ഇ ഡിയെ ഉപയോഗിച്ച് സിപിഐ എമ്മിനെ തകർക്കാനുള്ള നീക്കം ചെറുക്കും

സിപിഐ എം ആലപ്പുഴ വിപുലീകൃത ജില്ലാ കമ്മിറ്റിക്ക് തുടക്കംകുറിച്ച് മുതിർന്ന നേതാവ് ഡി ലക്ഷ്മണൻ പതാക ഉയർത്തുന്നു
വി എസ് അച്യുതാനന്ദൻ നഗർ (ആലപ്പുഴ ഫോമിൽസ് കൺവൻഷൻ സെന്റർ)
എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിനെ (ഇ ഡി) ഉപയോഗിച്ച് സിപിഐ എമ്മിനെയും അതിന്റെ നേതൃത്വത്തെയും തകർക്കാനുള്ള നീക്കത്തിനെതിരെ ശക്‌തമായി പ്രതിഷേധിക്കണമെന്ന് സിപിഐ എം വിപുലീകൃത ജില്ലാക്കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ഇ ഡിയെ ഉപയോഗിച്ച് എതിർപക്ഷത്തുള്ള നേതാക്കളെ കള്ളക്കേസുകളിൽ കുടുക്കി ജയിലിലടച്ച് രാഷ്ട്രീയ അധികാരം നേടിയെടുക്കാൻ ബിജെപിയും ആർഎസ്എസും നടത്തുന്ന ഹീനമായ നീക്കം തുടരുകയാണ്. കേരളത്തിൽ പിണറായി വിജയന്റെയും കുടുംബാംഗങ്ങളുടെയും പേരിൽ കള്ളക്കേസെടുത്ത് പീഡിപ്പിക്കാനാണ് ശ്രമം. ഇതിനെതിരെ വമ്പിച്ച ജനകീയ പ്രതിഷേധമുയരണം. -വിജിലൻസ് കോടതിമുതൽ സുപ്രീംകോടതിവരെ തെളിവുകളുടെ കണികപോലും ഇല്ലെന്ന് പറഞ്ഞ് തള്ളിയതാണ് സിഎംആർഎൽ –എക്സാലോജിക് സംബന്ധിച്ചുള്ള സേവനകരാർക്കേസ്. രാഷ്ട്രീയ നേതാക്കൾക്കും മാധ്യമസ്ഥാപനങ്ങൾക്കുമെല്ലാമായി സിഎംആർഎൽ നൽകിയതായി പറയപ്പെടുന്ന 182 കോടിയിൽ, നിയമപ്രകാരം നികുതിയടച്ച് നടത്തിയ കേവലം മൂന്നു കോടിയുടെ ഇടപാടു മാത്രം പ്രത്യേക അന്വേഷണം നടത്തി കൈക്കൂലിയാണെന്നും മറ്റും പറഞ്ഞ് മാധ്യമങ്ങൾക്ക് ചോർത്തിക്കൊടുക്കുന്നു. ഇത് ജനങ്ങൾക്ക് സിപിഐ എമ്മിലും പിണറായിയിലും ഉള്ള മതിപ്പും വിശ്വാസവും തകർക്കുകയെന്ന ഗൂഢലക്ഷ്യത്തോടെ നടത്തുന്ന പരിശ്രമങ്ങളാണ്. ഇതിനെതിരെ വമ്പിച്ച ബഹുജന പ്രക്ഷോഭം ഉയർത്തുമെന്ന് വിപുലീകൃത ജില്ലാകമ്മിറ്റി പ്രമേയത്തിൽ വിശദമാക്കി.








0 comments