ചരിത്രത്തിലെ ചുവട്

എം ജെപഠനശേഷം കലാമണ്ഡലത്തില്‍ നില്‍ക്കാതെ, മറ്റെന്തൊക്കെയോ മോഹിച്ച് മടങ്ങിപ്പോയ സത്യഭാമ ഒരു മാസം കഴിഞ്ഞുവന്നപ്പോള്‍ വള്ളത്തോള്‍, "നിന്നോട് പോകേണ്ടെന്നു പറഞ്ഞതല്ലേ ഞാന്‍?' എന്നു ചോദിച്ചുവത്രേ. മടികൂടാതെ മഹാകവി അവളെ കലാമണ്ഡലത്തില്‍ അധ്യാപികയായി ചേര്‍ക്കുകയും ചെയ്തു. ആ ദീര്‍ഘദര്‍ശിത്വത്തെ ആദരവോടെ മനസ്സില്‍വെക്കാം. കലാമണ്ഡലത്തിന്റെ നൃത്തക്കളരിയെയും ഒന്നടങ്കമുള്ള മോഹിനിയാട്ടത്തിന്റെ ആവിഷ്കരണ പ്രകൃതത്തെയും മാറ്റിയെഴുതാന്‍പോന്ന കലാമണ്ഡലം സത്യഭാമ അല്ലെങ്കില്‍ ഉണ്ടാകുമായിരുന്നില്ല. ഒറ്റവാചകത്തില്‍, മോഹിനിയാട്ട ചരിത്രത്തിന്റെ സാധൂകരണമായിരുന്നു സത്യഭാമ ടീച്ചര്‍. ശിഥിലവും നഷ്ടപ്രായവുമായ മോഹിനിയാട്ടത്തിന് ജീവസ്സും തേജസ്സുമുള്ള നവീനാകാരം നിര്‍മിക്കപ്പെടേണ്ട ചരിത്രപരമായ ആവശ്യത്തിന്റെ സാധൂകരണം.
നവോത്ഥാനഘട്ടത്തിനുശേഷം ദേശീയത രൂപംനല്‍കിയ കലാസ്ഥാപനങ്ങള്‍ ശൈലീകൃത കലകള്‍ക്ക് ആധികാരികവും സുഭദ്രവുമായ രൂപശില്‍പ്പം നല്‍കിയപ്പോള്‍, കലാമണ്ഡലത്തില്‍ ആ ഉദ്ഗ്രഥന ദൗത്യമേറ്റെടുത്ത കഥകളിയിലെ പുരുഷകേസരികളെ ഓര്‍ക്കും. എന്നാല്‍ തനതായൊരു സ്ത്രൈണകലയ്ക്ക് സ്വന്തം കാലിലുള്ള നിലയും വിലയും നല്‍കിയ ആചാര്യകളെ വിസ്മരിക്കും.ബാലന്‍മാസ്റ്റര്‍, കൃഷ്ണന്‍കുട്ടിവാര്യര്‍, അച്യുതവാര്യര്‍ എന്നിവരുടെ കീഴില്‍ ഭരതനാട്യമടക്കമുള്ള നൃത്തങ്ങള്‍ പരിശീലിച്ച സത്യഭാമ മോഹിനിയാട്ടം അഭ്യസിച്ചത് പഴയന്നൂര്‍ തോട്ടശ്ശേരി ചിന്നമ്മു അമ്മ ടീച്ചര്‍ക്കു കീഴില്‍. കൗമാരത്തിനുശേഷം മോഹിനിയാട്ടത്തില്‍നിന്ന് ഏറെക്കാലം വേര്‍പെട്ടുകഴിഞ്ഞ ആ ഗുരുനാഥയുടെ ഓര്‍മയിലവശേഷിച്ച മൂന്നോ നാലോ ഇനങ്ങളാണ് ശിഷ്യര്‍ക്ക് പഠിപ്പിച്ചുകൊടുത്തത്. കലാമണ്ഡലം സൂപ്രണ്ടായ കിള്ളിമംഗലം വാസുദേവന്‍ നമ്പൂതിരിപ്പാടിന്റെ ഓര്‍മയില്‍ രണ്ടു ജതിസ്വരം, ഓരോ ചൊല്‍ക്കെട്ട്, വര്‍ണം, പദം, നഷ്ടപ്രായമായ തില്ലാന ഇത്രയുമാണ് ആകെ മോഹിനിയാട്ടമായി ഉണ്ടായത്. 