ബാലസാഹിത്യകാരൻ പി മധുസൂദനൻ അന്തരിച്ചു

പെരുമ്പാവൂർ > പ്രശസ്ത ബാലസാഹിത്യകാരനും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പെരുമ്പാവൂർ മേഖലക്കമ്മിറ്റി അംഗവുമായ പി മധുസൂദനൻ അന്തരിച്ചു. തിങ്കളാഴ്‌ചയായിരുന്നു അന്ത്യം.
ശാസ്‌ത്രചിന്തയും കാവ്യഭംഗിയും ഒത്തിണങ്ങിയ കവിതകളിലൂടെ ശ്രദ്ധേയനാണ് കവി പി മധുസൂദനൻ. കുട്ടികളിൽ ശാസ്‌ത്രബോധം വളർത്താനുതകുന്നതായിരുന്നു അദ്ദേഹത്തിന്റെ കുഞ്ഞുകവിതകൾ. പ്രപഞ്ചവും കാലവും, അതിന്നുമപ്പുറമെന്താണ്? മുക്കുറ്റിപ്പൂവിന്റെ ആകാശം, ഞാനിവിടെയുണ്ട്, ഭൂമി പാടുന്ന ശീലുകള്‍ തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാനകൃതികൾ. സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുരസ്‌കാരം നേടിയ ‘അതിന്നുമപ്പുറമെന്താണ്’ എന്ന കവിത യുപി വിഭാഗം മലയാള പാഠാവലിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അബുദാബി ശക്തി അവാർഡ് ഉൾപ്പെടെ മറ്റ് നിരവധി പുരസ്‌കാരങ്ങളും അദ്ദേഹം നേടിയിട്ടുണ്ട്.
വളയൻചിറങ്ങര അരിമ്പാശേരി വീട്ടിൽ ആദ്യ കാല കമ്യൂണിസ്റ്റ് നേതാവ് കെ പി പടനായരുടേയും ശാന്തയുടേയും മകനാണ്. ശ്രീമൂലനഗരം ഹൈസ്കൂളിൽ നിന്നും ഹെഡ്മാസ്റ്ററായി റിട്ടയർ ചെയ്തു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, ഗ്രന്ഥശാലാ സംഘം, പുരോഗമന കലാസാഹിത്യ സംഘം എന്നിവയുടെ സജീവ പ്രവർത്തകനായിരുന്നു. പരിഷത്ത് കലാജാഥകളിലെ കവിതകളും പാട്ടുകളും ഏറെയും മാഷിന്റേതായിരുന്നു. ബാലസംഘത്തിന്റെ പരിപാടികളിലും മധു മാഷ് സജീവ സാന്നിദ്ധ്യമായിരുന്നു.
മൃതദേഹം ഇന്ന് രാവിലെ ഒൻപതിന് വളയൻചിറങ്ങര വിഎന്‍കെപി വായനശാലയിൽ പൊതുദർശനത്തിനുവെക്കും. സംസ്കാരം പകൽ രണ്ടിന് പെരുമ്പാവൂരിനടുത്തുള്ള ഒക്കലിലെ വീട്ടുവളപ്പിൽ. ഭാര്യ: ശ്രീകല. മകൾ: നന്ദന. മകൻ: ശ്രീജിത്ത്.









0 comments