സമ്മേളനവേദിയിൽ ട്രാൻസ‌്ജെൻഡറുകൾ... വഴിമാറുന്നത‌് ചരിത്രമാണ‌്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 12, 2018, 07:46 PM | 0 min read


കോഴിക്കോട‌്
 വീടിന്റെ പടിക്കുപുറത്തും  അവഗണനയുടെ ഇരുൾമൂലകളിലുമായിരുന്നു  ഇത്രയും കാലം ഇവരെ  കണ്ടിരുന്നത‌്. കാലം മാറിയപ്പോൾ  അവരുടെ സ്ഥാനവും മാറി. ട്രാൻസ‌്ജെൻഡറായ കാർത്തികയും ശ്യാമയും ശിഖയും നന്ദനയും കോഴിക്കോട്ടെ ഡിവൈഎഫ‌്ഐ സംസ്ഥാന സമ്മേളന വേദിയിൽ  ഇരിക്കുമ്പോൾ  വഴിമാറുന്നത‌്  ഇതുവരെയുള്ള ചരിത്രമാണ‌്. മറ്റു സംഘടനകൾ ഇവർക്കു മുന്നിൽ വാതിലുകൾ കൊട്ടിയടക്കുമ്പോൾ ഇവർ  മാറ്റി നിർത്തപ്പെടേണ്ടവരല്ലെന്ന‌് സമൂഹത്തോട‌് ഉറക്കെ വിളിച്ചുപറയുകയെന്ന ദൗത്യമാണ‌്  ഡിവൈഎഫ്‌ഐ ഏറ്റെടുത്തത‌്.   ഡിവൈഎഫ‌്ഐ സംസ്ഥാന സമ്മേളനത്തെ വേറിട്ടതാക്കുന്ന ഒരു ഘടകവും  ഇവരുടെ സാന്നിധ്യമാണ‌്.

  കാർത്തിക രണ്ട‌ുമാസംമുമ്പ‌് കാർത്തിക‌് ആയിരുന്നു. തന്റെ സ്വത്വം തിരിച്ചറിയുകയും  ശസ‌്ത്രക്രിയയിലൂടെ സ‌്ത്രീയായി മാറുകയും ചെയ‌്തതോടെ എസ‌് കാർത്തിക‌യായി. എതിർപ്പിന്റെ കുന്തമുനകളെയെല്ലാം അതിജീവിച്ചായിരുന്നു ഓരോ ചുവടും.  തിരുവനന്തപുരത്തുനിന്നുള്ള സമ്മേളന പ്രതിനിധിയായിട്ടാണ‌്  കാർത്തിക കോഴിക്കോട്ടെത്തിയത‌്.   എവിടെയും അവഗണിക്കപ്പെടുകയും  ജീവിതം വഴിമുട്ടുകയും ചെയ‌്തപ്പോൾ  ഡിവൈഎഫ‌്ഐ ആണ‌് ഇരുളിൽ വെളിച്ചവുമായി വന്നതെന്ന‌് കാർത്തിക പറയുന്നു.  കുന്നുകുഴി വാർഡിൽ കുടുംബശ്രീ യൂണിറ്റ‌് തുടങ്ങാൻ സഹായിച്ച  ഡിവൈഎഫ‌്ഐ നേതാവ‌് ഐ പി ബിനു ആണ‌് തങ്ങളെ പോലുള്ളവർക്ക‌് തുണയായതെന്നും കാർത്തിക വിശദീകരിച്ചു.  വോട്ടർപട്ടികയിൽ പേര‌് ചേർക്കാനും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക‌് കടന്നുവരാനും സംഘടന മാനസികമായ കരുത്തുപകർന്നു.  ആദ്യമായാണ‌് ഇത്തരമൊരു സംസ്ഥാനസമ്മേളനത്തിൽ പങ്കെടുക്കുന്നതെന്നും തങ്ങളുടെ ആവശ്യം സമ്മേളനത്തിൽ ഉന്നയിക്കുമെന്നും കാർത്തിക പറഞ്ഞു. ഉപജീവനത്തിനുള്ള ജോലിയാണ‌് ട്രാൻസ‌്ജെൻഡർമാർ നേരിടുന്ന പ്രധാന പ്രശ‌്നമെന്നും കാർത്തിക പറയുന്നു.

