2018: എണ്ണക്കമ്പനികളുടെ കടുംവെട്ട‌് വർഷം

കൊച്ചി > കഴിഞ്ഞ പുതുവർഷത്തിൽ അന്താരാഷ്ട്ര വിപണിയിൽ ഒരു ബാരൽ ക്രൂഡോയിലിന് 66.82 ഡോളറായിരുന്നു വില. അന്ന് കേരളത്തിൽ ഒരു ലിറ്റർ ഡീസലിന‌് 64.27 രൂപയും. പെട്രോളിന‌് 72.68 രൂപയും. ഈ പുതുവർഷത്തിൽ ക്രൂഡിന്റെ വില 48 ഡോളറായി താണു. പക്ഷേ, ഡീസലിന്റെ വില 66.36 രൂപയും (കൊച്ചിയിൽ) പെട്രോളിന‌് 70.76 രൂപയുമാണ‌്.
കഴിഞ്ഞ ജനുവരിയിൽ 66 ഡോളറായിരുന്ന ക്രൂഡ‌് വില വർധിച്ച് ഒക്ടോബർ പകുതിയോടെ 86 ഡോളറിലെത്തി. ഈസമയത്ത‌് ഡീസൽവില 64ൽനിന്ന് 80 രൂപയായി. എന്നാൽ, കഴിഞ്ഞ രണ്ടരമാസംകൊണ്ട‌് ക്രൂഡിന്റെ വില വീണ്ടും കാര്യമായി ഇടിഞ്ഞു. ക്രൂഡിന്റെ വില ബാരലിന‌് 20 ഡോളർ കൂടിയപ്പോൾ ഡീസൽവില ലിറ്ററിന‌് 16 രൂപയാണ‌് കൂട്ടിയത‌്. എന്നാൽ, ക്രൂഡിന്റെ വില 38 ഡോളർ കുറഞ്ഞപ്പോൾ ഡീസലിന‌് കുറച്ചതാകട്ടെ 13.64 രൂപമാത്രവും. ഇതിനിടയിൽ കേന്ദ്രം നികുതിയിനത്തിൽ ഒന്നരരൂപയും എണ്ണക്കമ്പനി ലാഭവിഹിതത്തിൽ ഒരു രൂപയും കുറവ് വരുത്തിയിരുന്നു.
വില കൂട്ടിയ മാനദണ്ഡമനുസരിച്ച് വില കുറച്ചിരുന്നുവെങ്കിൽ പുതുവർഷത്തിൽ ഡീസൽവില 28 രൂപ കുറഞ്ഞ‌് 52 രൂപയാകുമായിരുന്നു. കേന്ദ്രവും എണ്ണക്കമ്പനികളും കുറച്ച രണ്ടരരൂപയുംകൂടി കൂട്ടിയാൽ 49.50 രൂപയ‌്ക്ക‌് ഡീസൽ ലഭിക്കുമായിരുന്നു. അതായത‌് ഒരു ലിറ്റർ ഡീസലിൽനിന്നുമാത്രം 16 രൂപയാണ‌് എണ്ണക്കമ്പനികൾ ഉപയോക്താക്കളിൽനിന്ന‌് ഈടാക്കുന്നത‌്. പെട്രോളിൽനിന്ന‌് ചുരുങ്ങിയത‌് 13 രൂപയും കൂടുതൽ ഈടാക്കുന്നു. കേരളത്തിൽമാത്രം ഒരു ദിവസം 60 ലക്ഷം ലിറ്റർ ഡീസലും 35 ലക്ഷം ലിറ്റർ പെട്രോളും വിൽക്കുന്നുണ്ട‌്. ഈ കണക്കനുസരിച്ച‌് ഒരുദിവസം 14 കോടിയോളം രൂപയാണ‌് എണ്ണക്കമ്പനികൾ കേരളത്തിൽനിന്ന‌് കൊള്ളയടിക്കുന്നത‌്.
ഇതിനുപുറമെയാണ‌് കേന്ദ്ര സർക്കാരിന്റെ കൊള്ളയടി. ഡീസലിന്റെ എക്സൈസ് നികുതി നേരത്തെ 3.46 രൂപയായിരുന്നു. ഇത‌് 12 പ്രാവശ്യം വർധിപ്പിച്ച് 17.33 രൂപയാക്കി. പിന്നീട് വടക്കേ ഇന്ത്യയിൽ വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ‌് ലക്ഷ്യമാക്കി രണ്ടു പ്രാവശ്യങ്ങളിലായി 3.50 രൂപ കുറച്ചു. ഇപ്പോഴും 13 .83 രൂപയാണ് ഒരു ലിറ്റർ ഡീസലിന് കേന്ദ്രം നികുതിയായി ഈടാക്കുന്നത്.
ഡീസലിന്റെയും പെട്രോളിന്റെയും വില ഏകീകരിക്കാനുള്ള നീക്കവും ഇതിനിടെ നടത്തി. കഴിഞ്ഞ ജനുവരി ഒന്നിന‌് ഇവയുടെ വിലവ്യത്യാസം 8.41 രൂപയായിരുന്നത‌് ഇപ്പോൾ വെറും 4.28 രൂപമാത്രമാണ‌്.









0 comments