അന്ത്യാഭിവാദ്യങ്ങള്‍ ഏറ്റുവാങ്ങി ബ്രിട്ടോ മടങ്ങി; മൃതദേഹം മെഡിക്കല്‍ കോളേജിന് കൈമാറി

കൊച്ചി > ആയിരങ്ങള്‍ ഏറ്റുവിളിച്ചു, 'ഇല്ലാ ഇല്ലാ മരിക്കുന്നില്ല, സഖാവ് ബ്രിട്ടോ മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ'. അന്ത്യാഭിവാദ്യങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ട് സൈമണ്‍ ബ്രിട്ടോ യാത്രയായി. വൈദ്യശാസ്ത്രത്തെ വെല്ലുവിളിച്ച നിശ്ചയദാര്‍ഢ്യത്തിന്റെയും കരളുറപ്പിന്റെയും പ്രതീകമായ സൈമണ്‍ ബ്രിട്ടോയുടെ ശരീരം എറണാകുളം ഗവ. മെഡിക്കല്‍ കോളേജിന് കൈമാറി ബ്രിട്ടോയുടെ ആഗ്രഹത്തിന്റെ അടിസ്ഥാനത്തിലാണിത്.
അവസാനമായി കാണാനെത്തുന്നവര്‍ റീത്തുമായി വരരുതെന്ന് അറിയിക്കണമെന്നും ബ്രിട്ടോ ഭാര്യ സീനയോട് പറഞ്ഞിരുന്നു. ബുധനാഴ്ച പകല്‍ മൂന്നിന് മെഡിക്കല്‍ കോളേജ് അധികൃതര്‍ മൃതദേഹം ഏറ്റുവാങ്ങി. ബ്രിട്ടോയുടെ മൃതദേഹം ചൊവ്വാഴ്ച രാത്രി എട്ടിന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍നിന്ന് സിപിഐ എം നേതാക്കളായ പി രാജീവ്, സി എന്‍ മോഹനന്‍, സി എം ദിനേശ്മണി, സി കെ മണിശങ്കര്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. രാത്രി പത്തിന് വടുതലയിലെ വീട്ടില്‍ എത്തിച്ചു. കൊല്‍ക്കത്തയിലായിരുന്ന ഭാര്യ സീനയും മകള്‍ കയീനിലയും പത്തരയോടെ എത്തി.
ബുധനാഴ്ച രാവിലെ ഏഴോടെ മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു. പത്തരയോടെ എറണാകുളം ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ചു. മൃതദേഹം കൈമാറിയശേഷം ടൗണ്‍ഹാളില്‍ അനുശോചന യോഗം ചേര്‍ന്നു.








0 comments