40 മിനുറ്റില്‍ അവതരിപ്പിച്ചുതീര്‍ക്കാവുന്ന ഈ ഇനങ്ങള്‍ അഭ്യസിച്ച് കലാജീവിതമാരംഭിച്ച സത്യഭാമ കലാമണ്ഡലത്തില്‍നിന്നു പിരിയുമ്പോഴേക്കും രണ്ടരമണിക്കൂറോളം ചെയ്യുന്ന നൃത്തപരിപാടിയായി മോഹിനിയാട്ടക്കച്ചേരി വളര്‍ന്നു. ഇന്ന് അവരുടെ കാലമവസാനിക്കുമ്പോള്‍ മോഹിനിയാട്ടം സ്ത്രൈണഭാവനകളുടെയും പ്രമേയങ്ങളുടെയും ഉല്‍സവമായി പരിണമിക്കപ്പെട്ടു കഴിഞ്ഞു.
ഭാരതത്തിന്റെ മറ്റേതു നൃത്തരൂപത്തോടും കിടപിടിക്കാവുന്ന ആവിഷ്കാരതന്ത്രങ്ങളും വ്യാകരണ ദാര്‍ഢ്യവും കലാസംസ്കാരവും മോഹിനിയാട്ടം ആര്‍ജിച്ചുകഴിഞ്ഞു. ആ മഹാപരിണാമത്തിന് എന്നേക്കും സത്യഭാമയോടു കടപ്പെട്ടിരിക്കുന്നു. സങ്കേത ദാര്‍ഢ്യമില്ലാതിരുന്ന പ്രാചീന മോഹിനിയാട്ടത്തിന്റെ അകക്കാമ്പ് സുശക്തമാക്കി ആധുനീകരിക്കുന്ന, ശ്രമകരമായ ജോലിയാണ് സത്യഭാമ ഏറ്റെടുത്തത്. പുറമേ അലുക്കുകളും തോരണങ്ങളും തൂക്കാന്‍ എളുപ്പമാണ്. എന്നാല്‍ പാരമ്പര്യ ശൈലീകൃത കലാരൂപത്തിന്റെ ജീവന്‍ സങ്കേതപ്രകരണത്തിന്റെ ആഴത്തിലും ദാര്‍ഢ്യത്തിലുമാണ്. നിയതവും ശാസ്ത്രസമ്മതവും ഔചിത്യബദ്ധവുമായ ന്യായങ്ങളോടെ, സൗന്ദര്യബോധം ഉള്‍ച്ചേര്‍ന്ന സ്വത്വബോധത്തോടെ കലയുടെ ഉള്‍ച്ചേരുവകളിലേക്ക് ഇറങ്ങാനും അവയില്‍ പ്രവര്‍ത്തിക്കാനും അസാധാരണ ഭാവനയും ധീരതയും വേണം. മൂന്നുതരത്തില്‍ ഈ ഉദ്ഗ്രഥനപ്രവര്‍ത്തനം നടക്കുന്നു. ഒന്ന് നിലവിലുള്ള കലാഘടകങ്ങളുടെ നവീകരണവും രണ്ടാമത് കലാത്മകമല്ലാത്തവയുടെ നിരാകരണവും മൂന്നാമത്തേത് പുതിയ കലാംശങ്ങളുടെ സൃഷ്ടിയുമാണ്.
