മാതൃഭൂമിയുടെ ശ്രമം തെറ്റിദ്ധാരണ പരത്താൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 06, 2024, 09:33 PM | 0 min read

 
കൽപ്പറ്റ
ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട്‌ മാതൃഭൂമി തെറ്റിദ്ധാരണ പരത്താൻ ശ്രമിക്കുകയാണെന്ന്‌ മന്ത്രി കെ രാജൻ. ദുരന്തത്തിനുശേഷമുള്ള വലിയ പുനരുജ്ജീവന പ്രവർത്തനമാണ്‌ നടക്കുന്നത്‌. ഒരുതരത്തിലും തെറ്റുപറ്റാതെയാണ്‌ പ്രവർത്തനം. ഒരുഘട്ടത്തിലും സഹായം നിർത്തലാക്കിയിട്ടില്ല. എന്നാൽ കേന്ദ്രസഹായം ലഭിക്കാത്തിനെക്കുറിച്ച്‌ ഒന്നും പറയുന്നുമില്ല–- മന്ത്രി രാജൻ ‘ദേശാഭിമാനി’യോട്‌ പറഞ്ഞു. 
ഇത്ര ശാസ്‌ത്രീയമായി തിരച്ചിൽ നടത്തിയ അനുഭവം രാജ്യത്തില്ല. പുതിയ തിരച്ചിൽ എവിടേയാണോ ആവശ്യം അവിടെ തിരച്ചിൽ നടത്താൻ ഒരു തടസ്സവുമില്ല. എഡിഎം അവധിയിൽ പോയത്‌ മകന്റെ കല്യാണവുമായി ബന്ധപ്പെട്ട ആവശ്യത്തിനാണ്‌. പകരം ചുമതലയേൽപ്പിച്ചിട്ടുണ്ട്‌. ജൂനിയർ സൂപ്രണ്ട്‌ ആരോഗ്യപ്രശ്‌നമുള്ളതിനാൽ അവധിയിൽ. പകരം ആളുണ്ട്‌. ഇതൊന്നും നഷ്ടപരിഹാരം നൽകുന്നതിനെയോ  സർക്കാരിന്റെ പൊതുനയത്തെയോ ബാധിച്ചിട്ടില്ല. പുനരധിവാസ നടപടികളെയും ബാധിക്കില്ല. 
ഭൂമിയേറ്റെടുക്കൽ കോടതി തടഞ്ഞിട്ടില്ല. നഷ്ടപരിഹാരം നൽകുമോ എന്ന കോടതിയുടെ ചോദ്യത്തിന്‌ നൽകും എന്ന്‌ സർക്കാർ പറഞ്ഞിട്ടുണ്ട്‌. ഭൂമിയേറ്റെടുക്കൽ നടപടി പൂർത്തിയാകാൻ യഥാർഥത്തിൽ 120 ദിവസം വേണ്ടിവരുമെന്നതിനാലാണ്‌ ദുരന്തനിവാരണ നിയമപ്രകാരം ഏറ്റെടുക്കാൻ സർക്കാർ തീരുമാനിച്ചത്‌. ഈ രണ്ട്‌ ഭൂമിയും അർഹമായ നഷ്ടപരിഹാരം നൽകി ഏറ്റെടുത്ത്‌ ടൗൺഷിപ്പ്‌ നിർമിക്കും. അവിടെയെല്ലാ സൗകര്യവുമുണ്ടാകും. പ്രോജക്ട്‌ മാനേജ്‌മെന്റ്‌ കൺസൾട്ടൻസിയെ ചുമതലപ്പെടുത്തി അവരുടെ നേതൃത്വത്തിൽ നടപടി മുന്നോട്ടുകൊണ്ടുപോകാനാണ്‌ ആലോചിക്കുന്നത്‌. ഡിസംബറിൽ ടെൻഡർ നടപടികളിലേക്ക്‌ കടക്കും. സഹായങ്ങൾ വാഗ്‌ദാനംചെയ്‌ത സംഘടനകളുമായും ഏജൻസിയുമായും സംസാരിക്കും.  
 
തൊഴിലാളികളെ
സംരക്ഷിക്കും
ഏറ്റെടുക്കുന്ന ഭൂമിയിലെ മുഴുവൻ തൊഴിലാളികളെയും സംരക്ഷിക്കും. ഏറ്റെടുക്കുന്ന ഭൂമി മുഴുവൻ പുനരധിവാസത്തിന്‌ വേണ്ട. ബാക്കിയുള്ള ഭൂമി തൊഴിലാളികൾക്കായി പ്രയോജനപ്പെടുത്താമോ എന്ന്‌ നോക്കും. അതല്ലെങ്കിൽ ഇവരുടെതന്നെ മറ്റ്‌ എസ്‌റ്റേറ്റുകളിലേക്ക്‌ മാറ്റുന്നത്‌ ആലോചിക്കും.
 


deshabhimani section

Related News

View More
0 comments
Sort by

Home