വ്യാജവോട്ടിൽ നടപടി വേണം: എ കെ ബാലൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 18, 2024, 11:46 PM | 0 min read

പാലക്കാട്‌
ബിജെപിയും യുഡിഎഫും ഉദ്യോഗസ്ഥരെ സ്വാധീനിച്ച്‌ ചേർത്തിയ വ്യാജവോട്ടിനെതിരെ തെരഞ്ഞെടുപ്പ്‌ കമീഷൻ നടപടി സ്വീകരിക്കണമെന്ന്‌ സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം എ കെ ബാലൻ. എൽഡിഎഫ്‌ കലക്ടറേറ്റ്‌ മാർച്ച്‌ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം പ്രസിദ്ധീകരിച്ച പട്ടികയിൽ കൂട്ടിച്ചേർക്കലുകൾ വരുത്തിയിട്ടുണ്ടെങ്കിൽ കരടുപട്ടിക പ്രസിദ്ധീകരിക്കണം. എന്നാൽ കരട്‌ പ്രസിദ്ധീകരിച്ചില്ലെന്ന്‌ മാത്രമല്ല, തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചശേഷമാണ്‌ പട്ടിക പുറത്തിറങ്ങിയത്‌. ഒരുഭാഗത്ത്‌ കൃത്രിമ വോട്ടർമാരെ ഉണ്ടാക്കുക, മറ്റൊരുഭാഗത്ത്‌ കള്ളപ്പണം ഉപയോഗപ്പെടുത്തി വോട്ടർമാരെ സ്വാധീനിക്കുക, വേറൊരു ഭാഗത്ത്‌ സമ്മതിദാനാവകാശത്തെ വ്യാജമദ്യമൊഴുക്കി സ്വാധിനിക്കുക. ഈ മൂന്നുതരത്തിലുള്ള വൃത്തികെട്ട പ്രവർത്തനമാണ്‌ ബിജെപിയും യുഡിഎഫും നടത്തുന്നത്‌. ഇതുസംബന്ധിച്ച്‌  മൂന്നുതവണ കലക്ടർക്ക്‌ പരാതി കൊടുത്തു. പരാതിയിൽ ആവശ്യമായ ഇടപെടലുണ്ടാകാത്ത സാഹചര്യത്തിലാണ്‌ പ്രതിഷേധം.  
ഡോ. പി സരിൻ ജയിക്കാൻ പോകുന്നുവെന്ന പ്രതീതി ആരംഭംമുതലുണ്ടായി. യുഡിഎഫ്‌, ബിജെപി നേതാക്കളും പ്രവർത്തകരും എൽഡിഎഫിനോട്‌ അടുക്കുന്ന സ്ഥിതിയുണ്ടായി. ഇതിനെ വഴിവിട്ട മാർഗമുപയോഗിച്ചാണ്‌ യുഡിഎഫ്‌ നേരിടുന്നത്‌. ഒരുഭാഗത്ത്‌ എസ്‌ഡിപിഐ മറുഭാഗത്ത്‌ ജമാഅത്തെ ഇസ്ലാമി, വേറൊരു ഭാഗത്ത്‌ ആർഎസ്‌എസ്‌ എന്നതാണ്‌ സ്ഥിതി. മുസ്ലിം സമുദായത്തിനെതിരെ വർഗീയത തുപ്പുന്ന സന്ദീപ്‌ വാര്യർ ആർഎസ്‌എസുമായുള്ള ബന്ധം വേർപെടുത്താതെ കോൺഗ്രസിലെത്തി. മതവിദ്വേഷം ഉണ്ടാക്കുന്ന വിഷലിപ്‌ത പരാമർശങ്ങളും കള്ളത്തരവുമൊക്കെ മതന്യൂനപക്ഷത്തിൽപ്പെട്ട സാധാരണ പ്രവർത്തകൾ തിരിച്ചറിയും–- എ കെ ബാലൻ പറഞ്ഞു.

 



deshabhimani section

Related News

View More
0 comments
Sort by

Home