കെപിസിസി പ്രസിഡന്റ്‌: നേതാക്കള്‍ക്ക് പ്രതിഷേധം അണികളിൽ മരവിപ്പ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 20, 2018, 09:34 PM | 0 min read

മാസങ്ങൾക്കുശേഷം കെപിസിസിക്ക‌് പുതിയ പ്രസിഡന്റിനെ നിയോഗിച്ചപ്പോൾ നേതൃനിരയിൽ പ്രതിഷേധപ്പുക, അണികൾക്കിടയിൽ മരവിപ്പ്. പ്രസിഡന്റ‌് പദവിയും മറ്റു സ്ഥാനമാനങ്ങളും മോഹിച്ചവർക്കുപുറമെ ഗ്രൂപ്പുകളും കടുത്ത പ്രതിഷേധത്തിലാണെങ്കിലും സംഘടനയെ തങ്ങളായിട്ട‌് തകർത്തെന്ന പേരുദോഷം വേണ്ടെന്ന് കുരുതിയാണ് പലരും മൗനം പാലിക്കുന്നുന്നത‌്.  പരസ്യമായി അതൃപ‌്തി പ്രകടിപ്പിച്ച കെ സുധാകരൻ പിന്നീട‌് മയപ്പെട്ടതും ഈ ഭയവും നേതൃത്വത്തിന്റെ സമ്മർദവും കൊണ്ടാണ‌്. വി ഡി സതീശൻ, എം എം ഹസ്സൻ, പി പി തങ്കച്ചൻ തുടങ്ങി പലരും പ്രതിഷേധത്തിലാണെങ്കിലും അമർഷം ഉള്ളിലൊതുക്കി.

തകർന്ന പാർടിയുടെ ഉയിർത്തെഴുന്നേൽപ്പിന‌് ശക്തമായ നേതൃത്വത്തെയാണ‌് പ്രതീക്ഷിച്ചതെങ്കിലും പുതിയ നിയമനങ്ങളെ വെറും ഏച്ചുകെട്ടലായി മാത്രമാണ‌് പ്രവർത്തകർ കാണുന്നത‌്. പ്രസിഡന്റ‌് മോഹികളായ മൂന്നുപേരെ വർക്കിങ‌് പ്രസിഡന്റാക്കിയത‌് ഏച്ചുകെട്ടലായി പ്രവർത്തകർ കാണുന്നു.  കെ സുധാകരനും കൊടിക്കുന്നിൽ സുരേഷും എം ഐ ഷാനവാസും പ്രസിഡന്റാകാൻ ചരടുവലി നടത്തിയവരാണ‌്. സുധാകരനാകട്ടെ ഇരട്ടക്ഷീണമാണ‌്. സ്ഥാനം കിട്ടിയില്ലെന്ന‌് മാത്രമല്ല, കടുത്ത എതിരാളിയായ മുല്ലപ്പള്ളി രാമചന്ദ്രന‌് കീഴിൽ പ്രവർത്തിക്കുകയും വേണം.

വർക്കിങ‌് പ്രസിഡന്റ‌് പദവി കാരണം അടുത്ത ലോക‌്സഭാ തെരഞ്ഞെടുപ്പിൽ സീറ്റ‌് കിട്ടില്ലെന്ന ആശങ്കയിലാണ‌് എംപിമാരായ എം ഐ ഷാനവാസും കൊടിക്കുന്നിൽ സുരേഷും. അതേസമയം, ഇനി മത്സരിക്കാനില്ലെന്ന‌് മുല്ലപ്പള്ളി നേരത്തെ പറഞ്ഞത‌് പ്രസിഡന്റ‌് പദവിയിൽ കണ്ണുനട്ടായിരുന്നു.

കണ്ണൂരിൽ വീണ്ടും മത്സരിക്കുകയെന്ന ലക്ഷ്യം നഷ്ടമാകുമെന്ന ഭയത്താലാണ‌് കെ സുധാകരൻ പ്രതിഷേധവുമായി രംഗത്തിറങ്ങിയത‌്. എന്നാൽ, സുധാകരനെ ഉമ്മൻചാണ്ടിയും ചെന്നിത്തലയും അനുനയിപ്പിക്കുകയായിരുന്നു. കണ്ണൂർ സീറ്റ‌് നൽകാമെന്ന‌് വാക്കും കൊടുത്തിട്ടുണ്ട‌്. ഷാനവാസും കൊടിക്കുന്നിലുമാകട്ടെ ഇതുവരെ പ്രതികരിച്ചിട്ടില്ല. വർക്കിങ‌് പ്രസിഡന്റ‌് പദവി സതീശനും വാഗ‌്ദാനം ചെയ‌്തിരുന്നുവെങ്കിലും അത്തരം പദവി വേണ്ടെന്ന‌് മുൻകൂർ അറിയിച്ചത്രെ. കേന്ദ്രനേതൃത്വത്തിൽ ഒരു പദവിയാണ‌് പിന്നീട‌് സതീശന‌് വാഗ‌്ദാനം ചെയ‌്തത‌്. എന്നാൽ, ഇപ്പോൾ സതീശന‌് നൽകാൻ അവിടെ പദവിയൊന്നുമില്ല.

