ആർഎസ‌്എസ‌് ആക്രമണം ക്ഷേത്രത്തിലും ; കൽമണ്ഡപം തകർത്ത‌് കവർച്ച

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 30, 2018, 08:10 PM | 0 min read


സ്വന്തം ലേഖകൻ
ക്ഷേത്ര കൽമണ്ഡപം തകർത്ത‌ ആർഎസ‌്എസ‌് സംഘം സ്വർണവും പണവും കവർന്നു. കോവളം ബൈപാസിൽ പനത്തുറ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ തിങ്കളാഴ‌്ച രാത്രിയാണ‌് മാരകായുധങ്ങളുമായി എത്തിയ ആർഎസ‌്എസുകാർ അഴിഞ്ഞാടിയത‌്. ക്ഷേത്ര ഭാരവാഹികളെ മർദിച്ചവശരാക്കിയശേഷം രേഖകൾ കൈക്കലാക്കിയ സംഘം  കാണിക്കയായി ലഭിച്ച പണവും സ്വർണവും കവർന്ന‌് ഓഫീസ‌് താഴിട്ടുപൂട്ടി. 

നാൽപ്പതോളം വരുന്ന സംഘത്തിന്റെ ആക്രമണത്തിൽ സാരമായി പരിക്കേറ്റ ക്ഷേത്രം പ്രസിഡന്റ‌്  വി പ്രദീപ‌്, ട്രഷറർ വി ചിത്തരഞ്‌ജൻ,എസ‌് അജിത്ത‌് എന്നിവരെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ‌്ച സന്ധ്യയ‌്ക്ക‌് ക്ഷേത്ര ഉത്സവത്തിനുള്ള മുന്നൊരുക്കമെന്ന നിലയിൽ പ്രസിഡന്റും ട്രഷററും കണക്കുകൾ തയ്യാറാക്കിക്കൊണ്ടിരിക്കവെയാണ‌് ക്രിമിനൽ സംഘം എത്തിയത‌്.

പ്രസിഡന്റിനെയും ട്രഷററെയും പിടിച്ചുവച്ച‌് തോർത്തിൽ കല്ലുകെട്ടി തലങ്ങും വിലങ്ങും അടിച്ചു. രക്ഷതേടി നാലമ്പലത്തിലേക്ക‌് ഓടിക്കയറിയ പ്രദീപിനെയും ചിത്തരഞ‌്ജനെയും ക്ഷേത്രത്തിനകത്തിട്ടും മർദിച്ചു. ഇവരെ തല്ലുന്നത‌് കണ്ട‌് തടയാനെത്തിയപ്പോഴാണ‌് അജിത്തിനെ മർദിച്ചത‌്. 
മൂവരെയും അടിച്ചുവീഴ‌്ത്തിയ ശേഷം ഓഫീസിലുള്ള രേഖകളെല്ലാം സഞ്ചിയിലാക്കി അക്രമി സംഘം കടന്നു. കാണിക്കയായി ലഭിച്ച 39,000 രൂപയും ഭക്തർ വഴിപാടായി അർപ്പിച്ച സ്വർണവുമാണ‌് അപഹരിച്ചത‌്. ക്ഷേത്രകമ്മിറ്റിയുടെ മിനിറ്റ‌്സ‌് അടക്കമുള്ള രേഖകളും കവർന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന‌് തിരുവല്ലം പൊലീസ‌് സ്ഥലത്തെത്തിയശേഷമാണ‌് പരിക്കേറ്റവരെ ആശുപത്രിയിലേക്ക‌് മാറ്റാനായത‌്.

തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ ഭരണസമിതിയെ അട്ടിമറിച്ച‌് അധികാരം പിടിച്ചെടുക്കാനായിരുന്നു അക്രമം. ധീവരസമുദായക്ഷേത്രത്തിൽ ഒന്നരവർഷം മുമ്പാണ‌് പ്രദീപിന്റെ നേതൃത്വത്തിലുള്ള സംഘം ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ടത്‌. ഒന്നരവർഷം കൂടി കാലാവധി ബാക്കിയുണ്ടായിരിക്കെയാണ‌് അക്രമത്തിലൂടെ ഭരണം പിടിച്ചെടുക്കാൻ ശ്രമിച്ചത‌്. ആർഎസ‌്എസ‌്നേതാവ‌് ശിവപ്രസാദ‌്, സെക്രട്ടറിയറ്റിലെ ജീവനക്കാരനും  ബിജെപിക്കാരനുമായ ചെന്താമരാക്ഷൻ,  ശ്രീകണ‌്ഠൻ, ബൈജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു അക്രമം. 



deshabhimani section

Related News

View More
0 comments
Sort by

Home