗരങ്ങളിൽ വൻ നാശനഷ്‌ടം ഉണ്ടാക്കി. തുടർചലനങ്ങളും രാജ്യത്തെ വിറപ്പിച്ചു. ദുരന്തത്തിന്റെ ആഘാതം മറികടക്കാൻ മാസങ്ങൾ വേണ്ടിവരും.
പശ്ചാത്തലവും പ്ലേറ്റ് ടെക്റ്റോണിക്സും
ജപ്പാൻ, ചിലി, പെറു തുടങ്ങിയ രാജ്യങ്ങളെപ്പോലെ നിരന്തരം വൻ ഭൂകമ്പങ്ങൾ അനുഭവപ്പെടുന്ന രാജ്യമല്ല വെനസ്വേല. എന്നിരുന്നാലും ചരിത്രത്തിലുടനീളം നിരവധി ശക്തമായ ഭൂകമ്പങ്ങൾ ഈ രാജ്യത്തെ ബാധിച്ചിട്ടുണ്ട്. 1900-ൽ ഇതേ മേഖലയ്ക്ക് സമീപം 7.7 തീവ്രതയുള്ള ഒരു മഹാഭൂകമ്പം രേഖപ്പെടുത്തിയിട്ടുണ്ടെന്നും കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടെ ആറി-ൽ കൂടുതൽ തീവ്രതയുള്ള ഏഴ് ഭൂകമ്പം ഇവിടെ ഉണ്ടായിട്ടുണ്ടെന്നും രേഖകളുണ്ട്. എന്നാൽ 1900-ലെ മഹാഭൂകമ്പത്തിനുശേഷം ഈ മേഖലയെ ബാധിച്ച അതിതീവ്ര ഭൂകമ്പമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.
വെനസ്വേലയുടെ വടക്കൻ ഭാഗം കരീബിയൻ ടെക്റ്റോണിക് പ്ലേറ്റിന്റെയും ദക്ഷിണ അമേരിക്കൻ പ്ലേറ്റിന്റെയും അതിർത്തിയിലാണ് സ്ഥിതിചെയ്യുന്നത്. ഈ രണ്ട് പ്ലേറ്റുകളും പരസ്പരം വശങ്ങളിലേക്ക് നീങ്ങുന്ന (Strike-slip) സ്വഭാവമുള്ളവയാണ്. ഇവ പ്രതിവർഷം ഏകദേശം 20 മില്ലിമീറ്റർ ആപേക്ഷിക വേഗത്തിൽ നീങ്ങുന്നതിനാൽ ഭ്രംശരേഖകളിൽ വലിയ സമ്മർദം ക്രമേണ സംഭരിക്കപ്പെടുന്നു. ഈ സമ്മർദം ദീർഘകാലം സംഭരിക്കപ്പെട്ടശേഷം പെട്ടെന്ന് മോചിതമായതാണ് ഇപ്പോഴത്തെ ഭൂകന്പത്തിന് കാരണം.
ബോകോണോ ഫാൾട്ട്
വെനസ്വേലയിലെ ഏറ്റവും പ്രധാനപ്പെട്ട സജീവ ഭ്രംശരേഖയാണ് ബോകോണോ ഫാൾട്ട് (Bocon fault ). കൊളംബിയൻ അതിർത്തിയിൽനിന്ന് കരീബിയൻ കടൽവരെ ഏകദേശം 500 കിലോമീറ്ററിലധികം നീളത്തിൽ വ്യാപിച്ചുകിടക്കുന്ന ഈ ഭ്രംശരേഖ രാജ്യത്തിന്റെ പടിഞ്ഞാറൻഭാഗത്തെ പ്രധാന ഭൂകമ്പമേഖലയാണ്. ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സാൻ സെബാസ്റ്റ്യൻ, എൽ പിലാർ എന്നീ ഭ്രംശരേഖകളും സജീവമാണ്.
