വിഴിഞ്ഞം തുറമുഖം റോഡ് നിർമാണം പുരോഗമിക്കുന്നു

കോവളം
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്കുള്ള റോഡുനിർമാണം പുരോഗമിക്കുന്നു. തുറമുഖത്തെ പ്രധാന കവാടത്തിൽനിന്ന് മുല്ലൂർ കലുങ്കുനടവരെയുള്ള റോഡ് നിർമാണം പൂർത്തിയായി. ഇവിടെ കുളത്തിനു മുകളിലുൾപ്പെടെ പാലങ്ങളുടെ പണി പൂർത്തിയായെങ്കിലും രണ്ടു വർഷത്തോളം റോഡുപണി നിലച്ചിരുന്നു. മുംബൈ ആസ്ഥാനമായുള്ള കമ്പനിയാണ് പുതിയ കരാർ ഏറ്റെടുത്തത്. അഞ്ചുമാസം കൊണ്ട് പൂർത്തിയാക്കാനാണ് കരാർ. ഇപ്പോൾ കലുങ്കുനട മുതൽ തലക്കോട് ഭാഗം വരെയുള്ള നിർമാണമാണ് നടക്കുന്നത്. ചതുപ്പ് പ്രദേശമെന്ന നിലയിൽ വെള്ളക്കെട്ട് ഒഴിവാക്കാൻ ജിയോ സെൽ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് നിർമാണം. ഇതിനുമുകളിൽ ഇന്റർലോക് നിരത്തിയാണ് റോഡ് നിർമാണം. ഈ റോഡ് ബൈപാസ് റോഡിലെ സർവീസ് റോഡിനോട് ചേരും. ചരക്കുനീക്കത്തിന്റെ ഭാഗമായി റോഡ് ബൈപാസിൽ കൂട്ടി ചേർക്കുന്നതിനായി ക്ലോവർ ലീഫ് മാതൃകയിൽ പ്രൊപ്പോസൽ സമർപ്പിച്ചിട്ടുണ്ടെങ്കിലും അന്തിമാനുമതി ലഭിച്ചിട്ടില്ല. ഇതിന് കാലതാമസമെടുക്കുമെന്നതിനാൽ താൽക്കാലികമായി സർവീസ് റോഡു വഴി ചരക്കുനീക്കം നടത്താനുള്ള സാധ്യതയും നോക്കുന്നുണ്ട്.








0 comments