അളവറിയാന്‍ 
200 മഴമാപിനികള്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 21, 2024, 05:48 PM | 0 min read

കൽപ്പറ്റ
ജില്ലയിൽ എത്ര അളവിൽ മഴപെയ്തു എന്നറിയാനുള്ള ശാസ്‌ത്രീയ സംവിധാനവുമായി കലക്ടറേറ്റ്‌.  ജില്ലാ ദുരന്തനിവാരണ അതോറിറ്റിയാണ് മഴമാപിനികൾ മുഖേന മഴയുടെ വിവരശേഖരണം നടത്തുന്നത്. കലക്ടറേറ്റിലുൾപ്പെടെ വിവിധ സ്ഥലങ്ങളിൽ ഇരുനൂറിലധികം മഴ മാപിനികളാണ് സ്ഥാപിച്ചത്. ജില്ലയുടെ വ്യത്യസ്ത ഭൂഘടന അനുസരിച്ച് മഴയുടെ വ്യതിയാനം നിരീക്ഷിക്കാനും സൂക്ഷ്മ കാലാവസ്ഥാ സ്വഭാവം തിരിച്ചറിയാനും മഴമാപിനി നിരീക്ഷണത്തിലൂടെ സാധിക്കും. സംവിധാനത്തിലൂടെ ഓരോ പ്രദേശങ്ങളിലും രേഖപ്പെടുത്തുന്ന മഴ അളന്ന് മുന്നറിയിപ്പുകൾ നൽകാനാകും. മഴമാപിനിയിൽനിന്ന്‌ ലഭിക്കുന്ന വിവരങ്ങൾ രേഖപ്പെടുത്തുന്നതിന് ജില്ലയിൽ ഡിഎം സ്യൂട്ട് എന്ന പേരിൽ വെബ്‌സൈറ്റും ആപ്പും തയ്യാറാക്കിയിട്ടുണ്ട്. രാജ്യത്തെ ആദ്യ മഴമാപിനി വെബ്‌സൈറ്റാണിത്. മഴമാപിനികൾ രേഖപ്പടുത്തുന്ന വിവരങ്ങൾ ആപ് മുഖേന ലഭ്യമാകുന്നതിനാൽ വേഗത്തിൽ മഴ മാപ്പ് ക്രമീകരിക്കാനാകും. ഓരോ ഭൂപ്രദേശങ്ങളിലും ലഭിച്ച മഴയുടെ അളവ് കണക്കാക്കി പ്രദേശത്ത്    മുന്നൊരുക്കം നടത്താനാകും. വിവരങ്ങൾ വെബ്‌സൈറ്റിലൂടെ അറിയാൻ സാധിക്കും. മേപ്പാടി, ബ്രഹ്മഗിരി, കമ്പമല, മക്കിമല, ബാണാസുര, സുഗന്ധഗിരി, ലക്കിടി ഉൾപ്പെടെയുള്ള ജില്ലയിലെ ഉയരംകൂടിയ പ്രദേശങ്ങളിലും കുറഞ്ഞ അളവ് മഴ ലഭിക്കുന്ന മുള്ളൻകൊല്ലി, പുൽപ്പള്ളി പ്രദേശങ്ങളിലും മഴമാപിനികളിലൂടെ നിരീക്ഷണം നടത്തുന്നുണ്ട്. 600 മില്ലി മീറ്ററിൽ കൂടുതൽ മഴ തുടർച്ചയായി ലഭിക്കുന്ന പ്രദേശം മണ്ണിടിച്ചിലിനും വെള്ളപ്പൊക്കത്തിനും സാധ്യതയുള്ള ദുർബല പ്രദേശമായി കണക്കാക്കും. മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ തുടങ്ങിയ ദുരന്തങ്ങൾ കണ്ടെത്തി പ്രതിരോധിക്കാൻ മഴമാപിനി ഉപകരിക്കും. പ്രകൃതിദുരന്തങ്ങൾ മുൻകൂട്ടി മനസ്സിലാക്കുന്നതിലൂടെ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാനാകുമെന്ന് ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ കലക്ടർ ഡി ആർ മേഖശ്രീ അറിയിച്ചു. 


deshabhimani section

Related News

View More
0 comments
Sort by

Home