‘രണ്ടാമൂഴം’ സിനിമയിൽനിന്ന്‌ പിൻമാറൽ : എം ടിയുടെ ഹർജി നവംബർ 7ലേക്ക്‌ മാറ്റി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 25, 2018, 08:36 AM | 0 min read

കോഴിക്കോട‌്>വിഖ്യാത നോവലായ ‘രണ്ടാമൂഴ’ത്തെ അടിസ്ഥാനമാക്കിയുള്ള ബ്രഹ്മാണ്ഡ ചിത്രത്തിൽനിന്ന‌്  പിൻമാറുകയാണെന്ന‌് കാണിച്ച‌് എഴുത്തുകാരൻ എം ടി വാസുദേവൻനായർ നൽകിയ ഹർജി  നവംബർ ഏഴിലേക്ക്‌ മാറ്റി .കേസിൽ എതിർ സത്യവാങ്‌മൂലം നൽകാൻ സംവിധായകൻ ശ്രീകുമാർ മേനോനോട്‌ കോഴിക്കോട‌് മുൻസിഫ‌് കോടതി   ആവശ്യപ്പെട്ടു. സിനിമയുടെ ചിത്രീകരണം അനന്തമായി നീണ്ടതിനാൽ   തിരക്കഥാ കൃത്തുകൂടിയായ എം ടി സിനിമാ പ്രോജക‌്ടിൽ നിന്നും പിൻവാങ്ങാൻ തീരുമാനിക്കുകയായിരുന്നു.തുടർന്നാണ്‌ കേസ്‌ നൽകിയത്‌.

സംവിധായകൻ വി എ ശ്രീകുമാർ മേനോനുമായുള്ള കരാർ അവസാനിച്ചെന്നും കൈമാറിയ തിരക്കഥ തിരിച്ചുകിട്ടണമെന്നും ആവശ്യപ്പെട്ട‌ാണ്‌ എം ടി കോടതിയെ സമീപിച്ചത‌്. തിരക്കഥ കൈമാറുന്ന മുറയ‌്ക്ക‌് മുൻകൂറായി കൈപ്പറ്റിയ പണം തിരിച്ചു നൽകാമെന്നും  ഹർജിയിലുണ്ട‌്.
  
മഹാഭാരതത്തിലെ ഭീമന്റെ മാനസികവ്യഥകൾ  സൂക്ഷ‌്മമായി പകർത്തിയ ‘രണ്ടാമൂഴം’ മലയാളത്തിലെ ക്ലാസിക്കുകളിലൊന്നാണ‌്. ഈ നോവലിന്റെ ചലച്ചിത്രാവിഷ‌്കാരത്തെ വൻ പ്രതീക്ഷയോടെയാണ‌് ചലച്ചിത്രലോകവും പ്രേക്ഷകരും കാത്തിരുന്നത‌്.

പരസ്യചിത്ര സംവിധായകനായ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യാൻ ഉദ്ദേശിച്ച ചിത്രത്തിൽ ഭീമന്റെ റോളിൽ മോഹൻലാലിനെ  പ്രഖ്യാപിച്ചിരുന്നു. 1000 കോടി രൂപ ചെലവിട്ട‌് നിർമിക്കുന്ന സിനിമ ഇന്ത്യയിലെതന്നെ ഏറ്റവും ചെലവേറിയതാകുമെന്നാണ‌് കരുതിയിരുന്നത‌്. പ്രമുഖ പ്രവാസി വ്യവസായി ബി ആർ ഷെട്ടിയായിരുന്നു നിർമാതാവ‌്.
 
വർഷങ്ങൾ നീണ്ട പഠനത്തിനും ഗവേഷണത്തിനും ശേഷമാണ‌് എം ടി തിരക്കഥ തയ്യാറാക്കിയത‌്. എന്നാൽ അദ്ദേഹം കാണിച്ച ആവേശവും ആത്മാർഥതയും അണിയറ പ്രവർത്തകരിൽനിന്നും ലഭിച്ചില്ലെന്ന തോന്നൽ എം ടിയെ വേദനിപ്പിച്ചു. പിന്മാറ്റത്തിന‌് അത‌് പ്രധാന കാരണമായി.എന്നാൽ സിനിമ താൻ തന്നെ ചെയ്യുമെന്നും എംടിയുമായി സംസാരിക്കുമെന്നും ശ്രീകുമാർ മേനോൻ പറഞ്ഞിരുന്നു.

   എം ടി  നാലുവർഷം മുമ്പാണ‌് ശ്രീകുമാർ മേനോനുമായി കരാർ ഉണ്ടാക്കിയത‌്. അതിന്റെ ഭാഗമായി മലയാളം, ഇംഗ്ലീഷ‌് തിരക്കഥകൾ പൂർത്തിയാക്കി ഏൽപ്പിച്ചു. അതുപ്രകാരം മൂന്നുവർഷത്തിനുള്ളിൽ ചിത്രീകരണം തുടങ്ങണമെന്നായിരുന്നു വ്യവസ്ഥ. എന്നാൽ മോഹൻലാൽ ചിത്രമായ ‘ഒടിയൻ’ സംവിധാനം ചെയ്യുന്ന ശ്രീകുമാർ മേനോന‌് പറഞ്ഞ സമയത്ത‌് ചിത്രീകരണം തുടങ്ങാനായില്ല. ഒരുവർഷംകൂടി സമയം വേണമെന്നാവശ്യപ്പെട്ടപ്പോൾ അതും അനുവദിച്ചു.

 എന്നാൽ, അതിനുശേഷവും സിനിമ തുടങ്ങാനുള്ള ഒരു പ്രവർത്തനവും ഇല്ലാതിരുന്നത‌് എം ടിയെ നിരാശനാക്കി. ലോകമെമ്പാടുമുള്ള പ്രേക്ഷകർക്കൊപ്പം എം ടിയും ഈ സിനിമയെ സ്വപ‌്ന പദ്ധതിയായാണ‌് കണ്ടിരുന്നത‌്. അണിയറ പ്രവർത്തകരുടെ മെല്ലെപ്പോക്കിൽ മനംമടുത്ത‌് അദ്ദേഹം പിന്മാറാൻ തീരുമാനിക്കുകയായിരുന്നു.
 



deshabhimani section

Related News

View More
0 comments
Sort by

Home