വീട് പുനര്‍നിര്‍മാണം: 6594 കുടുംബങ്ങള്‍ക്ക് ആദ്യഗഡു നല്‍കി; അപേക്ഷകരെ സഹായിക്കാന്‍ ബ്ലോക്ക് - നഗരസഭാ തലത്തില്‍ സഹായകേന്ദ്രങ്ങള്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jan 05, 2019, 08:13 AM | 0 min read

തിരുവനന്തപുരം > 2018 ലെ പ്രളയത്തില്‍ തകര്‍ന്ന വീടുകള്‍ക്കുള്ള ധനസഹായ വിതരണത്തിന്റെ പുരോഗതി സംസ്ഥാന ദുരിതാശ്വാസ കമ്മീഷണര്‍ വിലയിരുത്തി. തകര്‍ന്ന വീടുകളെ ആറു വിഭാഗങ്ങളായി തിരിച്ചാണ് ധനസഹായം ലഭ്യമാക്കുന്നത്. സ്വന്തം ഭൂമിയില്‍ വീട് നിര്‍മാണം ആരംഭിക്കാന്‍ ഇതിനകം 7,457 കുടുംബങ്ങള്‍ അപേക്ഷിച്ചിട്ടുണ്ട്. ഇവരില്‍ 6,594 പേര്‍ക്ക് ആദ്യഗഡു നല്‍കി. മലയോരമേഖലയില്‍ 95,100 രൂപയും സമതലപ്രദേശത്ത് 1,01,900 രൂപയുമാണ് ആദ്യഗഡുവായി നല്‍കുന്നത്. നാലു ലക്ഷം രൂപയില്‍ ബാക്കിയുളള തുക രണ്ടു ഗഡുക്കളായി നല്‍കും.

സ്വന്തം ഭൂമിയില്‍ വീട് നിര്‍മാണം ആരംഭിക്കാന്‍ അപേക്ഷിച്ച അര്‍ഹരായവര്‍ക്കെല്ലാം അടുത്തയാഴ്ചയോടെ ആദ്യഗഡു നല്‍കും. ഭാഗികമായി തകര്‍ന്ന 2,43,690 വീടുകളില്‍ 57,067 പേര്‍ക്ക് തുക ലഭ്യമാക്കി. വീട് പുനര്‍നിര്‍മാണത്തിന് അപേക്ഷകരെ സഹായിക്കാന്‍ 'സുരക്ഷിത കൂടൊരുക്കും കേരളം' എന്ന പേരില്‍ ബ്ലോക്കുതലത്തിലും നഗരസഭാ തലത്തിലും 81 സഹായകേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

വീടുകള്‍ തകര്‍ന്ന പുറമ്പോക്കിലെ കുടുംബങ്ങളെ പുനരധിവസിപ്പിക്കുവാന്‍ വ്യക്തമായ രൂപരേഖ തയ്യാറാക്കാന്‍ കലക്ടര്‍മാര്‍ക്ക് ദുരിതാശ്വാസ കമ്മിഷണര്‍ പി എച്ച് കുര്യന്‍ നിര്‍ദേശം നല്‍കി.
 



deshabhimani section

Related News

View More
0 comments
Sort by

Home