ad
Deshabhimani

സേവനാനുഭവം: മനസ്സില്‍ പതിഞ്ഞ ഡയറിക്കുറിപ്പ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 30, 2018, 07:51 PM | 0 min read

തിരുവനന്തപുരം 

പ്രളയദുരിത പ്രദേശങ്ങളിലെ സേവനാനുഭവം ഡോ. സന്തോഷ് കുമാറിന് മനസ്സിൽ പതിഞ്ഞ ഒരു ഡയറിക്കുറിപ്പാണ്. ദുരിതബാധിത മേഖലകളിൽ ചികിത്സയും പരിചരണവും നൽകാൻ നിയോ​ഗിക്കപ്പെട്ട ഡോക്ടർമാരിൽ ഒരാളാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡെപ്യൂട്ടി സൂപ്രണ്ടായ ഡോ. സന്തോഷ് കുമാർ. തൃശൂർ ജില്ലയിലെ തന്റെ ആറുദിവസത്തെ സേവനം ഡോക്ടേഴ്സ് വിത്ത‌്ഔട്ട് ബോർഡേഴ്സിന്റെ പ്രതിനിധിയായി പല വിദേശരാജ്യങ്ങളിലും പ്രവർത്തിച്ചതിൽനിന്ന‌് ഏറെ വ്യത്യസ്ത അനുഭവം നൽകിയെന്ന് അദ്ദേഹം പറയുന്നു.  അന്നമനട, പുളിങ്കുടി പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങിയപ്പോൾ കുന്നിൻമുകളിൽ അഭയം കണ്ടെത്തിയ നാട്ടുകാർക്ക് രക്ഷാദൗത്യവുമായി ആദ്യം പോയത് ഡോ. സന്തോഷ് കുമാർ ഉൾപ്പെടുന്ന മെഡിക്കൽസംഘമാണ്. കുന്നിൻമുകളിലെ പള്ളിയിലും സ്കൂളിലും പഞ്ചായത്ത് ഓഫീസിലും രക്ഷാദൗത്യവുമായി ബോട്ടിലെത്തി. അവിടെ തണുത്ത് വിറങ്ങലിച്ചും ആഹാരമില്ലാതെയും  കണ്ട അഭയാർഥികൾ പലരും  അവശരായിരുന്നു. കുന്നുകയറി വന്നവഴി തിരിഞ്ഞുനോക്കിയപ്പോൾ കണ്ട കാഴ്ച ഭീകരമായിരുന്നു. ചുറ്റും വെള്ളം നിറഞ്ഞ് ഒറ്റപ്പെട്ട ദ്വീപിന്റെ അവസ്ഥ. ക്യാമ്പിൽ ഉടൻ ആശുപത്രിയിലെത്തിക്കേണ്ട നിലയിൽ  പൂർണ ഗർഭിണിയായ യുവതി. ആദ്യമായി അവർക്കുമുന്നിലെത്തിയ മെഡിക്കൽ സംഘമാണ്. ഒട്ടും വൈകിയില്ല. അവരെ വാഹനത്തിൽ കയറ്റി താഴെയെത്തിച്ചു. സംഘം വന്ന റബർബോട്ടിൽ കിടത്തി ഒരു കയർമരത്തിൽ കെട്ടി മറ്റേയറ്റം മറ്റുള്ളവരുടെ സഹായത്തോടെ മറുകരയിലും ബന്ധിപ്പിച്ച് യുവതിയെ അക്കരെയെത്തിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചശേഷമാണ് ശ്വാസം നേരെവീണത്. ഹൃദയമിടിപ്പിന്റെ വേഗത്തിൽ ചെയ‌്തുതീർത്ത കാര്യങ്ങൾ ഡോക്ടർ ഒാർത്തെടുത്തു. താൻ പ്രതിനിധാനം ചെയ്യുന്ന ഡോക്ടേഴ്സ് വിത്ത് ഔട്ട് ബോർഡേഴ്സിന്റെ സൗത്ത് ഏഷ്യാ പ്രസിഡന്റായ അദ്ദേഹം പ്രകൃതിദുരന്തം വിതച്ച ഫിലിപ്പീൻസ‌്, വിയത‌്നാം എന്നീ വിദേശരാജ്യങ്ങളിലും ഉത്തരാഞ്ചൽ, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിലും പ്രകൃതിദുരന്തത്തിനിരയായവരെ ചികിത്സിക്കാൻ നിയോ​ഗിക്കപ്പെട്ടിട്ടുണ്ട്. സ്വന്തം നാട്ടിൽ ഇങ്ങനെയൊരു ദുരന്തം ഉണ്ടാകുമെന്നും അതിലും താൻ രക്ഷാപ്രവർത്തനത്തിന് നിയോ​ഗിക്കപ്പെടുമെന്നും ഒരിക്കലും വിചാരിച്ചില്ലെന്ന് അദ്ദേഹം പറയുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിലെയും ആരോ​ഗ്യവകുപ്പിലെയും ഡോക്ടർമാരും ജീവനക്കാരും ദൗത്യസംഘത്തിലുണ്ടായിരുന്നു. എൺപതോളം ചെറുസംഘങ്ങളായി തിരിച്ച് വിവിധ ഇടങ്ങളിൽ ചികിത്സയ്ക്ക് നിയോ​ഗിക്കുകയായിരുന്നു. ഒരു സംഘത്തിൽ ഒരു ഡോക്ടർ, ഒരു നേഴ്സ്, ഒരു ഫാർമസിസ്റ്റ് എന്നിവരും ഒരു പെട്ടി മരുന്നുമാണുള്ളത്. ഒരു റൂട്ടിൽ ഇത്തരത്തിലുള്ള ആറുസംഘങ്ങൾവരെ നിയോ​ഗിച്ചു. കെഎസ്ആർടിസി ബസും വെള്ളം കയറിയ പ്രദേശങ്ങളിൽ ടോറസ് വണ്ടികളുമാണ് ഉപയോ​ഗിച്ചിരുന്നത്. ചെറുതും വലുതുമായ ദുരിതാശ്വാസകേന്ദ്രങ്ങളിൽ ഓരോസംഘത്തെ ഇറക്കും. വൈകിട്ട‌് തിരികെ വിളിച്ചുകൊണ്ടുപോകും. സാമൂഹ്യസുരക്ഷാമിഷനിലെ ഡോ. അഷീലും സംഘത്തിലുണ്ടായിരുന്നു. തൃശൂർ ജില്ലാ കലക്ടർ ടി വി അനുപമ, ബിജു പ്രഭാകർ, ഡിഎംഒ ഡോ. ബിന്ദു എന്നിവർ വേണ്ട സഹായസഹകരണങ്ങൾ നൽകി. ദിവസവും മൂവായിരത്തോളം രോ​ഗികളെ ചികിത്സിച്ചു. പലർക്കും ജലദോഷം, പനി, ത്വക് രോ​ഗങ്ങൾ എന്നിവയാണുണ്ടായിരുന്നത്. വീടും സ്വത്തും നഷ്ടപ്പെട്ടതിൽ മാനസികസമ്മർദം നേരിടുന്നവർക്ക് ചികിത്സ നൽകുന്നതിനായി ഡോക്ടേഴ്സ് വിത്ത് ഔട്ട് ബോർഡേഴ്സിന്റെ പ്രവർത്തകർ വയനാട്ടിലും മറ്റും സേവനരം​ഗത്തുണ്ടെന്ന് ഡോ. സന്തോഷ് കുമാർ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home