സംഘപരിവാറിനെതിരെ രംഗത്തുവരുന്നത് ഭക്തർ തന്നെയായിരിക്കും: കോടിയേരി

പന്തളം
ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തിൽ കേരളത്തിൽ കലാപത്തിനൊരുങ്ങുന്ന സംഘപരിവാറുകൾക്കെതിരെ രംഗത്തുവരാൻ പോകുന്നത് ഭക്തന്മാർ തന്നെയായിരിക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. പട്ടികജാതി ക്ഷേമസമിതി സംസ്ഥാനകമ്മിറ്റി നേതത്വത്തിൽ "മനുസ്മൃതിയിലേക്ക് മടക്കമില്ല' എന്ന പ്രഖ്യാപനത്തോടുകൂടി സംഘടിപ്പിച്ച നവോത്ഥാന സദസ്സ് പന്തളത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു കോടിയേരി.
ശബരിമലയിൽ പോകുന്നവരെയെല്ലാം സർക്കാരിനെതിരെയുള്ള സമരത്തിൽ കിട്ടുമെന്ന് ആർഎസ്എസ്കാർ കരുതേണ്ട. ചിലർ ചോദിക്കുന്നുണ്ട് വിശ്വാസികൾ എതിരാകില്ലേയെന്ന്. എത്ര വോട്ട് കിട്ടും എത്ര സീറ്റു കിട്ടും എന്ന് നോക്കി നിലപാട് സ്വീകരിക്കുന്ന പാർടിയല്ല സിപിഐ എം. നിലപാടെടുത്താൽ വോട്ട് പോകും എന്നു കരുതി അഭിപ്രായം പ്രകടിപ്പിക്കാതെ മാളത്തിൽ പോയിരിക്കുന്ന പ്രസ്ഥാനമല്ല ഇടതുപക്ഷ ജനാധിപത്യ മുന്നണി.
ഷബാനു ബീഗം കേസിലും പിന്നോക്ക സംവരണ കേസിലും സുപ്രീംകോടതി വിധികളിൽ സിപിഐ എം എടുത്ത നിലപാടുകൾ വ്യക്തമാണ്. ആ കാലഘട്ടങ്ങളിൽ നടന്ന തെരഞ്ഞെടുപ്പുകളിൽ എൽഡിഎഫ് വൻ വിജയം നേടി. അതുപോലെ ഇപ്പോൾ എൽഡിഎഫ് എടുത്ത നിലപാടിൽ കൂടിയായിരിക്കും സ്ത്രീകൾ വോട്ട് ചെയ്യാൻ പോകുന്നത്. വരുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് ഇരുപതിൽ ഇരുപത് സീറ്റും നേടാൻ സാധിക്കുന്ന രാഷ്ട്രീയ സാഹചര്യത്തിലേക്കാണ് കേരളം നീങ്ങിക്കെണ്ടിരിക്കുന്നത്.
ക്ഷേത്ര പ്രവേശന വിളംബരം കേരളത്തിൽ നടന്ന ഏറ്റവും വലിയ സാമൂഹ്യപരിഷ്കരണമായിരുന്നു. അതിൽ ഒരുപടി കൂടി മുന്നിൽ നിൽക്കുന്ന നടപടിയാണ് ദേവസ്വം ബോർഡിന്റെ ക്ഷേത്രങ്ങളിൽ പിന്നോക്ക, പട്ടിക ജാതിയിൽപ്പെട്ടവരെ പൂജാരിമാരാക്കാൻ എടുത്ത തീരുമാനം.
ആർഎസ്എസ് ശബരിമലയെ ഹിന്ദുത്വ ക്ഷേത്രമാക്കി അവരുടെ നേതൃത്വത്തിൽ കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. അതിനായി ഈ നാട്ടിൽ തകർന്നടിഞ്ഞ ജാതി മേധാവിത്വവും ബ്രാഹ്മണമേധാവിത്വവും സ്ഥാപിക്കാനുള്ള ശ്രമമാണ്. മനുസ്മൃതി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ക്ഷേത്രങ്ങളിൽ നിന്ന് പിന്നോക്കകാരെ ഒഴിവാക്കുന്നത്. അതിന് ശബരിമലയെ ഉപയോഗിക്കാൻ കഴിയുമോയെന്നാണ് നോക്കുന്നത്.
കേരളത്തിൽ ഉണ്ടായിട്ടുള്ള മാറ്റങ്ങൾക്കൊന്നും ഒരു സഹായവും ചെയ്യാത്ത സംഘപരിവാറുകൾ അവയെല്ലാം പരാജയപ്പെടുത്താൻ സ്ത്രീകളെ ഇറക്കിയിട്ടുണ്ട്. അതു തന്നെയാണ് ശബരിമലയിൽ നടക്കുന്നത്. ശബരിമല ക്ഷേത്രം കമ്യൂണിസ്റ്റുകാർ നശിപ്പിക്കുമെന്നാണ് അവർ പറയുന്നത്. എന്നാൽ, കമ്യൂണിസ്റ്റുകാർ തകർത്ത ഏതെങ്കിലുമൊരു ക്ഷേത്രത്തെപ്പറ്റി പറയാൻ ശ്രീധരൻപിള്ളയ്ക്ക് കഴിയുമോ.
പട്ടികജാതി ക്ഷേമസമിതി ഈ പോരാട്ടത്തിൽ മുന്നിൽ വരണം. അയ്യാങ്കാളി തുടങ്ങിവച്ച പോരാട്ടം പികെഎസ് ഏറ്റെടുക്കണം. ജനങ്ങളെ അണിനിരത്തി സാമൂഹ്യമാറ്റത്തിൽ ഇടപെടണം. മനുസ്മൃതി നടപ്പാക്കാനുള്ള ശ്രമം കേരളത്തിൽ നടപ്പാകില്ലെന്ന് പ്രഖ്യാപിക്കേണ്ടത് പട്ടികജാതി, വർഗ സമൂഹമാണ്.
കല്ലുമാല വലിച്ചെറിഞ്ഞ് പോരാട്ടങ്ങൾക്ക് നേൃത്വം നൽകിയതുപോലെ കേരളത്തിലെ പട്ടികജാതി, വർഗ, പിന്നോക്ക സമുദായങ്ങളിലെ സ്ത്രീകളും മറ്റു സമുദായങ്ങളിലെ പാവപ്പെട്ട സ്ത്രീകളും സമരരംഗത്തിറങ്ങണമെന്നും കോടിയേരി പറഞ്ഞു. പികെഎസ് സംസ്ഥാന പ്രസിഡന്റ് എസ് അജയകുമാർ അധ്യക്ഷനായി.










0 comments