ചേര്‍പ്പ്‌ സ്കൂളിലെ ആര്‍എസ്എസ് ഗുരുപൂജ സര്‍ക്കാര്‍ പരിപാടിയാണെന്ന് വരുത്താന്‍ വ്യാജ പ്രചാരണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 30, 2018, 09:29 AM | 0 min read

കൊച്ചി > വിദ്യാര്‍ഥികളെ ബോധവത്കരിക്കുന്നതിനായി പത്തനാപുരം ഗാന്ധിഭവന്‍ ട്രസ്റ്റ് സംഘടിപ്പിക്കുന്ന 'ഗുരുവന്ദനം' പരിപാടിയെ ഉപയോഗിച്ച് സര്‍ക്കാരിനെതിരെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു. ചേര്‍പ്പിലെ സംഘപരിവാര്‍ മാനേജ്‌മെന്റിന് കീഴിലുള്ള സ്‌കൂളില്‍ നടന്ന 'ഗുരുപൂജ' യും 'ഗുരുവന്ദന'വും ഒന്നാണെന്നാണ്  വാര്‍ത്ത പ്രചരിപ്പിക്കുന്നത്.

വിദ്യാര്‍ഥികളിലുള്ള മദ്യപാനശീലം, വാര്‍ധക്യത്തിലെത്തിയ മാതാപിതാക്കളെ ഉപേക്ഷിക്കല്‍ എന്നി പ്രവണതകള്‍ ഇല്ലാതാക്കുന്നതിനായി പത്തനാപുരം  ഗാന്ധിഭവന്‍ ട്രസ്റ്റ് സംഘടിപ്പിക്കുന്ന ബോധവത്കരണ പരിപാടിയാണ് 'ഗുരുവന്ദനം'.

'ഗുരുവന്ദനം' അനുവദിക്കുന്നതിനായുള്ള അനന്തപുരി ഫൗണ്ടേഷന്റെ അഭ്യര്‍ത്ഥന
പത്തനാപുരം ഗാന്ധിഭവനില്‍ വര്‍ഷങ്ങളായി തുടര്‍ന്നു പോരുന്ന ഗുരുവന്ദനം  സര്‍ക്കാര്‍ സ്‌കൂളുകളില്‍ കൂടി നടത്തുന്നതിന് ബന്ധപ്പെട്ടവര്‍ അനുമതി തേടിയിരുന്നു. ഗാന്ധിഭവനുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന  അനന്തപുരി ഫൗണ്ടേഷനാണ്  ഇതുമായി ബന്ധപ്പെട്ട് അനുമതിക്ക് സര്‍ക്കാരിനെ സമീപിച്ചിരുന്നത്.

ഇതിനുള്ള അനുമതി കഴിഞ്ഞ മാസം സര്‍ക്കാര്‍ നല്‍കി . അധ്യാപക രക്ഷാകര്‍തൃ സമിതിയുടെ അനുമതിയോടെ പഠനം തടസ്സപ്പെടുത്താതെ പരിപാടി  നടത്താമെന്ന് ഉത്തരവില്‍ പറയുന്നു. എന്നാല്‍, ചേര്‍പ്പ് സ്‌കൂളിലെ ഗുരുപൂജ  ഈ അനുമതിയുടെ ഭാഗമായി നടത്തിയതാണെന്നാണ് വാര്‍ത്ത പ്രചരിക്കുന്നത്. എന്നാല്‍ ഗാന്ധിഭവന് അനുമതികിട്ടിയ ബോധവല്‍ക്കരണ പരിപാടി ഇതുവരെ തുടങ്ങിയിട്ടില്ല

സ്‌കൂളുകളില്‍ ഗുരുവന്ദനം നടത്തുന്നതിനുള്ള  പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അനുമതി

ചേര്‍പ്പ്‌ സ്കൂളില്‍ നടന്നത് ആര്‍എസ്എസിന്റെ സംഘടനാപരിപാടിയായ ഗുരു പൂജയാണ്. വ്യാസ ജയന്തിയോടനുബന്ധിച്ച് സംഘപരിവാര്‍ നടത്തുന്ന മതപരമായ ചടങ്ങ് കൂടിയാണത്. ബാലഗോകുലവും 'ഗുരുപൂജ' പരിപാടി സംഘടിപ്പിക്കാറുണ്ട്. ഇത് കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ ആര്‍ എസ് എസ് ശാഖകളുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനാകെ നടന്നിരുന്നു. ഈ പരിപാടിയാണ് ചേര്‍പ്പ്‌ സ്കൂളില്‍ നടന്നത് .
 
ചേര്‍പ്പ് സ്‌കൂളില്‍ നടന്ന ഗുരുപൂജ എന്ന പരിപാടിയുമായി തങ്ങള്‍ക്ക് യാതൊരുബന്ധവുമില്ലെന്ന് ഗാന്ധിഭവന്‍ അധികൃതര്‍ ദേശാഭിമാനിയോട് പറഞ്ഞു. മതനിരപേക്ഷത, പ്രകൃതിസ്നേഹം, ലഹരിവർജനം, അന്ധവിശ്വാസ നിർമാർജനം വാര്‍ധക്യത്തില്‍ മാതാപിതാക്കളെ ഉപേക്ഷിക്കുന്ന പ്രവണത എന്നിവയ്ക്ക്  എതിരെയാണ് തങ്ങള്‍ ഗുരുവന്ദനം സംഘടിപ്പിയ്ക്കുന്നതെന്ന് ഗാന്ധിഭവന്‍ വിശദീകരിച്ചു.

ഇപ്പോള്‍ ഗാന്ധിഭവന്‍ സന്ദര്‍ശിയ്ക്കുന്ന വിദ്യാര്‍ഥികള്‍ക്കായി അവിടെ പരിപാടി നടത്തുന്നുണ്ട്. ഈ പരിപാടി സംസ്ഥാനത്തെ സ്കൂളുകളില്‍ ആകെ സംഘടിപ്പിയ്ക്കാന്‍ അനന്തപുരി ഫൌണ്ടേഷനുമായി ചേര്‍ന്ന്‍ പദ്ധതി തയ്യാറാക്കിയിരുന്നു .ഇതിന് ജൂണില്‍ സര്‍ക്കാര്‍ അനുമതി നല്‍കി .പക്ഷെ എങ്ങും സംഘടിപ്പിച്ചു തുടങ്ങിയിട്ടില്ല. ഗാന്ധിഭവനില്‍ 1305 ദിവസമായി പരിപാടി നടക്കുന്നുണ്ടെന്നും ഗാന്ധിഭവന്‍  വൃത്തങ്ങള്‍ പറഞ്ഞു. 
'ഗുരുപൂജ'യുമായി ബന്ധമില്ല: വിദ്യാഭ്യാസ വകുപ്പിന്റെ പത്രക്കുറിപ്പ്‌

ഇതെല്ലാം മറച്ചുവെച്ചാണ്  സര്‍ക്കാര്‍ സംഘപരിവാര്‍ പ്രീണനം നടത്തുന്നു എന്ന് വരുത്താന്‍ ശ്രമങ്ങള്‍ നടക്കുന്നത്.

ചേര്‍പ്പ് സ്‌കൂളില്‍ നടന്ന ഗുരുപൂജയുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ വി മോഹന്‍കുമാര്‍ പറഞ്ഞിരുന്നു. ഗുരുപാദപൂജ നടന്നത് വിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയോടെയല്ലെന്ന് വിദ്യാഭ്യാസ വകുപ്പ് പത്രക്കുറിപ്പും പുറത്തിറക്കി.



 



deshabhimani section

Related News

View More
0 comments
Sort by

Home