മെഡിക്കല്‍ കോളേജ് ആശുപത്രി ക്യാന്റീന്‍ പ്രവര്‍ത്തനം ഉറപ്പാക്കണം: എംപി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 02, 2018, 07:16 PM | 0 min read

തൃശൂർ
ഇന്ത്യാ കോഫീ ബോർഡ് വർക്കേഴ്സ് സൊസൈറ്റിയുടെ കരാർ കാലാവധി പൂർത്തിയായ സാഹചര്യത്തിൽ നിയമാനുസൃതമായി കരാർ നടപടി പൂർത്തിയാക്കി പുതിയ മെഡിക്കൽ കോളേജാശുപത്രി കോമ്പൗണ്ടിലെ ക്യാന്റീൻ പ്രവർത്തനം ഉറപ്പാക്കണമെന്ന് പി കെ ബിജു എംപി ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് കലക്ടർക്ക് എംപി കത്ത് നൽകിയിട്ടുണ്ട്.  ഗവ. മെഡിക്കൽ കോളേജും മെഡിക്കൽ കോളേജാശുപത്രി കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന ഇന്ത്യ കോഫീ ബോർഡ് വർക്കേഴ്സ് സൊസൈറ്റിയുടെ കീഴിലുള്ള ക്യാന്റീനും തമ്മിൽ നിലവിൽ ഏർപ്പെട്ടിരിക്കുന്ന പുതുക്കിയ കരാറിന്റെ കാലാവധി  നവംബർ 30ന് പൂർത്തിയായി. മെഡിക്കൽ കോളേജ് ആശുപത്രി കോമ്പൗണ്ടിലുള്ളതുൾപ്പെടെ രണ്ടു ക്യാന്റീനുകൾ ഇന്ത്യ കോഫി ബോർഡ് വർക്കേഴ്സ്സൊസൈറ്റിയുടെതായി മെഡിക്കൽ കോളേജ് ക്യാമ്പസിൽ പ്രവർത്തിക്കുന്നുണ്ട്. 
പുറമെനിന്നുള്ള ഏജൻസികളിൽനിന്നും കുറഞ്ഞ നിരക്കിൽ വാങ്ങിയ ഭക്ഷണസാധനങ്ങൾ ക്യാന്റീനിൽ കൂടിയ വിലയ്ക്ക് വിതരണം ചെയ്യുന്നുണ്ടെന്ന പരാതിയും  ക്യാന്റീൻ വൃത്തിഹീനമാണെന്ന ആക്ഷേപവും വ്യാപകമായുണ്ട്. നിരന്തര പരാതികളെ തുടർന്ന് 2017 നവംബറിൽ   ഇന്ത്യാ കോഫി ബോർഡുമായുള്ള കരാർ പുതുക്കിയിരുന്നില്ല. ക്യാന്റീനിൽ നിലവിൽ ജോലിചെയ്യുന്ന ജീവനക്കാരെ ബോർഡിന്റെ കീഴിലുള്ള മറ്റുസ്ഥാപനങ്ങളിലേക്ക് പുനർവിന്യസിക്കുന്നതുവരെ ക്യാന്റീൻ പ്രവർത്തനം തുടരാൻ അനുവാദം നൽകണമെന്നാവശ്യപ്പെട്ട് കോഫീ ബോർഡ് അധികൃതർ പ്രിൻസിപ്പലിന് കത്ത് നൽകിയിരുന്നു. തുടർന്ന് മൂന്നുതവണയായി 11 മാസം സമയം നീട്ടിനൽകുകയും, പുതുക്കിയ കരാറിന്റെ കാലാവധി  30ന് പൂർത്തിയാവുകയും ചെയ്തിട്ടുണ്ടെന്നും കത്തിൽ എംപി വ്യക്തമാക്കി.


deshabhimani section

Related News

View More
0 comments
Sort by

Home