ഹോട്ടലുകളില്‍ വിളമ്പുന്നത് നല്ല ഭക്ഷണമെന്ന് ഉറപ്പ് വരുത്തണം: മുഖ്യമന്ത്രി

തിരുവനന്തപുരം > മാലിന്യ സംസ്‌കരണത്തിന്റെ ഭാഗമായി ഹോട്ടലുകളില്‍ അടക്കം തദ്ദേശസ്ഥാപനങ്ങള്‍ കര്‍ശന പരിശോധന നടത്തേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തദ്ദേശസ്ഥാപന പരിധിയില്‍ ഒരു അറവുശാലയുണ്ടെങ്കില്‍ അതിന് മാലിന്യ സംസ്‌കരണത്തിന് സംവിധാനം ഉണ്ടായിരിക്കണം.
സദ്യ നടത്തുമ്പോള്‍ വരുന്ന മാലിന്യം സംസ്‌കരിക്കാന്‍ സംവിധാനമുണ്ടോയെന്ന് ചിന്തിക്കണം. ഹോട്ടലുകളിലെയും ആശുപത്രികളിലെയും മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ പരിശോധിക്കണം. തദ്ദേശസ്ഥാപനങ്ങള്‍ അത്തരം പരിശോധനകളുമായി ഗൗരവമായി മുന്നോട്ടു നീങ്ങണം. ഇതില്‍ ഒരു വിട്ടുവീഴ്ചയും പാടില്ല. ഹോട്ടലുകളില്‍ വൃത്തിയുള്ള ഭക്ഷണം ഉറപ്പാക്കണം. അവരോട് ഒരു വിരോധവുമില്ല. നാടിന് അവരെല്ലാം ആവശ്യമാണ്. എന്നാല്‍ നല്ലതല്ലാത്ത ഭക്ഷണം വിളമ്പുന്നത് തടയണം. ബന്ധപ്പെട്ട വകുപ്പുകളും ഇതെല്ലാം ഗൗരവത്തോടെ കാണണം. വഴിയില്‍ കിടക്കുന്ന മാലിന്യം നീക്കം ചെയ്യുന്നത് മാത്രമല്ല ശുചീകരണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ജലവിനിയോഗത്തിലും കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്. കുടിവെള്ളം പച്ചക്കറിത്തോട്ടത്തില്‍ ഉപയോഗിക്കുന്ന രീതി മാറണം. കുളിക്കുന്ന വെള്ളം തോട്ടത്തിലേക്ക് തിരിച്ചുവിട്ട് ഉപയോഗിക്കണം. ഇതിലും തദ്ദേശസ്ഥാപനങ്ങളുടെ ഇടപെടല്‍ അനിവാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.









0 comments