മോഹിനിയാട്ടത്തിന്റെ മൂന്നുതലത്തിലുള്ള ഉദ്ഗ്രഥനത്തിലും സത്യഭാമയുടെ തര്‍ക്കരഹിതമായ സംഭാവനകളുണ്ട്. ചക്രവാകത്തിലുണ്ടായ പഴയ ചൊല്‍ക്കെട്ടിനെ സൗരാഷ്ട്ര രാഗത്തിലേക്കു മാറ്റി, ആംഗികാഭിനയത്തില്‍ സ്വകീയമായ കലാബോധത്തോടെ മാറ്റങ്ങള്‍ വരുത്തിയശേഷം പ്രസ്തുത ചൊല്‍ക്കെട്ടിനു കൈവന്ന മനോഹാരിത നോക്കുക. പഴയവയെ കലാബോധത്തോടെ വിളക്കിയെടുക്കുന്ന അവരുടെ വൈദഗ്ധ്യം കാണാം. നിരവധി പുതിയ അടവുകളും ചാരികളും മുദ്രകളും മോഹിനിയാട്ട ശരീരത്തിലേക്ക് ഉള്‍ച്ചേര്‍ക്കപ്പെടുന്നത് ആ ഇടപെടലുകളോടെ. പനിമതിമുഖിബാലേ എന്ന സ്വാതികൃതിയില്‍ തുടങ്ങുന്ന സത്യഭാമയുടെ നൃത്തസംവിധാനം ഇന്ന് മോഹിനിയാട്ടത്തിന്റെ സ്വത്വശുദ്ധിയുടെ മാതൃകകളായി നര്‍ത്തകികള്‍ അവതരിപ്പിക്കുന്ന അനേകം ഇനങ്ങളില്‍ പരന്നുകിടക്കുന്നു. ചിന്നമ്മുവമ്മ പഠിപ്പിച്ച സ്വാമി നിന്നെ നമ്മിതിറാ വര്‍ണത്തിന്റെ ചരണത്തിലുള്ള തെറ്റ് തിരുത്തി, സാര്‍ഥകമായ ആവിഷ്കരണം ചിട്ടചെയ്തതുമുതല്‍ അനേകം പരിഷ്കരണങ്ങള്‍ സത്യഭാമയില്‍ നിന്നാണ് മോഹിനിയാട്ടത്തിനുണ്ടായത്. ചിലപ്പതികാരം പോലുള്ള നൃത്തനാടങ്ങള്‍, അനേകം കവിതകളുടെ നൃത്താവിഷ്കരണങ്ങള്‍ എന്നിവയിലൂടെ മോഹിനിയാട്ടത്തിന്റെ ഉരുവം കൂടുതല്‍ സുശക്തമാക്കുകയായിരുന്നു ടീച്ചര്‍. ദാനിസാമജേന്ദ്രഗാമിനി എന്ന തോടിവര്‍ണംപോലെ ആഴവും ഘനവുമുള്ള ആവിഷ്കാരണങ്ങളിലേക്ക് ആനയിച്ചത് തുടര്‍ന്നുള്ള മോഹിനിയാട്ട നിര്‍മിതിയെ നിര്‍ണായകമായി സ്വാധീനിച്ചു. സത്യഭാമ സംവിധാനംചെയ്ത അഞ്ചു വര്‍ണങ്ങളും പതിനൊന്ന് പദങ്ങളും മോഹിനിയാട്ടത്തിന്റെ ഏതു ഭാവിചരിത്രത്തെയും നിര്‍ണയിക്കാന്‍പോന്ന ആവിഷ്കരണങ്ങളായി നിലനില്‍ക്കും.
