ad
Deshabhimani

‘സൈന്ധവ’ത്തില്‍നിന്ന‌് വരികയാണ‌് ഇന്ത്യനും ഭാരതീയനും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 27, 2018, 07:25 PM | 0 min read

പാലക്കാട്
ജാതിരഹിത സമൂഹത്തിന് സ്വന്തം വീട്ടിൽനിന്ന‌് പോരാട്ടം തുടങ്ങുകയാണ‌് കൊല്ലം സ്വദേശികളായ രമേശനും അജിതയും. പേരിൽനിന്ന‌് ജാതി തിരിച്ചറിയാതിരിക്കാൻ മക്കൾക്ക‌് ഇന്ത്യൻ, ഭാരതീയൻ എന്ന പേരും നൽകി. പട്ടികജാതി ക്ഷേമസമിതി സംസ്ഥാന സമ്മേളനത്തിന‌്  രമേശനും അജിതയും എത്തിയത‌് പ്രതിനിധികളായി. മക്കളെ വീട്ടിൽ തനിച്ചാക്കാൻ കഴിയാത്തതിനാൽ ഇന്ത്യനും ഭാരതീയനും ഒപ്പമുണ്ട‌്. ഇവരുടെ വീട്ടുപേരിലുമുണ്ട‌് വ്യത്യസ‌്തത, ‘സൈന്ധവം’.

ഡോ. ബി ആർ അംബേദ്കറുടെ പേരിലുള്ള പ്രതിനിധി സമ്മേളന നഗറിൽ മാതാപിതാക്കളോടൊപ്പമെത്തിയ കുട്ടികളുടെ പേരിൽ ജാതിക്കെതിരായ യുദ്ധപ്രഖ്യാപനമാണ്. സമ്മേളന പ്രതിനിധികളായ ദമ്പതിമാർക്ക‌് സിപിഐ എം ഉൾപ്പെടെ വിപ്ലവപാർടിയുടെ മറ്റ‌് പ്രവർത്തനങ്ങളെല്ലാം കുടുംബകാര്യങ്ങൾതന്നെ. അതിനാൽ എവിടെ പോകുമ്പോഴും മക്കളെയും കൂട്ടും.

കൊല്ലത്തുനിന്നുള്ള  സമ്മേളന പ്രതിനിധികളാണ‌് കെ രമേശും ഭാര്യ അജിതയും. രമേശൻ പികെഎസ് കൊല്ലം ജില്ലാകമ്മിറ്റിയംഗവും അജിത കുന്നത്തൂർ ഏരിയകമ്മിറ്റിയംഗവുമാണ്. പേര് കണ്ട് മക്കളുടെ ജാതി തിരിച്ചറിയരുതെന്ന ചിന്തയാണ് മതനിരപേക്ഷ പേരുകളായി മാറിയതെന്ന് രമേശൻ പറഞ്ഞു.  ജാതിയുടെയും മതത്തിന്റെയും പേരിൽ കലാപം നടക്കുന്ന കാലത്ത് മതനിരപേക്ഷചിന്ത വളർത്തുകയെന്നതാണ് പ്രധാനം. അതിനാലാണ് ഈ പേരുകൾ തെരഞ്ഞെടുത്തത്.  ബാലസംഘം പ്രവർത്തകരാണ് കുട്ടികൾ.

പ്രളയദുരിതാശ്വാസത്തിന് പണം കണ്ടെത്താൻ ബാലസംഘം നേതൃത്വത്തിൽ ഹുണ്ടിക കലക‌്ഷന‌്  ഇരുവരും നേതൃത്വം നൽകിയിരുന്നു. ഇരുവരും കൊല്ലം തേവലക്കര ബോയ്സ് ഹൈസ‌്കൂളിൽ 7, 6 ക്ലാസുകളിൽ പഠിക്കുകയാണ‌്. ഇന്ത്യനെന്ന് തന്നെ സഹപാഠികൾ വിളിക്കുമ്പോൾ ഏറെ അഭിമാനമുണ്ടെന്ന് ഇന്ത്യൻ പറഞ്ഞു. സഹോദരനെ ഭാരതീയനെന്ന് കൂട്ടുകാർ വിളിക്കുന്നു. അധ്യാപകരുടെയും സർവ പിന്തുണയുമുണ്ട്. ദേശാഭിമാനി അക്ഷരമുറ്റം ക്വിസിൽ വിജയിയായിരുന്നു.

ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരെ കബളിപ്പിക്കാൻ ബിജെപിക്കാർക്ക് കഴിയില്ലെന്ന് അജിത പറഞ്ഞു. തൊട്ടുകൂടായ്മയുടെയും തീണ്ടിക്കൂടായ്മയുടെയും കാലം ആരും മറന്നിട്ടില്ല. ആ കെട്ടകാലം തിരിച്ചുവരാൻ ആരും ആഗ്രഹിക്കുന്നില്ലെന്നും അജിത പറഞ്ഞു.     

രമേശൻ സിപിഐ എം ലോക്കൽ കമ്മിറ്റിയംഗംകൂടിയാണ‌്. അജിത ബ്രാഞ്ച്സെക്രട്ടറിയും മഹിളാ അസോസിയേഷൻ ഏരിയകമ്മിറ്റി അംഗവുമാണ്. കൊല്ലം കണത്താർ കൊല്ലാത്തറ വീട്ടിൽ അംഗങ്ങളാണ്.  വീട്ടുപേര് സിന്ധുനദീതട സംസ്കാരവുമായി ബന്ധപ്പെട്ട പേരായ 'സൈന്ധവം' എന്നാക്കുകയായിരുന്നു. പഞ്ചായത്ത‌് വഴി ലഭിച്ച സഹായംകൊണ്ടാണ‌് വീട‌് നിർമിച്ചത‌്.  ദുരിതങ്ങൾക്കിടയിലും മറ്റുള്ളവരുടെ ദുരിതങ്ങൾക്ക് മോചനം ലഭിക്കാനുള്ള പ്രവർത്തനങ്ങളിൽ എന്നും സജീവമാണ‌് ഈ കുടുംബം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home