ad
Deshabhimani

വയനാട്ടിൽ മഴക്ക് ശമനം; 133 ദുരിതാശ്വാസ ക്യാമ്പുകളിലായി 10649 പേര്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 10, 2018, 04:43 PM | 0 min read

കൽപ്പറ്റ > വയനാട്ടിൽ മഴക്ക് നേരിയ ശമനം. അതേ സമയം  മഴക്കെടുതികളിൽപ്പെട്ട് ജില്ല ദുരന്തഭൂമിയായി മാറി. 133 ദുരിതാശ്വാസ ക്യാമ്പുകളിലായി  10649 പേരെ മാറ്റിപ്പാർപ്പിച്ചു. 2744 കുടുംബങ്ങളാണ് കാമ്പുകളിൽ കഴിയുന്നത്. വെള്ളപ്പൊക്കത്തിൽനിന്ന‌് രക്ഷപ്പെടാൻ  ഉടുവസ്ത്രം ഒഴികെ എല്ലാം ഉപേക്ഷിച്ച്  ക്യാമ്പുകളിലെത്തിയവർ തീരാദുരിതത്തിലാണ്. പല വീടുകളും കൃഷിയിടങ്ങളും ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും ഒലിച്ചുപോയി. ചെളിയും മണ്ണും നിറഞ്ഞ വീടുകളിലേക്ക‌് മടങ്ങിപ്പോകാൻ പോലും കഴിയാത്ത അവസ്ഥയാണ്.  ഏറ്റവും ഒടവിലത്തെ കണക്കനുസരിച്ച് അവസാന  24 മണിക്കൂറിനകം  37.89 മി. മീറ്റർ മഴയാണ് പെയ്തത്. 584.22 ഹെക്ടർ ഭൂമിയിലെ കൃഷി നശിച്ചു. ഗ്രാമീണ റോഡുകളിൽ ഭൂരിഭാഗവും വെള്ളത്തിൽ ഒലിച്ചുപോയി. വെള്ളപ്പൊക്കത്തിൽ പുഴ ഗതിമാറി ഒഴുകി കോട്ടത്തറ ടൗൺ പൂർണമായും ഇല്ലാതായി. റോഡുകൾ തകർന്നു. 117 കുടുംബങ്ങളെയാണ് ഇവിടെനിന്ന‌് ഒഴിപ്പിച്ചത്.

കഴിഞ്ഞ ദിവസം ഉരുൾപൊട്ടലുണ്ടായ പ്രദേശങ്ങളിലെ നിരവധി കുടുംബങ്ങളെ  മാറ്റിപ്പാർപ്പിച്ചു. ഉരുൾപൊട്ടലുണ്ടായി ദമ്പതികൾ മരിച്ച മക്കിമലയിലെ മുഴുവൻ കുടുംബങ്ങളെയും ഒഴിപ്പിച്ചു. പ്രദേശത്ത് വീണ്ടും ഉരുൾപൊട്ടൽ സാധ്യത കണക്കിലെടുത്താണ് കുടുംബങ്ങളെ മാറ്റിയത്. ഉരുൾപൊട്ടിയ സ്ഥലത്തുനിന്നും ഒന്നര കിലോമീറ്ററോളം ദൂരം വിള്ളൽ രൂപപ്പെട്ടിട്ടുണ്ട്. വെള്ളിയാഴ്ച മക്കിമല വലിയകുന്നിൽ രണ്ടിടത്ത് മണ്ണിടിച്ചിലുണ്ടായി. പല ഭാഗങ്ങളും വിണ്ടുകീറിയ നിലയിലാണ്. ആറാം നമ്പറിൽ ഭൂമി താഴ്ന്നു.  പൊഴുതനപഞ്ചായത്തിലെ സുഗന്ധഗിരി മേഖലയിൽ 550 കുടുംബങ്ങൾ ഒറ്റപ്പെട്ട നിലയിലാണ്. കുട്ടികളും രോഗികൾ ഉൾപ്പടെയുള്ളവരും പ്രദേശത്ത് കുടുങ്ങിക്കിടക്കുകയാണ്. ഇവരെ ദുരിതാശ്വാസ ക്യാമ്പിലെത്തിക്കാൻ തീവ്രശ്രമം നടക്കുമ്പോഴും മണ്ണിടിച്ചിലും മരം വീഴ്ചയും തോടും പുഴകളും നിറഞ്ഞുകവിഞ്ഞതുമെല്ലാം രക്ഷാപ്രവർത്തനം ദുഷ്കരമാക്കുന്നുണ്ട്.

കോട്ടത്തറ വെണ്ണിയോട്, പയ്യമ്പള്ളി, പനമരം, പൊഴുതന തുടങ്ങി വെള്ളപ്പൊക്കം രൂക്ഷമായ പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾ ഊർജിതമായി നടന്നുവരുന്നു. സന്നദ്ധ പ്രവർത്തനത്തിലൂടെയും അല്ലാതെയും സമാഹരിച്ച  വസ്ത്രങ്ങളും ഭക്ഷണവും റവന്യൂ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ  ക്യാമ്പുകളിൽ വിതരണം ചെയ്തുവരുന്നുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home