ആർഎസ‌്എസും ബിജെപിയും ലക്ഷ്യമിട്ടത‌് കമ്യൂണിസ‌്റ്റ‌് –- ന്യൂനപക്ഷ വിരുദ്ധകലാപം: പി ജയരാജൻ

തലശേരി
ശബരിമലയിൽ യുവതികൾ പ്രവേശിച്ചുവെന്നു പറഞ്ഞ‌് കേരളത്തിൽ കമ്യൂണിസ്റ്റ്–- ന്യൂനപക്ഷവിരുദ്ധ കലാപത്തിനാണ് ആർഎസ്എസ്സും ബിജെപിയും ശ്രമിച്ചതെന്ന് സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സിപിഐ എം പ്രവർത്തകരുടെയും നേതാക്കളുടെയും വീടുകൾ ആക്രമിച്ചതും കലാപമുണ്ടാക്കുന്നതിനാണ്. ഉന്നതതല ആസൂത്രണം ഇതിനുപിന്നിലുണ്ട്.
ശബരിമലയിൽ രണ്ട‌് യുവതികൾ ദർശനം നടത്തിയത് ഒന്നിന് അർധരാത്രിയോടെയാണ്. അന്നു രാത്രിയിലും പിറ്റേന്ന് പുലർച്ചെയും ശബരിമലയിലോ പുറത്തോ ഒരു പ്രശ്നവുമുണ്ടായില്ല. വാർത്ത പ്രചരിച്ചശേഷം ഉച്ചയോടെയാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അക്രമം ആരംഭിച്ചത്. സർക്കാരാണ‌് യുവതികളെ കയറ്റിയതെന്ന‌് പ്രചരിപ്പിച്ച‌് ആർഎസ്എസ് കൃത്യമായി ആസൂത്രണംചെയ്ത് നടപ്പാക്കിയതാണിത്.
ക്ഷേത്രങ്ങളിൽ പ്രായഭേദമെന്യേ സ‌്ത്രീകളെ പ്രവേശിപ്പിക്കണമെന്ന‌് 2016 മാർച്ചിൽ നടന്ന ആർഎസ‌്എസ‌് അഖിലേന്ത്യാ പ്രതിനിധി സമ്മേളനം ആഹ്വാനംചെയ‌്തതാണ‌്. ശബരിമലയ‌്ക്കും ഇതു ബാധകമാണെന്നും വ്യക്തമാക്കിയിരുന്നു. ശബരിമല സ‌്ത്രീപ്രവേശം സംബന്ധിച്ച സുപ്രീംകോടതി വിധി വന്നപ്പോൾ ആർഎസ‌്എസ‌് അതിനെ സ്വാഗതംചെയ‌്തതുമാണ‌്. തങ്ങൾ അശുദ്ധകളാണെന്നു സ്വയം പ്രഖ്യാപിച്ച‌് കുറച്ചു സ‌്ത്രീകൾ വിധിക്കെതിരെ രംഗത്തുവന്നപ്പോഴാണ‌് ആർഎസ‌്എസ്സും ബിജെപിയും രാഷ‌്ട്രീയനേട്ടം മുന്നിൽകണ്ട‌് കരണംമറിഞ്ഞത‌്.
യഥാർഥത്തിൽ ആചാര സംരക്ഷണമല്ല, കേരളത്തിൽ കലാപം സൃഷ്ടിക്കാനാണ‌് ഇവരുടെ സമരമെന്ന‌് സിപിഐ എം നേരത്തേ വ്യക്തമാക്കിയതാണ‌്. ഈ വിലയിരുത്തൽ നൂറുശതമാനവും ശരിവയ‌്ക്കുന്നതാണ‌് രണ്ടുമൂന്നു ദിവസമായി സംസ്ഥാനത്തങ്ങോളമിങ്ങോളം നടത്തുന്ന അക്രമങ്ങളും കലാപവും. കോഴിക്കോട് മിഠായിത്തെരുവിൽ കടയടപ്പിക്കാനെത്തിയ ആർഎസ്എസ് –- ബിജെപി അക്രമികൾ നടത്തിയ ആക്രോശം അവരുടെ യഥാർഥ ലക്ഷ്യം വ്യക്തമാക്കുന്നുണ്ട്. ഒരൊറ്റ മുസ്ലിമിനെയും ഇവിടെ ജീവിക്കാൻ അനുവദിക്കില്ലെന്നും ഒരൊറ്റ മുസ്ലിം പള്ളിയും ഇവിടെ വേണ്ടെന്നുമാണ് അവർ ആക്രോശിച്ചത്. ആചാര സംരക്ഷണവും ഈ ആക്രോശവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ. പൊതുസമൂഹം ഇത‌് തിരിച്ചറിയണമെന്നും പി ജയരാജൻ പറഞ്ഞു.









0 comments