കോര്‍പറേഷനിൽ ഇനി 
101 വാര്‍ഡുകള്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 28, 2024, 01:28 AM | 0 min read

തിരുവനന്തപുരം
തദ്ദേശസ്ഥാപനങ്ങളുടെ വാർഡ് പുനർവിഭജന റിപ്പോർട്ട് കോർപറേഷൻ സെക്രട്ടറി എസ് ജഹാം​ഗീര്‍ തെരഞ്ഞെടുപ്പ് കമീഷൻ വെബ്സൈറ്റിൽ സമർപ്പിച്ചു. വാർഡുകളിലെ ജനസംഖ്യ, വീടുകളുടെ എണ്ണം, അതിർത്തി തുടങ്ങിയ വിവരങ്ങളുടെ സർട്ടിഫിക്കേഷൻ നടപടികള്‍ പൂർത്തീകരിച്ചുവരികയാണ്. തിങ്കളാഴ്ചക്കകം വിവരങ്ങൾ പൂർണമായും വെബ്സൈറ്റില്‍ ഉണ്ടാകും. ശരാശരി 4100ലധികം വീടുകൾ ഒരു വാർ‌ഡിൽ വരുന്ന രീതിയിലാണ് അതിർത്തി നിശ്ചയിച്ചത്. ഇതുപ്രകാരം 100 വാർഡുള്ള തിരുവനന്തപുരം കോർപറേഷനിൽ 101 വാർഡ് വരും. വാർ‌ഡ് വിഭജനം പൂർത്തിയാകുമ്പോള്‍ നിലവിലെ എട്ട് വാർഡുകൾ മറ്റ് വാർഡുകളിൽ ലയിക്കും. കൂടാതെ ഒമ്പത് വാർഡുകൾ പുതുതായി രൂപീകരിക്കപ്പെടും. വീടുകളുടെ എണ്ണത്തിൽ കൂടുതലുള്ള കഴക്കൂട്ടം മേഖലയിലെ വാർഡുകൾ അതിർത്തി നിർണയത്തിൽ പുതുതായി കൂട്ടിച്ചേർക്കപ്പെട്ടിട്ടുണ്ട്. ബീമാപ്പള്ളി, ബീമാപ്പള്ളി ഈസ്റ്റ് എന്നീ വാർഡുകളെ ഒന്നാക്കുകയും ചെയ്തു. 
വാർഡ് വിഭജന കമീഷൻ നിർദേശങ്ങൾ പ്രകാരം ശാസ്ത്രീയമായ രീതിയിലാണ് അതിർത്തി നിർണയം നടന്നത്. പുതുതായി നിർണയിച്ച അതിർത്തികളുടെ മാപ്പിങ് നടപടികൾ ക്യൂ ഫീൽഡ് ആപ്പിലൂടെ ‍ഡിജിറ്റൈസ് ചെയ്യും. കോർപറേഷന്റെ സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കലക്ടർ കരട്‌ വാർഡ് വിഭജന നിർദേശങ്ങൾ നവംബർ അഞ്ചിനകം ഡീലിമിറ്റേഷൻ കമീഷന് സമർപ്പിക്കും. കരട് റിപ്പോർട്ട് പൊതുജനങ്ങൾക്കുവേണ്ടി പ്രസിദ്ധീകരിച്ച് ആക്ഷേപങ്ങളുണ്ടെങ്കിൽ അന്വേഷണം നടത്തി പരിഹരിക്കും. ഇതിന്റെയടിസ്ഥാനത്തിൽ കരട്‌ റിപ്പോർട്ട്‌ നവംബർ 16ന്‌ പുറത്തിറക്കും.


deshabhimani section

Related News

View More
0 comments
Sort by

Home