ad
Deshabhimani

സൈബർ കുറ്റകൃത്യങ്ങൾ അന്വേഷിക്കാൻ എല്ലാ പൊലീസ് സ്റ്റേഷനും സജ്ജം; രാജ്യത്തിന്‌ മാതൃകയായി കേരളം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 21, 2018, 03:18 PM | 0 min read

തിരുവനന്തപുരം > സൈബര്‍ കേസുകള്‍ ഇനി അതാത് പൊലീസ് സ്റ്റേഷനുകളില്‍ തന്നെ അന്വേഷിക്കാൻ നിർദേശം. സൈബർ കുറ്റകൃത്യങ്ങൾ സംബന്ധിച്ച പരാതികളിൽ ഓരോ പൊലീസ് സ്റ്റേഷനിലും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ അന്വേഷണം നടത്താനാണ്‌ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിർദേശം നൽകിയത്‌. ഇതോടെ എല്ലാ ലോക്കല്‍ പൊലീസ് സ്റ്റേഷനുകളും സൈബര്‍ ക്രൈം അന്വേഷണത്തിനു പ്രാപ്‌തമാകുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാവുകയാണ് കേരളം.

ഈ തീരുമാനം നടപ്പിലാക്കുന്നതിനു മുന്നോടിയായി ഓരോ പൊലീസ് സ്റ്റേഷനിലും രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നൽകി സൈബര്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ സെല്‍ രൂപീകരിച്ചിട്ടുണ്ട്.  ഐടി ആക്ടില്‍ പരാമര്‍ശിച്ചിരിക്കുന്ന പ്രകാരമുള്ള സൈബര്‍ കേസുകള്‍ നടപടികള്‍ക്കായി സൈബര്‍ സെല്ലിലേക്ക് അയയ്ക്കുന്നതിനു പകരം ഈ ഉദ്യോഗസ്ഥരുടെ സഹായത്തോടെ  ഇനിമുതല്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍തന്നെ അന്വേഷണം നടത്തും. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്ക് ജില്ലാ സൈബര്‍ സെല്ലിന്റെ സഹായവും തേടാം. സങ്കീര്‍ണമായ കേസുകളില്‍ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് സൈബര്‍ സെല്ലിനെയും അന്വേഷണം ഏല്‍പ്പിക്കാവുന്നതാണ്.

ഇതിനു പുറമേ, റേഞ്ച് ഐജിമാര്‍ക്ക് കൂടുതല്‍ അന്വേഷണത്തിനായി കേസുകള്‍ സൈബര്‍ കുറ്റകൃത്യങ്ങളുടെ അന്വേഷണത്തിനായി മാത്രം രൂപവത്കരിച്ചിട്ടുള്ള സൈബര്‍ പൊലീസ് സ്റ്റേഷനു കൈമാറാവുന്നതാണ്. നിലവില്‍ ഒരു സൈബര്‍ പൊലീസ് സ്റ്റേഷന്‍ ആണ് സംസ്ഥാനത്തുള്ളത്. സര്‍ക്കാര്‍ തീരുമാന പ്രകാരം മൂന്നു സൈബര്‍ പോലീസ് സ്റ്റേഷനുകൾ കൂടി ആരംഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും അന്തിമ ഘട്ടത്തിലാണ്.

സൈബര്‍ കേസുകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള പരിശീലനം പൂര്‍ത്തിയാക്കിയവരെ മറ്റു കേസുകളിൽ ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കുക തുടങ്ങി സൈബര്‍ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട ചുമതലകള്‍ക്കും ഉപയോഗിക്കാം. എന്നാല്‍ ഇവരെ പൊതുവിലുള്ള മറ്റു ജോലികള്‍ക്കായി ഉപയോഗിക്കാനോ ഒഴിവാക്കാന്‍ കഴിയാത്ത സാഹചര്യങ്ങളിലല്ലാതെ സ്ഥലം മാറ്റാനോ പാടില്ല. സ്ഥലം മാറ്റമോ മറ്റു ചുമതലകള്‍ നല്കുന്നതോ അനിവാര്യമായ സന്ദര്‍ഭങ്ങളില്‍ റേഞ്ച് ഐജിമാരുടെ അറിവോടെ മാത്രമേ ചെയ്യാൻപാടുള്ളൂ എന്നും വ്യവസ്ഥയുണ്ട്‌. ഇവര്‍ക്ക്‌ തുടര്‍ പരിശീലനങ്ങളും നൽകും. ഇതിനായി തിരുവനന്തപുരം റേഞ്ച് ഐജി മനോജ് എബ്രഹാമിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

സൈബര്‍ വിഭാഗത്തിനു പുറമേ, കൂടുതല്‍ സാങ്കേതിക സഹായങ്ങള്‍ക്കായി പൊലീസ് ടെലികമ്മ്യൂണിക്കേഷന്‍ വിഭാഗത്തില്‍നിന്നുള്ള ഒരു ഉദ്യോഗസ്ഥന്റെ സേവനവും ഓരോ പൊലീസ് സ്റ്റേഷനിലും ലഭ്യമാക്കും. പ്രവര്‍ത്തനം ശക്തമാക്കുന്നതിനായി ഓരോ സ്റ്റേഷനിലും സുശക്തമായ ഒരു സാങ്കേതിക വിഭാഗം രൂപവത്കരിക്കുക എന്നതാണ് ലക്ഷ്യമെന്നും സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home