വാഹനാപകടം സൃഷ്‌ടിച്ച് കൊലപാതകം പൊലീസ് അന്വേഷണം ഊർജിതം; തെളിവെടുപ്പ് തുടരുന്നു

കൽപ്പറ്റ
ചുണ്ടേലിൽ ഓട്ടോ ഡ്രൈവർ അബ്ദുൽ നവാസിനെ ജീപ്പിടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പൊലീസ് തെളിവെടുപ്പ് തുടരുന്നു. ദൃക്‌സാക്ഷികൾ, നാട്ടുകാർ എന്നിവരിൽനിന്നാണ് തെളിവുകൾ ശേഖരിക്കുന്നത്. നേരിൽകണ്ടും വൈത്തിരി സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചുമാണ് തെളിവെടുപ്പ്. സംഭവത്തിൽ കൂടുതൽപേരെ ചോദ്യംചെയ്‌തു.
പ്രതികളായ കൽപ്പറ്റ പുത്തൂർവയൽ കോഴിക്കാറാട്ടിൽ സുമിൽഷാദ് (24), സഹോദരൻ അജിൻഷാദ് (20) എന്നിവർ വൈത്തിരി സബ്‌ജയിലിൽ റിമാൻഡിലാണ്. പരമാവധി തെളിവുകൾ ശേഖരിച്ച ശേഷമാകും ഇവരെ കസ്‌റ്റഡിയിൽ വാങ്ങുക. കഴിഞ്ഞ ബുധനാഴ്‌ചയാണ് പ്രതികളെ അറസ്‌റ്റ് ചെയ്‌തത്. വൈത്തിരി സിഐ എം വിശ്വംഭരന്റെ നേതൃത്വത്തിൽ പഴുതടച്ച അന്വേഷണമാണ് നടത്തുന്നത്. വാഹനാപകടം സൃഷ്‌ടിച്ച് കൊലപാതകം നടത്തി 24 മണിക്കൂറിനകം പൊലീസ് കേസിന്റെ ദുരൂഹത പുറത്തുകൊണ്ടുവന്നു. അപകടമരണമല്ല, അരുംകൊലയാണെന്ന് തെളിയിച്ചു.
രണ്ടുദിവസത്തിനുശേഷം പ്രതികൾക്കായി കസ്‌റ്റഡി അപേക്ഷ നൽകും. കേസിൽ കൂടുതൽ പ്രതികളുണ്ടാകാനുള്ള സാധ്യതയുമുണ്ട്.
നവാസ് ഓടിച്ച ഓട്ടോറിക്ഷയിൽ ആസൂത്രിതമായി ജീപ്പ് ഇടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ രണ്ടിന് ചുണ്ടേൽ അമ്മാറ–--ആനോത്ത് റോഡിലായിരുന്നു അപകടം സൃഷ്‌ടിച്ചത്.
നവാസിനോടുള്ള വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം. ഓട്ടോയുമായി പോകുകയായിരുന്ന നവാസിനെ സുമിൽഷാദ് ഥാർ ജീപ്പ് അതിവേഗത്തിൽ ഓടിച്ചുവന്ന് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. സാധാരണ വാഹനാപകടമാണെന്നായിരുന്നു ആദ്യനിഗമനം. പിന്നീടാണ് കൊലപാതകമാണെന്ന് വ്യക്തമായത്.









0 comments