ദേശീയതയിലേക്ക് കണ്ണിചേര്‍ക്കപ്പെട്ട പ്രാദേശിക കലാസ്വത്വങ്ങള്‍ക്ക് സ്വന്തമായ രൂപം മാത്രമല്ല, ആധികാരികമായ ശൈലിയും അനിവാര്യമായ കാലഘട്ടമാണ് സത്യഭാമയെ നിര്‍ണയിച്ചത്. കഥകളിക്കളരിയില്‍ ആ ചരിത്രദൗത്യമേറ്റെടുത്ത കലാമണ്ഡലം പത്മനാഭന്‍നായര്‍, ടീച്ചറുടെ ജീവിതപങ്കാളിയായി. കേരളീയകലകളില്‍ സൂക്ഷ്മദൃക്കായ കിള്ളിമംഗലം വാസുദേവന്‍ നമ്പൂതിരിപ്പാട് കലാമണ്ഡലത്തില്‍ തന്നെയുണ്ടായി. ഇവരെല്ലാം ചേര്‍ന്നൊരു കാലത്തിന്റെ സൃഷ്ടിയാണ് ഇന്ന് അഭിമാനത്തോടെ കാണുന്ന മോഹിനിയാട്ടം. ശൈലീകൃതമായൊരു കലയില്‍ നടത്തുന്ന പരിഷ്കരണങ്ങളെക്കാള്‍ ശ്രമകരമായ, സ്വയം വഴിവെട്ടിത്തെളിക്കേണ്ട ദുഷ്കരകൃത്യത്തിലാണ് സത്യഭാമ ജീവിതം സമര്‍പ്പിച്ചത്. മോഹിനിയാട്ടംചരിത്രം, സിദ്ധാന്തം, പ്രയോഗം എന്ന ഗ്രന്ഥത്തിലൂടെ മോഹിനിയാട്ടത്തെപ്പറ്റി സമഗ്രവും സൂക്ഷ്മവുമായൊരു പഠനമെന്ന ധര്‍മവും അവര്‍ സാക്ഷാത്ക്കരിച്ചു.തനിക്കുശേഷമുള്ള തലമുറയുടെ പ്രസിദ്ധിയിലും നൃത്തമികവിലും ടീച്ചര്‍ എന്നും അഭിമാനത്തോടെയേ സംസാരിച്ചുകേട്ടിട്ടുള്ളൂ. എന്നാല്‍ മോഹിനിയാട്ടത്തിന്റെ സ്വത്വശുദ്ധിയെ ദുര്‍ബലപ്പെടുത്തുകയോ മോഹിനിയാട്ടത്തെ അവഗണിക്കുകയോചെയ്യുന്ന ഓരോ നിമിഷങ്ങളിലും ആ ശബ്ദമുയര്‍ന്നു.
അടുത്തകാലത്ത് മോഹിനിയാട്ടത്തിന്റെ രംഗസംഗീത ചര്‍ച്ചയിലടക്കം വ്യതിരിക്തമായ അഭിപ്രായം ആര്‍ജവത്തോടെ ഉന്നയിച്ചത് ശ്രദ്ധേയം. മോഹിനിയാട്ടത്തിന്റെ ആടയാഭരണങ്ങള്‍ ധരിച്ച് എന്തുചെയ്താലും മോഹിനിയാട്ടമെന്നു ധരിക്കുന്നത് ശരിയല്ലെന്നും മറ്റു നൃത്തരൂപങ്ങളിലെ ചലനങ്ങള്‍ ഔചിത്യമില്ലാതെ ഉപയോഗിക്കുന്ന ദുഷ്പ്രവണതയെക്കുറിച്ചും അര്‍ഥശങ്കക്കിട നല്‍കാത്ത ധീരതയോടെ ടീച്ചര്‍ പ്രതികരിച്ചിട്ടുണ്ട്. പാരമ്പര്യത്തെ കലാബോധത്തോടെ ഉള്‍ക്കൊള്ളുകയും പരിണാമത്തെ സൗന്ദര്യചിന്തയോടെ ചേര്‍ക്കുകയുംചെയ്ത ആചാര്യയായിരുന്നു സത്യഭാമ. പ്രയത്നശീലവും കലയോട് ആദരവും പുലര്‍ത്തിയ വലിയ മനുഷ്യരുടെ കൂട്ടത്തിലാണ് ചരിത്രം അവരെയും കാണുക. കാലത്തിന്റെ യവനികക്ക് പിന്നിലേക്ക് പിന്മടങ്ങുമ്പോഴും അത്തരം ജീവിതങ്ങള്‍ അവസാനിക്കില്ല. ഇനിയുമേറെക്കാലം നര്‍ത്തകികളുടെ കളരിയെയും അരങ്ങിനെയും നിര്‍ണയിക്കുന്ന പയസ്വിനിയായി, ടീച്ചറുടെ ജീവിതം തുടരുകതന്നെചെയ്യും.
