ഹരിതമാകാൻ 
അയൽക്കൂട്ടങ്ങളും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 03, 2024, 12:30 AM | 0 min read

പത്തനംതിട്ട
മാലിന്യമുക്ത നവകേരളം 2.0 പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ അയൽക്കൂട്ടങ്ങളും ഇനി ഹരിതാഭമാകുന്നു. പദ്ധതിയുടെ രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായാണ്‌ അയൽക്കൂട്ടങ്ങളെ ഹരിത അയൽക്കൂട്ടങ്ങളാക്കുന്നത്‌. ഹരിതവൽക്കരിക്കുന്നതിന്റെ വിപുലമായ  പ്രവർത്തനം ജില്ലയിലാരംഭിച്ചു. 
ഗാന്ധിജയന്തി ദിനത്തിലാരംഭിച്ച് 2025 മാർച്ച് 30 അന്താരാഷ്ട്ര ശൂന്യമാലിന്യ ദിനത്തിൽ സമ്പൂർണ ശുചിത്വ കേരള പ്രഖ്യാപനം എന്ന ലക്ഷ്യത്തിന്റെ ഭാഗമാണ്‌ ഹരിത അയൽക്കൂട്ടങ്ങൾ. 2500ഓളം അയൽക്കൂട്ടങ്ങളെയാണ്‌ ആദ്യഘട്ടത്തിൽ ഹരിതമായി പ്രഖ്യാപിക്കുക. 
ക്യാമ്പയിന്റെ ഭാ​ഗമായി കുടുംബശ്രീ മുഖേന സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന്  അയൽക്കൂട്ടതലം മുതൽ സിഡിഎസ് തലം വരെ വിവിധ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു. മാലിന്യ സംസ്‌കരണ സംവിധാനങ്ങളെപ്പറ്റി അയൽക്കൂട്ട അംഗങ്ങളിൽ അവബോധം സൃഷ്ടിക്കും.
 കൃത്യമായ മാലിന്യ സംസ്‌കരണ രീതി ഉറപ്പാക്കാൻ കുടുംബശ്രീ എന്നിടം സെന്ററുകൾ മുഖേന ശുചിത്വ കൺവൻഷനുകൾ, ഓരോ വാർഡിലും ശുചിത്വ സദസ്സുകൾ എന്നിവ നടത്തും. ശുചിത്വത്തെ അടിസ്ഥാനമാക്കി അയൽക്കൂട്ടങ്ങൾ, എഡിഎസ്‌, സിഡിഎസ്‌, കുടുംബശ്രീ സംവിധാനത്തിൻ കീഴിൽ വരുന്ന സ്ഥാപനങ്ങൾ എന്നിവ ഗ്രേഡ് ചെയ്ത് ഹരിതമാക്കും. ഗ്രേഡിങ്ങിൽ 60 ശതമാനത്തിലധികം നേടുന്ന അയൽക്കൂട്ടങ്ങളെ ഹരിത അയൽക്കൂട്ടങ്ങളായി പ്രഖ്യാപിച്ച് സാക്ഷ്യപത്രം നൽകും.
 60ൽ താഴെയെത്തുന്ന അയൽക്കൂട്ടങ്ങളെ പ്രത്യേക പരിശോധനയ്ക്ക്‌ വിധേയമാക്കും. ആദ്യഘട്ട ഹരിത അയൽക്കൂട്ട പ്രഖ്യാപനം നവംബർ ഒന്നിന്‌ നടത്താനാണ്‌ ലക്ഷ്യം. പ്രത്യേക സർവേയും ഇതിന്റെ ഭാഗമായി നടക്കും. അംഗങ്ങളുടെ വീടുകളിൽ ശരിയായ രീതിയിൽ മാലിന്യസംസ്‌കരണം, സമീപ പ്രദേശത്തെ വീടുകളിൽ ഖര, ദ്രവ്യ മാലിന്യ സംവിധാനം ഉറപ്പാക്കാൻ അയൽക്കൂട്ടം ഏറ്റെടുത്ത പ്രവർത്തനങ്ങൾ, അയൽക്കൂട്ടത്തിന്റെ നേതൃത്വത്തിൽ നിരോധിത ഉൽപ്പന്ന ഉപയോഗം തടയാൻ നടത്തിയ പ്രവർത്തനങ്ങൾ, അയൽക്കൂട്ടം നേരിട്ട്‌ നടത്തുന്ന പ്രവർത്തനങ്ങളിലെ ഗ്രീൻ പ്രോട്ടോക്കോൾ പാലനം തുടങ്ങി നിരവധി കാര്യങ്ങൾ പരിഗണിച്ചാണ്‌ ഗ്രേഡ്‌ നൽകുക.


deshabhimani section

Related News

0 comments
Sort by

Home