പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ മരുന്നില്ല

മംഗലപുരം പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം

സ്വന്തം ലേഖകൻ
Published on Sep 27, 2026, 02:05 AM | 1 min read
മംഗലപുരം
പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ മരുന്ന് കിട്ടാനില്ലാതായതോടെ വലഞ്ഞ് രോഗികൾ. ജീവിതശൈലി രോഗങ്ങളായ ഷുഗറിനും കൊളസ്ട്രോളിനും മാത്രമല്ല ഗുരതര രോഗങ്ങൾക്കുമുള്ള മരുന്ന് കിട്ടാനില്ല. മിക്കയിടത്തും പനി മരുന്നുകൾ മാത്രമാണുള്ളത്. ചുമയുള്ളവർക്കുള്ള സിറപ്പുകൾപോലും സ്വകാര്യ മെഡിക്കൽ ഷോപ്പുകളിൽനിന്ന് വാങ്ങണം. പോത്തൻകോട് പഞ്ചായത്തിലെ വേങ്ങോട് പ്രാഥമികാരോഗ്യ കേന്ദ്രം, അണ്ടൂർക്കോണം പഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രം, കഠിനംകുളം പഞ്ചായത്ത് പുതുക്കുറിച്ചി പ്രാഥമികാരോഗ്യ കേന്ദ്രം, മംഗലപുരം പഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രം, പുത്തൻതോപ്പ് സാമൂഹികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലും മരുന്ന് ക്ഷാമം രൂക്ഷമാണ്. അധികവില നൽകി സ്വകാര്യ മെഡിക്കൽ ഷോപ്പുകളെ ആശ്രയിക്കേണ്ട ഗതികേടിലാണ് ജനം. പൊതുജനാരോഗ്യരംഗം കഴിഞ്ഞ പത്തുവർഷം മികവാർന്ന രീതിയിലായിരുന്നു പ്രവർത്തിച്ചത്. പുതിയ സർക്കാർ പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ തഴഞ്ഞു. കുടുംബാരോഗ്യ കേന്ദ്രങ്ങളിലെ മരുന്ന് ക്ഷാമം സാധാരണക്കാരെയാണ് ഏറെ ബാധിച്ചത്. സൗജന്യ ചികിത്സയും മരുന്നും പ്രതീക്ഷിച്ച് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെത്തുന്നവർ വെറുംകൈയോടെ മടങ്ങേണ്ട അവസ്ഥയാണ്. ജീവിതശൈലി രോഗങ്ങളായ പ്രമേഹം, രക്തസമ്മർദം, ഹൃദ്‌രോഗങ്ങൾ എന്നിവയ്ക്ക് സ്ഥിരമായി മരുന്ന് കഴിക്കേണ്ട മുതിർന്ന പൗരന്മാരെയാണ് ക്ഷാമം കൂടുതൽ ബാധിച്ചത്. മെഡിക്കൽ സർവീസസ് കോർപറേഷൻ വഴിയുള്ള മരുന്നിന്റെ ലഭ്യത കുറഞ്ഞതാണ് പ്രതിസന്ധിക്കു കാരണമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. മരുന്നുവിതരണ കമ്പനികൾക്ക് കുടിശ്ശിക നൽകാത്തതും മറ്റൊരു കാരണമായി അവർ പറഞ്ഞു. തദ്ദേശസ്ഥാപനങ്ങൾക്ക് മരുന്ന് വാങ്ങാൻ ഫണ്ട് ഉണ്ടെങ്കിലും അതിന്റെ ലഭ്യത നിലച്ചു.








0 comments