അംഗപരിമിതർക്ക് അപകടഘട്ടങ്ങളിൽ പരിരക്ഷ

തിരുവനന്തപുരം > അംഗപരിമിതർക്ക് അടിയന്തരസാഹചര്യങ്ങളിൽ ഇനി സർക്കാർസഹായം. ‘പരിരക്ഷ’ എന്ന പേരിൽ നടപ്പാക്കുന്ന പദ്ധതിപ്രകാരം അപകടമോ അടിയന്തരസാഹചര്യമോ നേരിടുന്നതിന‌് സാമ്പത്തികസഹായം ലഭിക്കും. സാമൂഹ്യനീതിവകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്. ജീവനോ സ്വത്തിനോ അപകടമുണ്ടാകുന്ന സാഹചര്യത്തിൽ അടിയന്തരസഹായം നൽകും. പ്രഥമശുശ്രൂഷ, അടിയന്തരശസ്ത്രക്രിയ, ആംബുലൻസ് സേവനം, ഭക്ഷണം, വസ്ത്രം എന്നിവയ‌്ക്ക് പദ്ധതിയിലൂടെ സഹായം ലഭിക്കും. പ്രകൃതിദുരന്തം, അഗ്നിബാധ എന്നീ സാഹചര്യങ്ങളിലും പരിരക്ഷയുണ്ടാകും. ഉപേക്ഷിച്ചനിലയിൽ കണ്ടെത്തുന്ന അംഗപരിമിതരെയും അലഞ്ഞുതിരിഞ്ഞു കാണപ്പെടുന്ന അംഗപരിമിതരെയും പുനരധിവാസകേന്ദ്രങ്ങളിൽ എത്തിക്കുന്നതിനും സഹായം ലഭിക്കും. കലക്ടർ അധ്യക്ഷയായും ജില്ലാ സാമൂഹ്യനീതി ഓഫീസർ കൺവീനറായുമുള്ള മോണിറ്ററിങ് കമ്മിറ്റിയാണ‌് പ്രവർത്തിക്കുന്നത്. 25,000 രൂപവരെയുള്ള സഹായം സാമൂഹ്യനീതി ഓഫീസർക്ക് നൽകാം. 40 ശതമാനത്തിനുമുകളിൽ വൈകല്യമുള്ളവർക്കാണ് ആനുകൂല്യം . ജില്ലാ മോണിറ്ററിങ് കമ്മിറ്റിയുടെ ആദ്യയോഗം കലക്ടറേറ്റിൽ ചേർന്നു. മെഡിക്കൽ സർട്ടിഫിക്കറ്റിന് പണം ഈടാക്കുന്നതായുള്ള പരാതികൾ സംഘടനാപ്രതിനിധികൾ ഉന്നയിച്ചു. ഇക്കാര്യം പരിശോധിക്കുന്നതിന‌് മെഡിക്കൽ ഓഫീസറെ ചുമതലപ്പെടുത്തി.









0 comments