എലിപ്പനി: പരിശോധനയ്‌ക്ക് വിപുലമായ സംവിധാനം

തൃശൂർ
എലിപ്പനി പരിശോധിക്കാൻ ആരോഗ്യവകുപ്പ് ജില്ലയിൽ വിപുലമായ സംവിധാനമൊരുക്കി. തൃശൂർ ഗവ. മെഡിക്കൽ കോളേജ്, ഡിഎംഒ ഓഫീസ്, തൃശൂർ ജനറൽ ആശുപത്രി, ഇരിങ്ങാലക്കുട ജനറൽ ആശുപത്രി, കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിഎന്നിവിടങ്ങളിലാണ് എലിപ്പനി പരിശോധനയ‌്ക്ക് സംവിധാനമുള്ളത്.
ഇതിൽ മെഡിക്കൽ കോളേജിലും ഡിഎംഒ ഓഫീസിലും രക്തത്തിലെ എലിസ ടെസ്റ്റാണ് നടത്തുന്നത്.ഫലം കിട്ടാൻ രണ്ടോ മൂന്നോ ദിവസമെടുക്കാം. കോർപറേഷൻ ജനറൽ ആശുപത്രിയിലും മറ്റും 'കാർഡ് ടെസ്റ്റ' (ലെഫ്റ്റോ റാപിഡ് കാർഡ് ടെസ്റ്റ്) ആണ് നടത്തുന്നത്. ഇതിന്റെ ഫലം അര മണിക്കൂറിനുള്ളിൽ കിട്ടും.
കാർഡ് ടെസ്റ്റിന് സ്വകാര്യ ലാബുകളിൽ 500 രൂപ ഈടാക്കുമ്പോൾ തൃശൂർ ജനറൽ ആശുപത്രിയിലും മറ്റും ബിപിഎൽ കാർഡുകാർക്ക് 100 രൂപയും എപിഎൽ കാർഡുകാർക്ക് 150 രൂപയുമാണ് ചാർജ്.
24 മണിക്കൂറും ആശുപത്രികളിലെ ലാബുകൾ പ്രവർത്തിക്കും. കാർഡ് ടെസ്റ്റിൽ എലിപ്പനിയാണെന്ന് വ്യക്തമായാലും ഒരിക്കൽ കൂടി സ്ഥിരീകരിക്കാൻ എലിസ ടെസ്റ്റ് നടത്തും.
എലിപ്പനി പ്രതിരോധത്തിന് സൗജന്യമായി നൽകാൻ സർക്കാർ ആശുപത്രികളിൽ ആവശ്യത്തിന് ഗുളിക ലഭ്യമാക്കിയിട്ടുണ്ട്. 'ഡോക്സിസൈക്ലിൻ' ഗുളിക 100 മില്ലിഗ്രാമിന്റെ രണ്ടെണ്ണമാണ് ആഴ്ചയിൽ കഴിക്കേണ്ടത്. ഇത്തരത്തിൽ ആറ് ആഴ്ച കഴിക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ അറിയിപ്പ്.









0 comments