സ്ഥാനമൊഴിയുന്ന പ്രസിഡന്റുമാർക്ക‌് മറ്റ‌് പദവി ഒന്നുമില്ലെങ്കിൽ യുഡിഎഫ‌് കൺവീനറാക്കുകയാണ‌് കോൺഗ്രസിലെ കീഴ‌്‌വഴക്കം. മാണിയെ യുഡിഎഫിലേക്ക‌് തിരിച്ചെത്തിക്കാൻ പാലായിൽ പോകുന്നതിനുമുമ്പ‌് ഉമ്മൻചാണ്ടിയും ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയും ഹസ്സന‌് നൽകിയ ഉറപ്പും കൺവീനർ പദവിയാണ‌്. അതും നഷ്ടപ്പെട്ടതിൽ ഹസ്സന‌് കടുത്ത നീരസമുണ്ട‌്.

മുല്ലപ്പള്ളിക്കുപുറമെ രണ്ടുപേർക്കേ പുതിയ തീരുമാനത്തിൽ സന്തോഷമുള്ളൂ. കെ മുരളീധരനും ബെന്നി ബെഹന്നാനും. മുല്ലപ്പള്ളിയെ മുന്നിൽനിർത്തി മുരളീധരൻ സംഘടന പിടിച്ചെടുക്കുമെന്ന‌് ഗ്രൂപ്പുകൾ ഭയക്കുന്നു. ഗ്രൂപ്പുകൾക്കതീതമായി ഇപ്പോൾത്തന്നെ മുരളിക്ക‌് സ്വന്തമായി ഒരു ഗ്രൂപ്പുണ്ട‌്.

അത‌് ശക്തിപ്പെടുത്തി പാർടി പിടിച്ചെടുക്കാൻ മുരളി ശ്രമിക്കുമെന്ന‌് ഭയക്കുന്നവരിൽ ചെന്നിത്തലയും ഉണ്ട‌്. ഐ ഗ്രൂപ്പിനെ ഇത്രയും ദുർബലമാക്കിയത‌് ചെന്നിത്തലയാണെന്ന‌് പൊതുവികാരമുണ്ട‌്. പുതിയ പദവി ഉപയോഗിച്ച് ഐ ഗ്രൂപ്പിലെയും എ ഗ്രൂപ്പുമായുള്ള ബന്ധം വച്ച‌് അതിലെയും വലിയ വിഭാഗത്തെ കൂടെ നിർത്തിയാകും മുരളിയുടെ ഇനിയുള്ള പോരാട്ടം.

എ ഗ്രൂപ്പ‌് മാനേജർ ആയി പ്രവർത്തിക്കുന്ന ബെന്നി ബെഹന്നാന‌് കൺവീനർ പദവി കിട്ടിയത‌് മാത്രമാണ‌് എ ഗ്രൂപ്പിന്റെ ആകെയുള്ള ആശ്വാസം. എന്നാൽ, ഉമ്മൻചാണ്ടി പോയതോടെ എ ഗ്രൂപ്പ‌് ഇനി ബെന്നി ബെഹന്നാൻ പിടിച്ചെടുക്കുമെന്ന‌് മറ്റുള്ളവർ ഭയക്കുന്നു. തിരുവഞ്ചൂർ രാധാകൃഷ‌്ണൻ, കെ സി ജോസഫ‌്, പി സി വിഷ‌്ണുനാഥ‌് തുടങ്ങിയ ചാവേറുകളെല്ലാം നിരാശയിലാണ‌്. കേന്ദ്രനേതാക്കളുടെ സ്വന്തക്കാരനായി അറിയപ്പെടുന്ന  കെ വി തോമസ‌് ഉൾപ്പെടെയുള്ളവരുടെ മനസ്സും നീറുകയാണ‌്.  വൈസ‌്പ്രസിഡന്റുമാർ, ജനറൽ സെക്രട്ടറിമാർ, സെക്രട്ടറിമാർ, ട്രഷറർ തുടങ്ങിയ പദവികളിലേക്കും നോമിനേഷൻ വരാനുണ്ട‌്. അതുകൂടി വരുമ്പോൾ കെപിസിസി ആസ്ഥാനത്ത‌് ഭാരവാഹികൾക്ക‌് ഇരിക്കാൻ പുതിയ സ്ഥലം കണ്ടെത്തേണ്ടിവരുമെന്നും പ്രവർത്തകർ പരിഹസിക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home