വെനസ്വേലയിലെ ഏകദേശം 80 ശതമാനം ജനങ്ങളും ആൻഡീസ് പർവതനിരയ്ക്കും കരീബിയൻ കടലിനുമിടയിലെ ഇടുങ്ങിയ ഭൂകമ്പമേഖലയിലാണ് താമസിക്കുന്നത്. കരാക്കസ്, വാലൻസിയ, മറാക്കെ, ബാർക്വിസിമെറ്റോ, മെറിഡ, സാൻ ക്രിസ്റ്റോബൽ, അക്കാരിഗ്വ, കുമാന, ബാഴ്സലോണ, മതുറിൻ തുടങ്ങി പ്രധാന നഗരങ്ങളെല്ലാം സജീവ ഭ്രംശരേഖകൾക്ക് സമീപമാണ്. പ്രധാന നഗരങ്ങൾമാത്രം പരിഗണിച്ചാൽ ഒരു കോടിയിലധികം ആളുകൾ ഉയർന്ന ഭൂകമ്പ അപകടമേഖലയിലാണ് ജീവിക്കുന്നത്.
സെക്കൻഡുകൾക്കിടെ
ഇപ്പോഴുണ്ടായ ഭൂകന്പം 39 സെക്കൻഡ് വ്യത്യാസത്തിൽ രണ്ട് വലിയ കുലുക്കമായിരുന്നു. ആദ്യത്തെ 7.2 തീവ്രതയുള്ള ഭൂകമ്പം കെട്ടിടങ്ങൾക്ക് വൻ കേടുപാടുകൾ വരുത്തി. പിന്നാലെ വെറും 39 സെക്കൻഡിനകം ഉണ്ടായ 7.5 തീവ്രതയുള്ള പ്രധാന ഭൂകമ്പം നേരത്തേ ദുർബലമായ കെട്ടിടങ്ങളെ പൂർണമായും തകർത്തു. റിക്ടർ സ്കെയിൽ ലോഗരിതമിക് സ്വഭാവമുള്ളതിനാൽ 7.5 തീവ്രതയുള്ള ഭൂകമ്പം 7.2 തീവ്രതയുള്ള ഭൂകമ്പത്തേക്കാൾ ഏകദേശം മൂന്ന് മടങ്ങോളം കൂടുതൽ ഊർജം പുറത്തുവിട്ടു. അതിനാൽ രണ്ടാമത്തെ ഭൂകമ്പം നാശത്തിന്റെ വ്യാപ്തി ഗണ്യമായി വർധിപ്പിച്ചു. ഭൂകമ്പത്തിന്റെ ഉത്ഭവകേന്ദ്രം ഭൂതലത്തോട് വളരെ അടുത്തുള്ള ആഴം കുറഞ്ഞ മേഖലയിലായിരുന്നതിനാൽ ഭൂകമ്പതരംഗങ്ങൾ ഊർജനഷ്ടം കാര്യമായി സംഭവിക്കാതെ ഉപരിതലത്തിലെത്തി. അതിനാൽ ശക്തമായ കുലുക്കം അനുഭവപ്പെടുകയും വ്യാപകമായ നാശനഷ്ടങ്ങൾക്ക് കാരണമാകുകയും ചെയ്തു. കരാക്കസ് നഗരം ആഴമേറിയ അവസാദ നിക്ഷേപങ്ങൾ നിറഞ്ഞ താഴ്വരയിൽ സ്ഥിതിചെയ്യുന്നു. ഇത് ഭൂകന്പ തരംഗങ്ങളുടെ വേഗം വർധിപ്പിക്കുകയും കുലുക്കത്തിന്റെ തീവ്രത രൂക്ഷമാക്കുകയും ചെയ്‌തു.
(കേരള സർവകലാശാല ജിയോളജി പഠനവകുപ്പിൽ പ്രൊഫസറാണ് ലേഖകൻ)











0 comments