ഇനി കലയുടെ രാപകൽ ജില്ലാ സ്കൂൾ കലോത്സവം ഇന്ന് തുടങ്ങും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 25, 2024, 08:47 PM | 0 min read

 

കൽപ്പറ്റ
നടവയലിൽ ഇനി കൗമാര കലയുടെ കേളികൊട്ട്. കാർഷിക മേഖലയുടെ രാപകലുകളെ ചടുലവും താളാത്മകവുമാക്കുന്ന 43–-ാമത് റവന്യു ജില്ലാ സ്കൂൾ കലോത്സവം ചൊവ്വാഴ്ച തുടങ്ങും. സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലാണ് കലോത്സവം. മേള വിജയിപ്പിക്കാനുള്ള എല്ലാ ഒരുക്കവും പൂർത്തിയായതായി അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഒമ്പത് വേദികളിലായാണ് മത്സരം. മൂവായിരത്തോളം പ്രതിഭകൾ 240 ഇനങ്ങളിൽ മാറ്റുരയ്ക്കും. അഞ്ച് ഗോത്രകലകൾ  ഇത്തവണ മത്സരത്തിനുണ്ട്‌. 103 അപ്പീലുകളുണ്ട്‌. ചൊവ്വ രാവിലെ ഒമ്പത് മുതൽ രചനാ മത്സരങ്ങളും ബുധൻ രാവിലെ മുതൽ സ്റ്റേജിനങ്ങളും നടക്കും. 
ഹയർ സെക്കൻഡറി, എൽപി സ്കൂൾ, കെജെ ഓഡിറ്റോറിയം, കോ ഓപ്പറേറ്റീവ് കോളേജ് എന്നിവിടങ്ങളിലെ സൂര്യകാന്തി, ജ്വാലാമുഖി, സ്വർണച്ചാമരം, ഇന്ദ്രനീലം, രജനീഗന്ധി, സാലഭഞ്ജിക, ചിത്രവനം, ചക്കരപ്പന്തൽ, ചന്ദ്രകളഭം എന്നീ വേദികളിലാണ് മത്സരം നടക്കുക.
അധ്യാപക സംഘടനയായ കെഎസ്‌ടിഎക്കാണ്‌ പ്രോഗ്രാം കമ്മിറ്റിയുടെ ചുമതല.   നിത്യവും 4500 പേർക്ക് മൂന്നുനേരങ്ങളിലായി ഭക്ഷണം ഒരുക്കുന്നുണ്ട്. ബുധനാഴ്ച വൈകുന്നേരം 3.30ന് ടി സിദ്ദിഖ് എംഎൽഎ കലോത്സവം ഉദ്ഘാടനംചെയ്യും. 29ന് വൈകുന്നേരം നാലിന് സമാപന സമ്മേളനം മന്ത്രി ഒ ആർ കേളു ഉദ്ഘാടനംചെയ്യും. ഐ സി  ബാലകൃഷ്ണൻ എംഎൽഎ, ജില്ലാ പഞ്ചയത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ,  കലക്ടർ ഡി ആർ മേഘശ്രീ എന്നിവർ പങ്കെടുക്കും. ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ വി എ ശശീന്ദ്ര വ്യാസ്,  പ്രിൻസിപ്പൽ ആന്റോ വി തോമസ്, നിസാർ കമ്പ, ഇ കെ വർഗീസ്, വിൻസന്റ് തോമസ്, ഇ ടി റിഷാദ്  എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
വിളംബര ജാഥ 
നടത്തി
പനമരം
ജില്ലാ സ്കൂൾ കലോത്സവത്തിന്റെ വിളംബര ജാഥ നടത്തി. പനമരം ക്രസന്റ്‌ സ്കൂൾ പരിസരത്തുനിന്ന്‌ ആരംഭിച്ച ജാഥ ടൗൺ ചുറ്റി വലിയ പാലത്തിന് സമീപം നടവയൽ ജങ്ഷൻ റോഡിൽ സമാപിച്ചു. ജനപ്രതിനിധികൾ, രാഷ്ട്രീയ പ്രതിനിധികൾ,  വിദ്യാർഥികൾ, പൊതുജനങ്ങൾ,  ഉദ്യോഗസ്ഥർ, തുടങ്ങിയവർ അണിനിരന്നു. വാദ്യമേളങ്ങളുടെ അകമ്പടിയോടെയായിരുന്നു ജാഥ. 
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ സംഷാദ് മരക്കാർ, ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ വി എ ശശീന്ദ്ര വ്യാസ്, പനമരം പഞ്ചായത്ത് പ്രസിഡന്റ്‌ പി എം ആസ്യ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജുനൈദ് കൈപ്പാണി, കെ വിജയൻ, കെ ബി നസീമ തുടങ്ങിയവർ നേതൃത്വം നൽകി. 
 


deshabhimani section

Related News

View More
0 comments
Sort by

Home