സാമൂഹ്യനീതി വകുപ്പിനുകീഴിലെ ട്രാൻസ‌്ജെൻഡേഴ‌്സ‌് സെല്ലിലെ സംസ്ഥാന കോ–- ഓർഡിനേറ്ററാണ‌് തിരുവനന്തപുരത്തുനിന്ന‌് പ്രതിനിധിയായെത്തിയ ശ്യാമ എസ‌് പ്രഭ. ഡിവൈഎഫ‌്ഐ ജില്ലാ കമ്മിറ്റിയംഗം കൂടിയാണ‌്.   മറ്റുള്ളവരെപോലെ ഞങ്ങൾക്കും  രാഷ‌്ട്രീയവും നിലപാടുകളും ഉണ്ട‌്. അത‌് ഉറക്കെ പറയാനുള്ള വേദിയായിട്ടാണ‌്  യുവജന സംഘടനയെയും പുരോഗമന പ്രസ്ഥാനങ്ങളെയും കാണുന്നതെന്ന‌് ശ്യാമ പറഞ്ഞു.  സമ്മേളനത്തിൽ ഞങ്ങളെപോലുള്ളവരെ  പ്രതിനിധിയാക്കിയതിലൂടെ മറ്റൊരു യുവജന സംഘടനയും കാണിക്കാത്ത  ധീരതയാണ‌് ഡിവൈഎഫ‌്ഐ  കാണിച്ചത‌്.  പൊതുവിഷയങ്ങൾക്കപ്പുറം ഞങ്ങളുടെതായ പ്രശ‌്നങ്ങൾ ചർച്ചചെയ്യാനും   പരിഹാരമാർഗം കാണാനും വേദിയൊരുങ്ങുന്നതിൽ സന്തോഷമുണ്ട‌്. സമൂഹത്തിൽനിന്ന‌ുമാത്രമല്ല വീട്ടിൽനിന്നുപോലും  അവഗണിക്കപ്പെട്ട‌് ഇരുട്ടിലേക്ക‌് തള്ളപ്പെടുമ്പോൾ  ഇത്തരം ധീരമായ നിലപാട‌് എക്കാലവും ഓർമിക്കപ്പെടും.

തൊഴിൽ, വിദ്യാഭ്യാസം, പുനരധിവാസം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിലെല്ലാം ട്രാൻസ‌്ജെൻഡർ നയം രൂപീകരിക്കേണ്ടതുണ്ടെന്നും ശ്യാമ പറയുന്നു. പുരുഷൻ, സ‌്ത്രീ എന്നിവയ‌്ക്കപ്പുറം മറ്റൊരു സ്വത്വത്തിനും ഇടമുള്ളതിനാൽ ജെൻഡർ വൈവിധ്യം പഠനവിഷയമാക്കണമെന്നും ഇവർ പറയുന്നു. തൃശൂരിൽനിന്നുള്ള നന്ദന പാറുവും പത്തനംതിട്ടയിൽനിന്നുള്ള ശിഖയും സമ്മേളന പ്രതിനിധികളായി വേദിയിലുണ്ട‌്.

ലോകത്ത‌് ആണും പെണ്ണും മാത്രമല്ല ഇതിനിടയിൽ  മറ്റൊരു സ്വത്വത്തിനും ഇടമുണ്ടെന്നും അവർക്ക‌് അവരുടേതായ അവകാശങ്ങളുണ്ടെന്നുമുള്ള   തിരിച്ചറിവിൽനിന്നാണ‌് ഇവരെ സമ്മേളന പ്രതിനിധികളാക്കിയതെന്ന‌് നേതാക്കൾ പറയുന്നു.  മറ്റുള്ളവരുടെ പ്രശ‌്നങ്ങൾ ചർച്ചചെയ്യുന്നതിനൊപ്പം ഇവരുടെ പ്രശ‌്നങ്ങളും സമൂഹം കേൾക്കാൻ ബാധ്യസ്ഥരാണ‌്.

 



deshabhimani section

Related News

View More
0 comments
Sort by

Home