മധുവിധു തീരുംമുമ്പേ ഓർമകൾ ബാക്കിയാക്കി ബിബിൻ മടങ്ങി

കിളിമാനൂർ
വിവാഹത്തിന്റെ ആഘോഷങ്ങളും ചിരികളും അടങ്ങുംമുമ്പേയാണ് അപകടത്തിന്റെ രൂപത്തിലെത്തിയ വിധി ബിബിൻ ബാബുവിന്റെ ജീവൻ കവർന്നത്. കഴിഞ്ഞമാസം 30നായിരുന്നു ചെവളക്കോണം വിളയിൽ വീട്ടിൽ ബിബിൻ ബാബുവിന്റെയും വിതുര സ്വദേശിനി സുറുമിയുടെയും വിവാഹം. നവദമ്പതികൾ ജീവിച്ചുതുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. മധുവിധുകാലം അവസാനിക്കുംമുമ്പ് ഭര്‍ത്താവിനെ നഷ്ടമായ സുറുമിയെ എങ്ങനെ സമാധാനിപ്പിക്കണമെന്ന് അറിയാതെ വീര്‍പ്പുമുട്ടുകയാണ് ബന്ധുക്കള്‍. വിവാഹത്തിനായി നാട്ടിലെത്തിയതായിരുന്നു ബിബിൻ. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ആശംസകൾ ഏറ്റുവാങ്ങി പുതിയ ജീവിതത്തിലേക്ക് കടന്നതിന്റെ സന്തോഷം മാഞ്ഞിരുന്നില്ല. ജോലി സ്ഥലത്തേക്ക് മടങ്ങാനുള്ള ഒരുക്കങ്ങൾക്കിടെയാണ് സംസ്ഥാനപാതയിൽ മരണം ബിബിനെ കവർന്നെടുത്തത്. ഉറ്റ സുഹൃത്തുക്കൾക്കൊപ്പം ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുന്നതിനിടെയായിരുന്നു അപകടം. നിയന്ത്രണം വിട്ട ഓട്ടോ ടൂറിസ്റ്റ് ബസിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ മരിച്ച സുഹൃത്ത് ശ്രീജിത്തിന്റേതായിരുന്നു ഓട്ടോ. അടുത്തിടെയാണ് ശ്രീജിത്ത് ഓട്ടോറിക്ഷ സ്വന്തമാക്കിയത്. അതിനുമുമ്പ് കിളിമാനൂരിലെ ഒരു ബാങ്കിൽ ദിവസവേതനക്കാരനായിരുന്നു. സ്വന്തം വാഹനം എന്ന സ്വപ്നം യാഥാർഥ്യമാക്കി അധികനാൾ പിന്നിടുംമുമ്പേയാണ് അപകടം ജീവനെടുത്തത്. ഇരുവരുടെയും മരണവാർത്തയറിഞ്ഞതോടെ ചെവളക്കോണം ഗ്രാമം സങ്കടത്തുരുത്തായി.









0 comments