ad
Deshabhimani

നെല്ലിയാമ്പതി ഗതാഗത പുനഃസ്ഥാപനം ദ്രുതഗതിയിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 20, 2018, 05:43 PM | 0 min read

കൊല്ലങ്കോട്   
നെല്ലിയാമ്പതി ചുരം റോഡിലെ ഗതാഗത തടസ്സം നീക്കാനുള്ള പ്രവർത്തനം ത്വരിതഗതിയിൽ. കുണ്ടറൻചോലയിൽ ഉരുൾപൊട്ടലിനെത്തുടർന്ന് റോഡിൽ കിടക്കുന്ന വലിയ ഉരുളൻപാറ പൊട്ടിച്ചുമാറ്റിയിട്ടുണ്ട‌്. സമീപത്ത് അടിഞ്ഞുകൂടിയ മണ്ണും കല്ലും മരങ്ങളും നീക്കം ചെയ്തു തുടങ്ങി. 
കാലാവസ്ഥ അനുകൂലമായാൽ തകർന്ന പാലത്തിന് സമാന്തരമായി പൈപ്പുകൾ സ്ഥാപിച്ച് ഗർത്തം നികത്തി വ്യാഴാഴ‌്ചയ‌്ക്കകം താൽക്കാലിക ഗതാഗത സൗകര്യം ഒരുക്കാൻ സാധിച്ചേക്കും. ദ്രുത കർമ സേനയുടെ നേതൃത്വത്തിൽ കൈകാട്ടിയിൽനിന്ന‌് കുണ്ടറൻചോലവരെ പരിമിതമായി ഗതാഗതയോഗ്യമാക്കിയാണ‌് അഗ്നിശമന സേനയുടെയും പൊലീസിന്റെയും സഹായത്തോടെ കുണ്ടറൻചോലയിലെത്തിക്കുന്ന ഭക്ഷ്യസാധനങ്ങൾ തലച്ചുമടായി മറുകര എത്തിച്ചത‌്.
 തോട്ടം തൊഴിലാളികളും നാട്ടുകാരും സന്നദ്ധ സംഘടനാ പ്രവർത്തകരും നെല്ലിയാമ്പതിയിലെ ദുരിതാശ്വാസ പ്രവർത്തനത്തിൽ പങ്കെടുക്കുന്നുണ്ട‌്. പി കെ ബിജു എംപി, കെ ബാബു എംഎൽഎ എന്നിവർ തിങ്കളാഴ്ചയും കുണ്ടറൻ ചോലയിലെത്തി പ്രവർത്തന പുരോഗതി വിലയിരുത്തി. കുണ്ടറൻചോലയിൽ ശക്തമായ വെള്ളച്ചാട്ടവും മണ്ണിടിച്ചിലും നിർമാണ പ്രവൃത്തിയുടെ വേഗത അൽപ്പം കുറയ‌്ക്കുന്നുണ്ട‌്. നിലവില്‍ റവന്യൂ, പൊലീസ്, പിഡബ്ല്യുഡി, ഫയര്‍ഫോഴ്‌സ് വകുപ്പുകളുടെ നേതൃത്വത്തിൽ വേഗത്തിൽ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമം നടക്കുകയാണ്. പാറകള്‍ പൊട്ടിച്ചും മരങ്ങള്‍ മാറ്റിയുമാണ് ഗതാഗത തടസ്സം മാറ്റുന്നത്.
ആലത്തൂർ
കാലവർഷക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവർക്ക് ആശ്വാസമേകാൻ പി കെ ബിജു എംപി എത്തി. രണ്ടു ദിവസങ്ങളിലായി ആലത്തൂർ മണ്ഡലത്തിലെ വിവിധ ക്യാമ്പുകൾ എംപി സന്ദർശിച്ചു. 
അയിലൂർ പഞ്ചായത്തിലെ കയറാടി, പൊയങ്കോട്, കാന്തളം, നെന്മാറ പഞ്ചായത്തിലെ നെന്മാറ ഗേൾസ് സ്കൂൾ, വടക്കഞ്ചേരി പഞ്ചായത്തിലെ ടൗൺ മദ്രസ, കുറവത്ത് കോളനി, പട്ടഞ്ചേരി ഹൈസ്കൂൾ, വടവന്നൂർ ആലമ്പള്ളം എൽപി സ്കൂൾ, പല്ലശന പികെഎംഎൽപി സ്കൂൾ എന്നിവിടങ്ങളിലും എംപി സന്ദർശനം നടത്തി. നെന്മാറ ഉരുൾപൊട്ടലിൽ മരണമടഞ്ഞവരുടെ വീടുകളിലും എംപി സന്ദർശിച്ചു. 
നെന്മാറ കോളേജിൽനിന്നും നെല്ലിയാമ്പതിയിലേക്ക് ഭക്ഷണ സാധനങ്ങളും മരുന്നും ഹെലികോപ്ടർ വഴി കൊണ്ടുപോകാനും എംപി നേതൃത്വം നൽകി.


deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home