ലക്ഷ്യമിട്ടത‌് വൻ കലാപം‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 09, 2018, 12:41 AM | 0 min read

കൊച്ചി

മഹാരാജാസിൽ കൊലപാതകം ഉൾപ്പെടെ വൻ കലാപമുണ്ടാക്കാനാണ് ജൂലൈ ഒന്നിന് എത്തിയതെന്ന് പൊലീസ‌് കസ്റ്റഡിയിലുള്ള പോപ്പുലർ ഫ്രണ്ട‌്‐ എസ‌്ഡിപിഐക്കാരായ മൂന്നു പ്രതികൾ ചോദ്യംചെയ്യലിൽ സമ്മതിച്ചു. എസ‌്എഫ‌്ഐ വെള്ളയടിച്ച ചുവരിൽ  എഴുതണമെന്നും  മനഃപൂർവം സംഘർഷം ഉണ്ടാക്കണമെന്നുമായിരുന്നു ലഭിച്ച നിർദേശമെന്നു പ്രതികൾ ചോദ്യംചെയ്യലിൽ വെളിപ്പെടുത്തി.

കോളേജിൽ ക്യാമ്പസ് ഫ്രണ്ടിന് വേരോട്ടമുണ്ടാക്കാനും എതിരുനിൽക്കുന്നവരെ ഭയപ്പെടുത്തി  നിഷ‌്ക്രിയരാക്കാനുമായിരുന്നു ലക്ഷ്യം. അഭിമന്യുവിനെ മാത്രമല്ല, സംഘർഷത്തിനിടെ പരമാവധി എസ്എഫ്ഐ പ്രവർത്തകരെ ആക്രമിക്കാൻ ലക്ഷ്യമിട്ടാണ് മാരകായുധങ്ങളുമായി വൻസംഘം എത്തിയതെന്നും പ്രതികൾ പറഞ്ഞു. അഭിമന്യുവിനെ കുത്തിയ ആളെക്കുറിച്ചും  സൂചന നൽകി.

നേതൃത്വം നൽകിയവരെക്കുറിച്ച് വ്യക്തമായ തെളിവ് ലഭിച്ചിട്ടുണ്ടെന്ന് എസിപി കെ ലാൽജി പറഞ്ഞു.  പ്രതികൾ ഉപയോഗിച്ച മൊബൈൽഫോൺ നമ്പറുകൾ പരിശോധിക്കുകയാണ്. കഴിഞ്ഞദിവസം പിടിയിലായ നവാസ്, ജെഫ്‌റി എന്നിവരെ റിമാൻഡ്ചെയ്തു. ആദ്യം അറസ്റ്റിലായ കോട്ടയം കങ്ങഴ പത്തനാട് ചിറയ്ക്കൽ  ബിലാൽ (19), ഫോർട്ട്കൊച്ചി കൽവത്തി പുതിയാണ്ടി  റിയാസ് (37), പത്തനംതിട്ട കുളത്തൂർ നരക്കാത്തിനാംകുഴിയിൽ ഫറൂഖ‌് (19) എന്നിവരാണു കസ്റ്റഡിയിലുള്ളത്.  റിമാൻഡിലായവരെ  കസ‌്റ്റഡിയിൽ വിട്ടുകിട്ടുന്നതിന‌് പൊലീസ‌് അപേക്ഷ നൽകും. സംഭവത്തിന‌ുശേഷം പ്രതികൾക്ക‌് രക്ഷപ്പെടാൻ അവസരമൊരുക്കിയത‌് ഇവരാണെന്ന‌ു തിരിച്ചറിഞ്ഞു.  15 പ്രതികളുള്ള കേസിൽ ഒന്നാംപ്രതിയും മഹാരാജാസ‌് കോളേജിലെ അവസാനവർഷബിരുദ വിദ്യാർഥിയുമായ മുഹമ്മദ‌് ഒളിവിലാണ‌്. ഇയാളുടെ കുടുംബാംഗങ്ങളും മുങ്ങിയിട്ടുണ്ട‌്.

മുഹമ്മദ‌് ഫോണിൽ വിളിച്ച ആലപ്പുഴ അരൂക്കുറ്റി സ്വദേശിയെ പൊലീസ‌് കസ‌്റ്റഡിയിലെടുത്തു.അക്രമിസംഘമെത്തിയ ഇരുചക്രവാഹനങ്ങളുടെ ഉടമകളെ തിരിച്ചറിഞ്ഞു. തൃപ്പൂണിത്തുറ എസ‌്ആർടിഒയിൽ രജിസ‌്റ്റർചെയ‌്ത നാലും മട്ടാഞ്ചേരിയിൽ രജിസ‌്റ്റർചെയ‌്ത മൂന്നും കോതമംഗലത്തെ ഒരു വാഹനവുമാണ‌് സംഘം ഉപയോഗിച്ചത‌്. ഈ വാഹനങ്ങൾ എറണാകുളം സെൻട്രൽ പൊലീസ‌് കസ‌്റ്റഡിയിലെടുത്തിട്ടുണ്ട‌്. ചേർത്തലയിൽ രജിസ‌്റ്റർചെയ‌്ത ഒരു കാറും പൊലീസ‌് പിടിച്ചെടുത്തു.   നഗരത്തിലെ വിവിധ സ്ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ  പൊലീസ‌് പരിശോധിച്ചപ്പോൾ അക്രമികളിൽ ചിലർ മട്ടാഞ്ചേരി തേവര ഭാഗത്തേക്ക‌് പോകുന്നത‌ു കണ്ടെത്തി.

അഭിമന്യുവിനൊപ്പം കുത്തേറ്റ അർജുൻ കൃഷ‌്ണനെ തീവ്രപരിചരണ വിഭാഗത്തിൽനിന്ന‌് തിങ്കളാഴ‌്ച പ്രത്യേക മുറിയിലേക്ക‌് മാറ്റും. അർജുൻ ആഹാരം കഴിച്ചുതുടങ്ങി.



deshabhimani section

Related News

View More
0 comments
Sort by

Home