അക്ഷയ്‌യുടെ കഥയറിയാൻ ബ്രസീലിയൻ സംഘമെത്തി

ബ്രസീലിന്റെ തോൽവിയിൽ തളർന്ന ആരാധകൻ അക്ഷയ്‌യെ സന്ദർശിച്ച് ബ്രസീലിയൻ യൂട്യൂബർമാർ കുടുംബത്തിനൊപ്പം സെൽഫിയെടുക്കുന്നു
എം എ നയനാർ
Published on Sep 27, 2026, 02:14 AM | 1 min read
കാക്കനാട്
ബ്രസീൽ ഫുട്ബോൾ ടീമിന്റെ തോൽവിയിൽ തളർന്ന് ജീവിതം തന്നെ മാറിപ്പോയ മലയാളി ആരാധകന്റെ കഥ കേട്ടറിഞ്ഞ് ബ്രസീലിൽനിന്നുള്ള പ്രമുഖ യൂട്യൂബർമാർ കാക്കനാട്ടെ വീട്ടിലെത്തി. തൃക്കാക്കര നിലംപതിഞ്ഞിമുകൾ കളപ്പുരക്കൽ പുരുഷോത്തമന്റെയും ജയയുടെയും മകനായ കെ പി അക്ഷയിനെ തേടിയാണ് ബ്രസീലിയൻ യൂട്യൂബർമാരായ തിയാഗോ ക്രിഗറും ഇൻവാൻ ഡോ അഗസ്റ്റോയും എത്തിയത്. ഡബ്ല്യുഎസ് പ്രൊഡ്യൂട്ടോറ എന്ന സമൂഹമാധ്യമ പ്ലാറ്റ്ഫോം വഴി അക്ഷയ്-യുടെ ജീവിതം ഇനി ബ്രസീലിലെത്തും.
2022 ഖത്തർ ലോകകപ്പ് ക്വാർട്ടറിൽ ക്രൊയേഷ്യയോട് ബ്രസീൽ അപ്രതീക്ഷിതമായി പരാജയപ്പെട്ടതോടെ കടുത്ത ബ്രസീൽ ആരാധകനായ അക്ഷയ് അമിത രക്തസമ്മർദത്തെ തുടർന്ന് കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് ശരീരത്തിന്റെ ചലനശേഷി നഷ്ടപ്പെട്ട് തുടർജീവിതം വീൽചെയറിലായി. കൊച്ചിയിൽ നടന്ന ബ്രസീൽ ലെജൻഡ്സിന്റെ മത്സരത്തിനെത്തിയപ്പോഴാണ് യൂട്യൂബർമാർ അക്ഷയ്-യുടെ കഥയറിയുന്നത്. തുടർന്ന് കാക്കനാട്ടെ വീട് അന്വേഷിച്ചെത്തുകയായിരുന്നു.
വീട്ടിലെത്തിയ ഇരുവരെയും അക്ഷയ്-യുടെ മാതാപിതാക്കൾ സ്വീകരിച്ചു. അക്ഷയ്-യുടെ ജീവിതത്തിലുണ്ടായ സംഭവങ്ങൾ പിതാവ് പുരുഷോത്തമൻ വിശദീകരിച്ചു. യൂട്യൂബർമാർ ഏറെ നേരം അക്ഷയ്‌യോടൊപ്പം ചെലവഴിച്ചു. അക്ഷയ്‌ക്കായി പ്രാർഥിക്കുകയും ആശംസ നേരുകയും ചെയ്തു. ഫുട്ബോൾ ആരാധനയുടെ അതിരുകൾക്കപ്പുറം മനുഷ്യസ്നേഹത്തിന്റെ കഥയാണ് അക്ഷയ്‌യുടേത്.









0 comments