പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിന് 
ആർസിസിയുടെ ആദരം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 07, 2024, 11:51 PM | 0 min read

മംഗലപുരം
അർബുദ പ്രതിരോധരംഗത്ത് മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തിവരുന്ന തദ്ദേശസ്ഥാപനമായ പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിനെ ആർസിസി ആദരിച്ചു. ആർസിസി കോൺഫറൻസ്‌ ഹാളിൽ നടന്ന ചടങ്ങ് ആർസിസി അഡീഷണൽ ഡയറക്ടർ ഡോ. എ സജീദ് ഉദ്ഘാടനം ചെയ്തു. മെഡിക്കൽ സൂപ്രണ്ട് ഡോ. എ എൽ ലിജീഷ് അധ്യക്ഷനായി. ആർസിസിയുമായി സഹകരിച്ച് പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത്‌ ഫസ്റ്റ് ചെക്ക് എന്ന പേരിൽ 2022 മുതൽ മുടങ്ങാതെ നടത്തിവരുന്ന അർബുദ നിർണയ ക്യാമ്പ്‌ ഇതിനകം ശ്രദ്ധേയമാണ്‌. ബ്ലോക്ക് പഞ്ചായത്തിലെ 13 ഡിവിഷനിലെ സ്‌ത്രീകൾക്കാണ്‌ പ്രയോജനം. 
സ്‌ത്രീകളിലെ ഗർഭാശയം, സ്‌തനം, തൊണ്ട എന്നിവയെ ബാധിക്കുന്ന അർബുദമാണ്‌ ക്യാമ്പുകളിലൂടെ നിർണയം നടത്തുന്നത്‌. വിശദപരിശോധന ആവശ്യമാണെന്നു കാണുന്നവർക്ക് ആർസിസിയിൽ സൗകര്യമൊരുക്കും. ഈ പദ്ധതി പ്രകാരം അവിടെ വരുന്ന വിവിധ ടെസ്റ്റുകളുടെ ചെലവ് വഹിക്കുന്നത്‌ ബ്ലോക്ക് പഞ്ചായത്താണ്‌. ഇതുവരെ നടന്ന 33 ക്യാമ്പിലായി നാലായിരത്തോളം സ്‌ത്രീകളാണ് പങ്കെടുത്തത്. ഇവരിൽനിന്ന് ബ്ലോക്കിന്റെ സാമ്പത്തിക പിന്തുണയോടെ 499 പേർ ആർസിസിയിൽ തുടർപരിശോധനയ്ക്ക് വിധേയരാകുകയും അതിൽ 15 പേർക്ക് അർബുദം കണ്ടെത്തി ആർസിസിയിൽ ചികിത്സയിലുമാണ്. 
ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് ടി ആർ ഹരിപ്രസാദ്, ഡോ. എം സി കലാവതി, ബ്ലോക്ക്‌ വൈസ് പ്രസിഡന്റ് കെ എസ് അനീജ, ഡോ. ലിജി തോമസ്, ആർ അനിൽ കുമാർ, വീണ ബാബു, ഡോ. എം ടി സുഗീത്, ഡോ. റോണ ജോസഫ്, ഡോ. ആർ ജയകൃഷ്ണൻ എന്നിവർ പങ്കെടുത്തു. 


deshabhimani section

Related News

View More
0 comments
Sort by

Home