അമിത് ഷായ‌്ക്ക‌് ധൈര്യമുണ്ടെങ്കിൽ സർക്കാരിനെ പിരിച്ചുവിടൂ: കോടിയേരി

വയലാർ
ബിജെപി പ്രസിഡന്റ‌് അമിത് ഷായ‌്ക്ക‌് ധൈര്യമുണ്ടെങ്കിൽ സംസ്ഥാന സർക്കാരിനെ പിരിച്ചുവിടൂ എന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ. മതനിരപേക്ഷ കേരളത്തിന് അത്തരം ഭീഷണികളെ ചെറുക്കാനുള്ള ശേഷിയുണ്ട്. പുന്നപ്ര വയലാർ വാരാചരണ സമാപനത്തോടനുബന്ധിച്ച് പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
1959ൽ കോൺഗ്രസും ഇതാണ് ചെയ‌്തത്. എന്നാൽ 1959 അല്ല 2018 എന്ന് അമിത് ഷാ ഓർക്കണം. ശനിയാഴ‌്ചത്തെ അമിത് ഷായുടെ പ്രസംഗം ഭരണഘടനയേയും കോടതിയെയും ഫെഡറലിസത്തേയും വെല്ലുവിളിക്കുന്നതാണ്. സംസ്ഥാന സർക്കാരിനെ പുറത്താക്കാൻ മടിക്കില്ലെന്നും കോടതികൾ സൂക്ഷിച്ച‌് വിധി പ്രഖ്യാപിക്കണമെന്നുമാണ‌് അദ്ദേഹം പറഞ്ഞത‌്.
അക്രമത്തിന‌് ഉപയോഗിക്കാനുള്ളതല്ല അയ്യപ്പന്റെ പേര‌്. രാമന്റെ പേരിൽ വികാരമുണ്ടാക്കി കലാപം സൃഷ‌്ടിച്ച‌് ഇന്ത്യയുടെ ഭരണം പിടിച്ചതുപോലെ കേരളത്തിൽ അയ്യപ്പന്റെ പേരിൽ വർഗീയധ്രുവീകരണം ഉണ്ടാക്കുകയാണ‌് ആർഎസ‌്എസ‌് ലക്ഷ്യം.
ശബരിമലയുടെ പേരിൽ സംഘപരിവാറുകാരെ ഇളക്കിവിടാതെ, ഓർഡിനൻസ‌് പുറപ്പെടുവിക്കുകയാണ‌് അമിത‌് ഷായും കേന്ദ്രവും ചെയ്യേണ്ടത‌്. കേസിൽ റിവ്യൂ ഹർജി കൊടുക്കാൻ കേന്ദ്രമോ ബിജെപിയോ തയ്യാറായില്ല. കേസിൽ കക്ഷി ചേർന്നവരുടെയടക്കം 130 അഭിഭാഷകരുടെ വാദം കേട്ടാണ‌് കോടതി വിധി പറഞ്ഞത‌്. സ‌്ത്രീപ്രവേശനം വേണമെന്ന‌് പറഞ്ഞത‌് ഇതിൽ മൂന്ന‌് അഭിഭാഷകർ മാത്രമായിരുന്നുവെന്നും കോടിയേരി പറഞ്ഞു.
0 comments