ഇനി ഞങ്ങൾ ആപത്തിൽ തുണച്ചവരുടെ കൂടെ; 72 വനിതകൾ സിപിഐ എമ്മിനൊപ്പം

കോഴഞ്ചേരി>പ്രളയകാലത്ത് അതിജീവനത്തിന് കൈത്താങ്ങായ സംസ്ഥാന സർക്കാരിനും സിപിഐ എമ്മിനും നന്ദിപറഞ്ഞ‌് ചെറുകോൽ പഞ്ചായത്തിലെ കാട്ടൂരിൽ ബിജെപി, കോൺഗ്രസ‌് ബന്ധം ഉപേക്ഷിച്ച് 72 വനിതകൾ സിപിഐ എമ്മിനും ജനാധിപത്യ മഹിള അസോസിയേഷനും ഒപ്പം.പ്രളയം മാരകശക്തിയോടെ എല്ലാം തകർത്തെറിഞ്ഞപ്പോൾ രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വംനൽകിയത് ലോക്കൽ കമ്മിറ്റി സെക്രട്ടറി ഹരിപ്രസാദിന്റെ നേതൃത്വത്തിൽ സിപിഐ എം പ്രവർത്തകരായിരുന്നുവെന്ന് അവർ പറഞ്ഞു.
തുടർന്ന് ദുരിതാശ്വാസ ക്യാമ്പുകളിലെ സഹായത്തിനും വീടുകളുടെ ശുചീകരണത്തിനുമൊക്കെ കടുംബാംഗങ്ങളെപ്പോലെ പാർടി പ്രവർത്തകർ പ്രളയബാധിതർക്കൊപ്പമുണ്ടായിരുന്നു. ഈ പ്രവർത്തനങ്ങൾക്കിടയിൽ ഒരിക്കൽ പോലും കൊടിയോ ബാനറോ ഉപയോഗിച്ചില്ലെങ്കിലും രാഷ‌്ട്രീയമോ ജാതിയോ നോക്കാതെ തങ്ങൾക്കൊപ്പം നിന്നവരുടെ നൻമയ‌്ക്കൊപ്പം നിൽക്കാൻ നാട്ടുകാർ തീരുമാനിക്കുകയായിരുന്നു.

പിണറായി വിജയനെപ്പോലെ ഒരു മുഖ്യമന്ത്രി ഉണ്ടായതാണ് അതിജീവനത്തിന് കരുത്തായതെന്നും ഇവർ പറയുന്നു. കുടുംബങ്ങളാകെ സിപിഐ എമ്മിനോടൊപ്പം ചേരുന്നതിന്റെ ഭാഗമായാണ് 72 കുടുംബങ്ങളിലെ അമ്മമാർ ഒത്തുചേർന്നത്. യോഗം മഹിളാ അസോസിയേഷൻ പത്തനംതിട്ട ജില്ലാ പ്രസിഡന്റ് എസ‌് നിർമലാദേവി ഉദ്ഘാടനംചെയ്തു. ചിത്ര അധ്യക്ഷയായി.
മഹിള അസോസിയേഷൻ ജില്ലാ സെക്രട്ടറി കോമളം അനിരുദ്ധൻ, സിപിഐ എം ഏരിയ കമ്മിറ്റിയംഗം എം എം ദാനിയേൽ, ലോക്കൽ സെക്രട്ടറി ഹരിപ്രസാദ്, ശ്രീലേഖ, എൻ ജി കൃഷ്ണകുമാരി എന്നിവർ സംസാരിച്ചു. കോൺഗ്രസ് കുടുംബമായ പുന്നൂർ രാധാകൃഷ്ണൻ നായരുടെ വീട്ടിലാണ് മഹിളകൾ ഒത്തുചേർന്നത്. മണിയമ്മ, ഗീതാകുമാരി, ആശ, ബിന്ദു, ശൈലജ, സുമ, ബിന്ദു തുടങ്ങിയവരുടെ നേതൃത്വത്തിലാണ‌് വനിതാ സംഗമം നടന്നത്.









0 comments