മൊബൈൽ യുപിഐ ആപ്ലിക്കേഷൻ ഉപയോഗിച്ചുള്ള തട്ടിപ്പ‌് വ്യാപകം, ജാഗ്രതാ നിർദേശവുമായി പൊലീസ‌്

തിരുവനന്തപുരം
മൊബൈൽ യുപിഐ (യൂണിഫൈഡ‌് പേയ‌്മെന്റ‌് ഇന്റർഫെയ‌്സ‌്)ആപ്ലിക്കേഷൻ ഉപയോഗിച്ചുള്ള തട്ടിപ്പ‌് വ്യാപകമാകുന്നു. കഴിഞ്ഞ ദിവസങ്ങളിലായി പന്ത്രണ്ടോളം തട്ടിപ്പുകളാണ‌് കേരളത്തിൽ പൊലീസ‌് സൈബർഡോം വിഭാഗം കണ്ടെത്തിയത‌്. ഇത്തരം തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന‌് ഐജി മനോജ‌് എബ്രഹാം അറിയിച്ചു.
യുപിഐ ഉപയോഗിച്ചുള്ള മൊബൈൽ ആപ്പുകൾ ഡൗൺലോഡ‌് ചെയ്യുന്ന സമയത്ത‌്തന്നെ ഉപഭോക്താവിന്റെ മൊബൈൽ ഫോണിലേക്ക‌് ഒരു സന്ദേശം വരും. ഈ സന്ദേശം മറ്റൊരാൾക്ക‌് അയക്കാനും നിർദേശം നൽകും. സന്ദേശം ലഭിക്കുന്ന ആൾ അവ മറ്റൊരാൾക്ക‌് അയക്കുന്നതോടെ അയക്കുന്ന ആളുടെ മൊബൈൽ നമ്പരുമായി ലിങ്ക‌് ചെയ‌്ത ബാങ്ക‌് അക്കൗണ്ട‌് വിവരങ്ങൾ ചോർത്തപ്പെടും. തുടർന്ന‌് ഡബിറ്റ‌് കാർഡ‌് വിവരങ്ങളും മൊബൈലിൽ ലഭിക്കുന്ന ഒടിപി നമ്പരും തട്ടിപ്പുകാർ ചോദിച്ചറിയും. അതോടെ അക്കൗണ്ടിന്റെ പൂർണ നിയന്ത്രണം തട്ടിപ്പുകാരന‌് ലഭിക്കും.
ഇതുവഴി ഉഭോക്താവിന്റെ അക്കൗണ്ടിലെ മുഴുവൻ നിക്ഷേപവും തട്ടിപ്പുകാരുടെ അക്കൗണ്ടിലേക്ക‌് മാറ്റപ്പെടും. ഒരുലക്ഷം രൂപവരെ ഓരോ തവണയും പിൻവലിക്കാനാകും. കബളിപ്പിക്കപ്പെട്ടതായി തിരിച്ചറിഞ്ഞ‌് എടിഎം ബ്ലോക്ക‌് ചെയ‌്താലും പണം നഷ‌്ടപ്പെടുന്നത‌് തടയാനാകില്ല. അക്കൗണ്ട‌്തന്നെ ബ്ലോക്ക‌് ചെയ്യുകയോ പിൻ നമ്പർ മാറ്റുകയോ ചെയ്യുകയാണ‌് ഏക പരിഹാര മാർഗമെന്ന‌് ഐജി മനോജ‌് എബ്രഹാം പറഞ്ഞു.









0 comments