ലാസ്യകലയുടെ രംഗവിസ്മയം
വി കലാധരന്‍
പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യദശകങ്ങളില്‍ അധഃപതിച്ചുപോയ മോഹിനിയാട്ടത്തിലെ അവസാനത്തെ ഗുരുശ്രേഷ്ഠരെ കണ്ടെത്തിയത് മഹാകവി വള്ളത്തോളാണ്. ഇവരില്‍ ഏറ്റവും ഒടുവില്‍ കലാമണ്ഡലത്തില്‍ അധ്യാപികയായി വന്നത് തോട്ടശേരി ചിന്നമ്മുവമ്മയായിരുന്നു. അവരുടെ ശിഷ്യരില്‍ പ്രധാനിയായിത്തീര്‍ന്നത് കലാമണ്ഡലം സത്യഭാമ. പോയ നൂറ്റാണ്ടിന്റെ ഉദയ ദശകങ്ങളില്‍ കലാമണ്ഡലത്തില്‍നിന്ന് പഠിച്ചിറങ്ങിയവരില്‍ രണ്ടുപേരാണ് മോഹിനിയാട്ടത്തിന്റെ മുഖ്യ സംരക്ഷകരും പ്രയോക്താക്കളുമായത്. കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയും കലാമണ്ഡലം സത്യഭാമയും. ഇവരില്‍ കല്യാണിക്കുട്ടിയമ്മ നേരത്തേതന്നെ കലാമണ്ഡലം വിട്ടുപോയിരുന്നു. പഠിച്ചിറങ്ങി വൈകാതെ തന്റെ മാതൃസ്ഥാപനത്തില്‍ അധ്യാപികയാവാന്‍ കഴിഞ്ഞതാണ് സത്യഭാമയുടെ മഹാ നേട്ടങ്ങളിലൊന്ന്. ചിന്നമ്മു അമ്മയില്‍നിന്ന് ഗ്രഹിച്ച ഒരു ചൊല്‍ക്കെട്ടും രണ്ട് ജാതിസ്വരങ്ങളും ഒരു വര്‍ണവും ഒന്നുരണ്ട് പദങ്ങളുമായിരുന്നു ആദ്യകാല ആസ്തി. പുറമെ കല്യാണിക്കുട്ടിയമ്മയില്‍നിന്ന് മറ്റൊരു ചൊല്‍ക്കെട്ടും എന്തഹോ വല്ലഭ എന്ന സ്വാതി പദവും വരിക വരിക സഖീ എന്ന മറ്റൊരു പദവും സത്യഭാമ പഠിച്ചു.
