കണ്ണീര്‍ വറ്റാത്ത ഊരില്‍, അഭിമന്യുവില്ലാത്ത വീട്ടിൽ പി രാജീവ് എത്തി

വട്ടവട>കണ്ണീര്‍ ഉണങ്ങാത്ത കൊട്ടക്കാമ്പൂരിലെ അഭിമന്യുവിന്റെ ഊരില്‍ ദേശാഭിമാനി ചീഫ് എഡിറ്ററും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗവുമായ പി രാജീവ് എത്തി. ദുഃഖത്തിന്റെ ആഴക്കടലില്‍ അകപ്പെട്ട കുടുംബത്തെ രാജീവ് ആശ്വസിപ്പിച്ചു.
നിന്നു തിരിയാന്‍ ഇടമില്ലാത്ത ഒറ്റമുറി വീട്ടിലെ ഏക കട്ടിലില്‍ രാജീവിനെ വീട്ടുകാര്‍ ഇരുത്തി. അഭിമന്യുവിന്റെ അഛന്‍ മനോഹരന്റെ വാക്കുകളില്‍ വേദനയുടെ ഉരുള്‍ പൊട്ടല്‍. കഷ്ടപ്പെട്ടും കൂലിപ്പണിയെടുത്തും അവനെ വളര്‍ത്തിയതാണെന്ന മനോഹരന്‍ പറഞ്ഞപ്പോള്‍ അകമ്പടിയായി ഭാര്യ ഭൂപതിയുടെ ഏങ്ങലടികള്‍. ഒപ്പം 'നാന്‍ പെറ്റ മകനേ' എന്ന വിലാപവും.
 p rajeev.jpg)
പ്രതികള്‍ക്ക് തക്കതായ ശിക്ഷ വാങ്ങിക്കൊടുക്കണമെന്ന് മനോഹരന്‍ രാജീവിനോട് ആവശ്യപ്പെട്ടു. മകന്‍ പരിജിത്തിന് ജോലിലഭ്യമാക്കാനും മകള്‍ കൌസല്യയുടെ കല്യാണക്കാര്യത്തിലും എല്ലാം പാര്‍ടി കൂടെയുണ്ടാകുമെന്ന് രാജീവ് ആ അഛനെ ആശ്വസിപ്പിച്ചു. മനോഹരന്‍, ഭൂപതി, പരിജിത്, കൌസല്യ എന്നിവരെ കൂടാതെ അഭിമന്യുവിന്റെ അമ്മാവന്‍മരായ ചന്ദ്രബോസ്, അന്‍പഴകന്‍ എന്നിവരും കുടിലില്‍ ഉണ്ടായിരുന്നു.
വൈകിട്ട് ആറരയോടെയാണ് രാജീവ് വട്ടവടയിലെത്തിയത്. സിപിഐ എം ജില്ലാ കമ്മിറ്റി അംഗം എം ലക്ഷ്മണന്‍, ഏരിയാ സെക്രട്ടറി വി സിജിമോന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു
അഭിമന്യുവിന്റെ വീട്ടിലേക്കുള്ള യാത്രക്കിടെ നിരവധിപേരാണ് ആ കുടുംബത്തെ സഹായിക്കാമെന്നറിയിച്ച് തന്നെ വിളിച്ചതെന്ന് പി രാജീവ് പറഞ്ഞു. മലയാളത്തിന്റെ പ്രിയ കഥാകാരൻ ടി പത്‌മനാഭനും മുൻ എഫ്‌എഫ്‌ഐക്കാരുമെല്ലാം വിളിച്ചവരിലുണ്ടായിരുന്നുവെന്നും ഈ വിളികളിലെല്ലാം അഭിയോടുള്ള സ്‌നേഹമായിരുന്നെന്നും ഫേസ്‌ബുക്ക് പോസ്‌റ്റിൽ രാജീവ് പറഞ്ഞു.
പോസ്‌റ്റ് ചുവടെ
ഒറ്റമുറിയെന്നു പോലും പറയാൻ പറ്റാത്ത അഭിമന്യുവിന്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മൊബൈലിലേക്ക് മലയാളത്തിന്റെ പ്രിയ കഥാകാരൻ ടി പത്മനാഭന്റെ വിളി വന്നു. അഭിമന്യുവിന്റെ കൊലപാതകത്തിലുള്ള വേദനയും രോഷവും പങ്കിടാനായിരുന്നു പപ്പേട്ടന്റ വിളി . ആ കുടുംബത്തെ എല്ലാ തരത്തിലും പാർടി സംരക്ഷിക്കുമെന്ന് പറയുന്നതിനു മുമ്പേ പപ്പേട്ടന്റെ ചോദ്യം വന്നു " എനിക്ക് ആ കുടുംബത്തെ സഹായിക്കണം. ഞാൻ സമ്പന്ന നൊന്നുമല്ല. എന്റെ സഹായം ഞാൻ എത്തിക്കാം." പപ്പേട്ടൻ എല്ലാ ജീവജാലങ്ങളെയും അഗാധമായി സ്നേഹിക്കുന്നയാളാണ്. ആ കുട്ടിയെ ഞാൻ സ്നേഹിക്കുന്നുവെന്ന് പപ്പേട്ടൻ പറഞ്ഞു.
അഭിമന്യുവിന്റെ വീട്ടിലേക്കുള്ള യാത്രയിൽ മൊബൈലിലേക്ക് മുൻ എസ് എഫ് ഐ ക്കാരന്റെ സന്ദേശം വന്നിരുന്നു. അഭിയുടെ കുടുംബത്തെ സഹായിക്കാൻ നല്ലൊരു തുക സംഭാവന ചെയ്യട്ടേയെന്നായിരുന്നു ചോദ്യം . ഈ നാടിന്റെ സ്നേഹമാണ് ഇതിലെല്ലാം പ്രതിഫലിക്കുന്നത്.








0 comments