പതിനെട്ടാംപടി അടച്ചുള്ള സമരം തന്ത്രിസമൂഹം വിലക്കണം: ശങ്കരൻ നമ്പൂതിരി

പതിനെട്ടാംപടിയിൽ അയ്യപ്പന‌് പുറംതിരിഞ്ഞു നിൽക്കുകയും ഇറങ്ങുകയും ചെയ‌്ത വത്സൻ തില്ലങ്കേരിയുടെ പ്രവൃത്തി കടുത്ത ആചാരലംഘനവും ചരിത്രത്തിൽ ആദ്യവുമാണെന്ന‌് ശബരിമല മുൻമേൽശാന്തി കാരക്കാട്ടില്ലം സൂര്യഗായത്രം എസ‌് ഇ ശങ്കരൻ നമ്പൂതിരി. ആചാര ലംഘനത്തിൽ എന്ത‌് പരിഹാരക്രിയയാണ‌് വേണ്ടതെന്ന‌് മുതിർന്ന തന്ത്രിയുമായി ആലോചിച്ച‌് തന്ത്രിയാണ‌് തീരുമാനിക്കേണ്ടത‌്. സന്നിധാനം സമരവേദിയാക്കുന്നതിനോട‌് യോജിക്കുന്നില്ല. പതിനെട്ടാംപടി അടഞ്ഞുനിന്ന‌് സമരംചെയ്യുന്നത‌് തന്ത്രിസമൂഹം വിലക്കണം. ദേവസ്വം അനുമതിയോടെ ജീവനക്കാരും പ്രതിനിധിയും ഇരുമുടിക്കെട്ടില്ലാതെ പടി കയറുകയും ഇറങ്ങുകയും ചെയ്യുന്നത‌് കീഴ‌്‌വഴക്കമാണെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയുടെ ചരിത്രത്തിൽ ആദ്യമായാണ‌് പതിനെട്ടാംപടിയിൽ ആചാരലംഘനമുണ്ടാകുന്നത‌്. അതുകൊണ്ടുതന്നെ ഇതിനുള്ള പരിഹാരക്രിയ നിശ‌്ചയിച്ച‌് നടത്തിയിട്ടില്ല. ഇനി ഇത്തരമൊരു സാഹചര്യമുണ്ടായാൽ എന്താണ‌് ചെയ്യേണ്ടതെന്ന‌് പിന്മുറക്കാർക്ക‌് പകർന്നുകൊടുക്കുന്ന പരിഹാരക്രിയയാണ‌് വേണ്ടത‌്. ഇപ്പോൾ എന്താണ‌് ചെയ‌്തതെന്ന‌് തന്ത്രി വ്യക്തമാക്കിയിട്ടില്ല. ശബരിമലയിൽ ജോലിചെയ്യുന്ന പൊലീസുകാർ പോലും വശംചെരിഞ്ഞുനിന്നാണ‌് തങ്ങളുടെ ജോലി നിർവഹിക്കുന്നത‌്.
പതിനെട്ടാംപടി അടഞ്ഞ‌് സമരം ചെയ്യുന്നത‌് അനുവദിക്കരുത‌്. ഇവർ യുവതികളെയല്ല, അയ്യപ്പനെയാണ‌് തടഞ്ഞുവയ‌്ക്കുന്നത‌്. ആഴിപൂജയ‌്ക്കും മറ്റും വരുമ്പോൾ ദേവസ്വം മാനേജരും അസി. മാനേജരും കീഴ‌്ശാന്തിയും പരികർമിയും സെക്യൂരിറ്റിയും വാര്യരും അടക്കമുള്ളവർ ആചാരത്തിന്റെ ഭാഗമായി ഇരുമുടുക്കെട്ടില്ലാതെ പടികയറാറുണ്ട‌്. ദേവസ്വം അനുമതിയോടെയാണിത‌്. ശങ്കരദാസ‌് ദേവസ്വം ബോർഡ‌് പ്രതിനിധി എന്ന നിലയിൽ പടി കയറിയതിൽ തെറ്റില്ല.
ഞാൻ മേൽശാന്തിയായിരുന്ന 2015–-16 കാലത്തും ഇത്തരത്തിൽ നിശ‌്ചയിക്കപ്പെടുന്ന ആളുകൾ കയറാറുണ്ട‌്. പടിപൂജ കഴിഞ്ഞ‌് വഴിപാട‌് നടത്തുന്നവർ പ്രത്യേകം ഫീസടച്ച‌് പത്ത‌് പേർവരെ മേൽശാന്തിയോടൊപ്പം പതിനെട്ടാംപടി കയറാറുണ്ട‌്. കൊട്ടാരം പ്രതിനിധിയായ കാരണവരോ അദ്ദേഹം നിർദേശിക്കുന്നയാൾക്കോ കയറാം. എന്നാൽ ഇവരാരും പുറന്തിരിഞ്ഞ‌് പടിയിറങ്ങാറില്ല. ആറാട്ടിന‌് തിടമ്പ‌് എടുക്കുമ്പോൾ വിഗ്രഹം അതിൽ ഉള്ളതിനാൽ മാത്രം തിരിഞ്ഞിറങ്ങാറുണ്ട‌്. തിടമ്പ‌് എടുക്കാൻ ഒന്നിലധികം പേർ വേണമെന്നതിനാൽ ഇവരും ഇത്തരത്തിൽ ഇറങ്ങുകയും കയറുകയുംചെയ്യും.
പമ്പ മുതൽ സന്നിധാനംവരെയുള്ള സ്ഥലത്ത‌് സമരം അനുവദിക്കരുത‌്. ഇവിടം കലാപകേന്ദ്രമാക്കരുത‌്. സമരത്തിനായി എത്തിയവർ ഭക്തിയോടെയല്ല വന്നതെന്ന‌് വ്യക്തമായിട്ടുണ്ട‌്. ഭക്തരാണെങ്കിൽ മാളികപ്പുറത്തെ ആക്രമിക്കില്ല, അശ്ലീല ചേഷ്ട കാട്ടില്ല. ആരുടേയും ഭക്തി അളന്നുനോക്കി മുകളിലേക്ക‌് കടത്തിവിടാനാകില്ല. ഇത‌് ഒരവസരമായി ചിലർ ഉപയോഗിക്കുന്നു. അവർ അതിൽനിന്ന‌് പിന്മാറണമെന്നും അദ്ദേഹം പറഞ്ഞു.








0 comments