അടവുകളും അഭിനയവും രണ്ടു വ്യത്യസ്ത ധാരകളായിട്ടായിരുന്നു മുമ്പ് മോഹിനിയാട്ടത്തില്‍ നിലനിന്നത്. സത്യഭാമയുടെ ഭാവനയിലും പ്രയോഗ പഥത്തിലുമായി ഈ ദൈ്വതസ്വഭാവം അവസാനിച്ചു. തോടി രാഗത്തിലുള്ള സ്വാതിതിരുനാളിന്റെ ദാനിസാമ ജേന്ദ്രഗാമിനി വര്‍ണം ചിട്ടപ്പെടുത്തിയ കാലത്ത് ഓരോ അടവിനും പിമ്പേ അഭിനയ സാധ്യതകളുള്ള ഖണ്ഡങ്ങള്‍&ളിീള; അവര്‍ വിളക്കിച്ചേര്‍ത്തു. ഇരയിമ്മന്‍ തമ്പിയുടെ മനസ്സിമേ പരിതാപം എന്ന വര്‍ണം ഇന്നുകാണും വിധത്തില്‍ സംവിധാനംചെയ്ത് അവതരിപ്പിച്ചതും സത്യഭാമയായിരുന്നു. കാമദേവന്റെ അഞ്ച് ശരങ്ങളേറ്റ് പരവശയായിത്തീരുന്ന നായികയുടെ അവസ്ഥാന്തരം ഈ വര്‍ണത്തിന്റെ ആത്മചൈതന്യമാണ്. ധന്യാസി, കല്യാണി രാഗങ്ങളിലുള്ള വര്‍ണങ്ങള്‍ക്കുപുറമെ സ്വാതിതിരുനാളിന്റെ പ്രശസ്തമായ സുമസായക എന്ന പദവര്‍ണത്തിനും അവര്‍ ദൃശ്യാഖ്യാനംനല്‍കി. ഇവയിലെ വിന്യാസങ്ങളില്‍ സന്ദര്‍ഭാനുസാരിയായ മനോധര്‍മങ്ങള്‍ നിറഞ്ഞു. ഇന്ന് മോഹിനിയാട്ട വേദിയില്‍ സുലഭവും സുപരിചിതവുമായ "തരുണീ ഞാന്‍' അടക്കമുള്ള പ്രസിദ്ധ പദങ്ങള്‍ക്കെല്ലാം രംഗഭാഷ്യം നല്‍കിയത് സത്യഭാമയായിരുന്നു എന്ന സത്യം പലരും ഓര്‍ക്കാറില്ല.
അവരിലൂടെയും ക്ഷേമാവതി, സുഗന്ധി, ലീലാമ്മ തുടങ്ങിയ ശിഷ്യരിലൂടെയുമാണ് മോഹിനിയാട്ടത്തിന്റെ "മുടിക്കെട്ട് പരിഷ്കരിക്കപ്പെട്ടത്. മുടി ഇടതുവശത്ത് "കൊണ്ട'യായി കെട്ടുന്ന ശൈലി രാജാരവിവര്‍മയുടെ ചിത്രങ്ങളെ പിന്‍പറ്റി സത്യഭാമ സ്വീകരിച്ചതായിരുന്നു. ഈ ചമയഭേദത്തിന് വള്ളത്തോളിന്റെ&യെൂൗീ; മൗനാനുവാദം ലഭിച്ചിരുന്നതായി ഒരിക്കല്‍ സൂചിപ്പിച്ചിരുന്നു. ഭരതനാട്യത്തിലെന്നതുപോലെ മുടി പിന്നില്‍ മെടഞ്ഞിടുന്ന പഴയ കേശവൃത്തി പിന്തുടര്‍ന്ന കല്യാണിക്കുട്ടിയമ്മയെ സത്യഭാമയുടെ ഈ സീമാതീതമായ ഭാവനാസ്വാതന്ത്ര്യം കുറച്ചൊന്നുമല്ല ചൊടിപ്പിച്ചത്. 1990കളില്‍ഇവര്‍ ഉയര്‍ത്തിവിട്ട വിമര്‍ശനക്കൊടുങ്കാറ്റ് മെല്ലെമെല്ലെ കെട്ടടങ്ങി. കല്യാണിക്കുട്ടിയമ്മയുടെ ശിഷ്യകളടക്കം "കൊണ്ടകെട്ട്' അവരുടെ അരങ്ങുകളില്‍ സ്ഥിരമാക്കി. കലാമണ്ഡലത്തില്‍ സത്യഭാമയാല്‍ സംസ്ഥാപിതമായ മോഹിനിയാട്ടശൈലി പ്രലോഭനങ്ങള്‍ക്കും ഭീഷണികള്‍ക്കും വഴങ്ങാതെ അതിന്റെ പ്രകൃതശുദ്ധിയിലും വൃത്തിയിലും കാത്തുസൂക്ഷിക്കാന്‍ അവരുടെ ശിഷ്യപ്രശിഷ്യകള്‍ക്ക് ഇന്നോളം സാധിച്ചിട്ടുണ്ട്.
