പെഡഗോഗിക്കൽ സയൻസസിലെ കരാർ നിയമനം: ക്രമക്കേട‌് നടന്നിട്ടില്ല–- കണ്ണൂർ സർവകലാശാല

കണ്ണൂർ
കണ്ണൂർ സർവകലാശാലയിലെ പെഡഗോഗിക്കൽ സയൻസസ‌് പഠനവിഭാഗത്തിൽ താൽക്കാലിക അസിസ‌്റ്റന്റ‌് നിയമനവുമായി ബന്ധപ്പെട്ട‌് ക്രമക്കേട‌് നടന്നിട്ടില്ലെന്ന‌് സർവകലാശാല അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു. സാങ്കേതികവും നിയമപരവുമായ ചില കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ‌് നിയമനം കേരള ഹൈക്കോടതി റദ്ദ‌് ചെയ‌്തത‌്. 2005 മുതൽ സർവകലാശാല നിയമനങ്ങളിൽ പാലിക്കുന്ന സംവരണക്രമമാണ‌് ഇവിടെയും പാലിച്ചത‌്. 2015ൽ സയൻസസ‌് എഡ്യൂക്കേഷനിൽ പി എം ബിന്ദുവിന‌് ഓപ്പൺ മെറിറ്റിലാണ‌് നിയമനം നൽകിയത‌്. സർക്കാർ ഉത്തരവ‌് പ്രകാരം പരമാവധി മൂന്ന‌് വർഷത്തെ കരാർ കാലാവധി കഴിഞ്ഞ‌് 2018 ജൂൺ 14ന‌് വീണ്ടും നടത്തിയ ഇന്റർവ്യൂ പ്രകാരം അടുത്ത നിയമനം റിസർവേഷൻ കാറ്റഗറിയിൽനിന്നും നടത്തേണ്ടതായതിനാൽ ഡോ. സഹലയ‌്ക്ക‌് റിസർവേഷൻ ചട്ടം പാലിച്ചാണ‌് നിയമനം നൽകിയത‌്. ഒരു തവണ ഓപ്പൺ മെറിറ്റിൽ നിയമനം നൽകിയാൽ അടുത്ത നിയമനം റിസർവേഷൻ കാറ്റഗറിയിലാണ‌്. ഇപ്രകാരമാണ‌് മറ്റ‌് പഠനവകുപ്പുകളിലും നിയമനം. എന്നാൽ പെഡഗോഗിക്കൽ സയൻസസിൽ ഓരോ വിഷയത്തിനും ഓരോ തസ‌്തികയേയുള്ളൂ. അതിനാൽ അത‌് സിംഗിൾ പോസ‌്റ്റ‌് നിയമനമായി കണക്കാക്കി. സിംഗിൾ പോസ‌്റ്റിൽ നിയമനം നടത്തുമ്പോൾ റിസർവേഷൻ ചട്ടം പാലിക്കേണ്ടതില്ലെന്ന സുപ്രീംകോടതി വിധി പരിഗണിച്ചാണ‌് ഹൈക്കോടതി സർവകലാശാല നേരത്തെ നടത്തിയ നിയമനം റദ്ദാക്കിയത‌്. ഇതുമായി ബന്ധപ്പെട്ട‌് സർവകലാശാലക്കെതിരെ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ വസ‌്തുതാവിരുദ്ധമാണ്.








0 comments