ശബരിമല: ഹൈക്കോടതി ഉത്തരവ‌് സർക്കാരിനുള്ള അംഗീകാരം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 23, 2018, 07:48 PM | 0 min read


തിരുവനന്തപുരം > ശബരിമലയിലെ സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളെ അംഗീകരിക്കുന്നതാണ് ഹൈക്കോടതി കഴിഞ്ഞദിവസം പുറപ്പെടുവിച്ച ഉത്തരവെന്ന്  മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. യഥാർഥ ഭക്തരെ കലാപകാരികളിൽനിന്ന് സംരക്ഷിക്കുന്ന നിലപാടാണ് ശബരിമലയിൽ പൊലീസ് സ്വീകരിച്ചതെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.  

യഥാർഥ ഭക്തർക്ക് തടസ്സം കൂടാതെ ദർശനം നടത്താൻ ഉദ്ദേശിച്ചുള്ളതാണ് നിരോധനാജ്ഞയെന്ന് ഉത്തരവ് വ്യക്തമാക്കുന്നുണ്ട്. സമാധാനപരമായ ദർശനം, ഭക്തരുടെ വാഹനങ്ങളുടെ സുഗമസഞ്ചാരം എന്നിവ നിരോധനാജ്ഞയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.  ശബരിമലയിൽ സമാധാനാന്തരീക്ഷം തകർക്കാനോ നശിപ്പിക്കാനോ ആരെങ്കിലും ശ്രമിച്ചാൽ അവരെ കണ്ടെത്താനും നടപടി സ്വീകരിക്കാനും പൊലീസിന് അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. അക്രമികളെ നേരിടുന്നതിന്  പൂർണ അധികാരം നൽകുന്നതാണ് വിധിയെന്ന് ഇതിലൂടെ വ്യക്തമാണ‌്.

യഥാർഥ ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് കോടതി നിർദേശിക്കുന്നുണ്ട‌്. എന്നാൽ, വാദത്തിനിടയിലെ ചോദ്യങ്ങളെ വിമർശമായി ചില മാധ്യമങ്ങൾ വ്യാഖ്യാനിക്കുകയായിരുന്നു. അവ കോടതി ഉത്തരവുകളിൽ ഉൾപ്പെട്ടിട്ടില്ല. ഒരു പൊലീസ് ഉദ്യോഗസ്ഥനെയും 14 പേജുള്ള ഉത്തരവിൽ വിമർശിക്കുന്നില്ല. എജിയും പൊലീസും പറഞ്ഞ കാര്യങ്ങൾ കോടതി വിശ്വാസത്തിൽ എടുത്തിട്ടുമുണ്ട്.

ശരണംവിളി തടഞ്ഞെന്നത‌് നുണപ്രചാരണം

സന്നിധാനത്ത് ശരണംവിളി തടഞ്ഞുവെന്നതും നുണപ്രചാരണമാണ‌്. നവംബർ 22ലെ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേട്ടിന്റെ ഉത്തരവിൽ ഇതെല്ലാം എടുത്തുപറയുന്നുണ്ട്. ഭക്തർക്ക് ഒറ്റയ്‌ക്കോ സംഘമായോ ദർശനത്തിന് എത്താനോ ശരണം വിളിക്കുന്നതിനോ ഈ ഉത്തരവ് പ്രകാരം ഒരു തടസ്സവുമില്ല.



deshabhimani section

Related News

View More
0 comments
Sort by

Home