ഇതാ പന്തുകൾ കൊണ്ടൊരു വീട്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 14, 2018, 07:59 PM | 0 min read

ഒളരി കാര്യാട്ടുകര അമ്പാടി നഗറിലെ  സാംഗോമസിന്റെ വീടിനകത്തും  പുറത്തും നിറയെ പന്തുകൾ.
ലോകകപ്പിനെ വരവേൽക്കാൻ ഇവിടെ നിർമിച്ചത‌്  കൂറ്റൻ ഫുട്ബോളിനു മുകളിൽ കറങ്ങുന്ന ഭൂഗോളം


വീടിനകത്തും പുറത്തുമായി മുന്നൂറോളം ഫുട്ബോൾ. എവിടെ നോക്കിയാലും പന്ത്. പോരാത്തതിന് വീട്ടുമുറ്റത്ത് ലോകകപ്പിനെ വരവേൽക്കാൻ രണ്ടുലക്ഷത്തോളം രൂപ ചെലവിൽ നിർമിച്ച കൂറ്റൻ ഫുട്ബോളിനു മുകളിൽ കറങ്ങുന്ന ഭൂഗോളവുമുണ്ട‌്. ഒളരിക്കടുത്ത കാര്യാട്ടുകരയിലെ അമ്പാടി നഗറിലൂടെ കടന്നുപോവുന്ന ആരും ഈ സോക്കർ ഹോം കണ്ടാൽ ലോകകപ്പ് ലഹരിയിലാകും. ഇന്ത്യൻ ആർമിയിൽ നിന്ന് കമീഷ‌ണർ ഓഫീസറായി വിരമിച്ച  കാര്യാട്ടുകര ഓളിപറമ്പിൽ സാം ഗോമസിന്റെ വീട്ടിലെത്തുന്നവരെ പന്തുകളാണ് വരവേൽക്കുക. ഫുട്ബോൾ ഭാസിയെന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത‌്.   പ്രധാന ഗേറ്റിൽ ഇരുവശത്തും കോൺക്രീറ്റിൽ തീർത്ത രണ്ടു പന്തുണ്ട്.  മതിലുകളിലായി ഇരുപതോളം പന്തുകൾ. അകത്തുകയറിയാൽ പൂന്തോട്ടത്തിനു ചുറ്റുമുള്ള ചെറിയ മതിലുകളിലും ഇടവിട്ട് പന്തുകൾ. കിണറിൻ കല്ലിലും മോട്ടോർഷെഡിനു മുകളിലും പന്തുകളാണ‌്. കോളിങ് ബെൽ പന്തിന്റെ മാതൃകയിൽ. വീടിനുമുന്നിലായി നാലുനിലകളിലായി അമ്പതോളം പന്ത‌് തൂക്കിയിട്ടിരിക്കുന്നു. സിറ്റൗട്ടിലും സ്വീകരണമുറിയിലും കോണിപ്പടികളിലുമെല്ലാം പന്തുണ്ട്. ജനാലകൾക്കും ഷോക്കേസുകൾക്ക് മുകളിലും പന്തുകൾതന്നെ. വീടിനകത്ത് പഴയകാല ഫുട്ബോൾ മേളകളുടെ ചിത്രങ്ങളും സ്ഥാപിച്ചിട്ടുണ്ട്. വീടിനുപുറത്തും അകത്തും “പന്തില്ലാതെ ലോകമില്ല’ എന്ന സന്ദേശവുമായി പ്രചാരണങ്ങ‌ളുമുണ്ട‌്.

വീട്ടുമുറ്റത്തെ കിണറിനു മുകളിൽ റെയിൽ ഘടിപ്പിച്ച് മോട്ടോറിൽ തിരിയുന്ന വിധമാണ് ആറടി ഉയരവും എട്ടടി വിസ്താരവുമുള്ള 'ലോകകപ്പ്‌ പന്ത്' സ്ഥാപിച്ചത്. പന്തിന് മുകളിലായി രണ്ടടി ഉയരത്തിലുള്ള ഭൂഗോളവും കറങ്ങും.എൻജിനിയറിങ് വർക്ക്ഷോപ്പ് നടത്തുന്ന വടൂക്കര സ്വദേശി ഹരിദാസ് ജപ്പാൻഷീറ്റ് ഉപയോഗിച്ചാണ് പന്ത് നിർമിച്ചത്. രണ്ടുലക്ഷത്തോളം രൂപ ചെലവായി. ലോകകപ്പ് വരവേൽപ്പ് പന്ത് മുൻ ഇന്ത്യൻ ഫുട്ബോൾ കോച്ച് ടി കെ ചാത്തുണ്ണിയാണ് ഉദ്ഘാടനം ചെയ്തത് .

ചെറുപ്പം മുതലേ ഫുട‌്ബോളിൽ കമ്പമുള്ള സാംഗോമസ‌്  തൃശൂർ ജിംഖാനയിൽ നിരവധി വർഷം കളിച്ചു.
 സ്പോർട്സ് ക്വാട്ടയിൽ മിലിട്ടറി എൻജിനിയറിങ് വിഭാഗത്തിൽ ജോലികിട്ടി. 30 വർഷം സേവനമനുഷ്ഠിച്ചു. ആർമിയുടെ എംഇജി ബംഗളൂരു ടീമിലും മധ്യനിര താരമായിരുന്നു.  പിന്നീട്‌ പരിശീലകനായി.



deshabhimani section

Related News

View More
0 comments
Sort by

Home