കേരള പുനർനിർമാണം: അബുദാബി താരനിശ ഡിസംബർ ഏഴിന‌ു തന്നെ; നിർമാതാക്കളുടെ താരനിശ മാർച്ചിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 11, 2018, 03:45 PM | 0 min read

കൊച്ചി > പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണത്തിനായി ഫണ്ട‌് കണ്ടെത്താനുള്ള താരസംഘടനയുടെ താരനിശ ഡിസംബർ ഏഴിന‌് അബുദാബിയിൽ നടക്കും. ഇത‌് സംബന്ധിച്ച‌് എഎംഎംഎ ഭാരവാഹികളും നിർമാതാക്കളുടെ സംഘടനയും നടത്തിയ ചർച്ചയിലാണ‌് തീരുമാനമായത‌്. നേരത്തെ നിർമാതാക്കൾ നടത്താനിരുന്ന താരനിശ 2019 മാർച്ചിൽ നടത്താനും തീരുമാനമായി.

അബുദാബിയിൽ നടക്കുന്ന താരനിശയുടെ ഭാഗമായി നവംബർ 28 മുതൽ ഡിസംബർ 9 വരെ ചിത്രീകരണ പരിപാടികൾ നിർത്തിവയ‌്ക്കണമെന്നാവശ്യപ്പെട്ട‌് താര സംഘടന ഭാരവാഹികൾ പ്രൊഡക‌്ഷൻ എക‌്സിക്യൂട്ടിവുകൾക്ക‌് സന്ദേശമയച്ചിരുന്നു. തങ്ങളോട‌് കൂടിയാലോചിക്കാതെ ഏകപക്ഷീയമായി എഎംഎംഎ തീരുമാനമെടുത്തതിൽ ഫിലിം പ്രൊഡ്യൂസേഴ‌്സ‌് അസോസിയേഷൻ എതിർപ്പ‌് രേഖപ്പെടുത്തിയിരുന്നു. ഇതോടെ അബുദാബിയിലെ താരനിശ അനിശ‌്ചിതത്വത്തിലായി. കൂടാതെ നിർമാതാക്കളുടെ നേതൃത്വത്തിൽ താര നിശ നടത്താൻ മൂന്ന‌് വർഷമായി ആവശ്യപ്പെട്ടിരുന്നുവെങ്കിലും എഎംഎംഎ താൽപര്യം പ്രകടിപ്പിച്ചിരുന്നില്ല.

കൊച്ചിയിൽ ഞായറാഴ‌്ച എഎംഎംഎ പ്രസിഡന്റ‌് മോഹൻലാലിന്റെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിലാണ‌് ഇരു താരനിശകളും നടത്താൻ തീരുമാനിച്ചത‌്. ഇത‌് സംബന്ധിച്ചുള്ള കരാറിലും ഇരു സംഘടനകളും ഒപ്പുവച്ചു.

എഎംഎംഎ ഭാരവാഹികളായ ഇടവേള ബാബു, ജഗദീഷ‌് എന്നിവരും നിർമാതാക്കളുടെ സംഘടനയ‌്ക്ക‌് വേണ്ടി ജി സുരേഷ‌്കുമാർ, എം രഞ്ജിത‌്, മണിയൻപിള്ള രാജു, സിയാദ‌് കോക്കർ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Home