മോഹിനിയാട്ടത്തിന് ആട്ടപ്രകാരമുണ്ടാക്കിയ നര്‍ത്തകി
എ സുരേഷ്
കേരളത്തിന്റെ നൃത്തരൂപമായി മോഹിനിയാട്ടത്തെ വികസിപ്പിച്ചെടുത്തതിന്റെ മുഴുവന്‍ കീര്‍ത്തിയും കലാമണ്ഡലം സത്യഭാമക്കാണ്. കഥകളിയെ സംരക്ഷിക്കാനും പോഷിപ്പിക്കാനും കലാമണ്ഡലം ആരംഭിച്ചപ്പോള്‍ മോഹിനിയാട്ടത്തിന്റെ പുനരുദ്ധാരണവും വള്ളത്തോളിന്റെ അഭിലാഷമായിരുന്നു. എന്നാല്‍ കഥകളിയെപ്പോലെ എളുപ്പമായിരുന്നില്ല മോഹിനിയാട്ടത്തെ തിരിച്ചുകൊണ്ടുവരല്‍. വള്ളത്തോളിന്റെ അക്ഷീണ പരിശ്രമം സത്യഭാമ കലാമണ്ഡലത്തില്‍ വിദ്യാര്‍ഥിനിയും പിന്നീട് ചുമതലക്കാരിയുമാകുന്നതിലൂടെ സാക്ഷാത്ക്കരിക്കപ്പെട്ടുവെന്നത് ചരിത്രം. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ മോഹിനിയാട്ടം ഏറെക്കുറെ വിസ്മൃതിയിലമര്‍ന്നിരുന്നു. വലിയ തറവാടുകളില്‍നിന്നും പര സമ്മര്‍ദത്തിലെത്തുന്ന ഏതാനും ചിലരാണ് ഈ രംഗത്തുണ്ടായിരുന്നത്. ദേവദാസി സമ്പ്രദായവുമായുള്ള ചാര്‍ച്ചയാവാം മോഹിനിയാട്ടത്തിന് ദുഷ്പേരുണ്ടാക്കിയത്. ദേവദാസി സമ്പ്രദായം മറ്റ് തെക്കേഇന്ത്യന്‍ സംസ്ഥാനങ്ങളിലെപ്പോലെ കേരളത്തില്‍ പ്രബലമല്ലായിരുന്നെങ്കിലും മോഹിനിയാട്ടത്തോട് പൊതുവെ അവമതിപ്പുണ്ടായി.
പെരിങ്ങോട്ടുകുറിശ്ശി, കൊരട്ടിക്കര, പഴയന്നൂര്‍, കുണ്ടിലശ്ശേരി, നെല്ലുവായി തുടങ്ങിയ പാലക്കാട്ടെയും തൃശൂരിലെയും ഏതാനും നട്ടുവന്മാരും പരിശീലകരുമാണ് ഈ നൃത്തകലയെ നിലനിര്‍ത്തിയിരുന്നത്. "ദേവി ഒരു കൈയില്‍ സദാചാരവും മറു കൈയില്‍ സൗന്ദര്യവുമായി പ്രത്യക്ഷപ്പെട്ടാല്‍ സംശയമില്ലാതെ ഞാന്‍ രണ്ടാമത്തേത് സ്വീകരിക്കും' എന്ന വള്ളത്തോളിന്റെ പ്രഖ്യാപനത്തിന് ഈ നൃത്തരൂപത്തെ ബാധിച്ച ദുഷ്കീര്‍ത്തി മാറ്റുകയെന്ന ഉദ്ദേശ്യവും കൂടിയുണ്ടായിരുന്നു. കഥകളിയിലെ സ്ത്രീവേഷ പരിശീലനത്തോടൊപ്പം മോഹിനിയാട്ടത്തിന്റെ ഭാഗങ്ങളും കലാമണ്ഡലത്തിലെ പഠനത്തില്‍ ഉള്‍പ്പെടുത്തിയ അദ്ദേഹം മോഹിയാട്ടത്തെ പുനരുദ്ധരിക്കാന്‍ 1932ലും 37ലും നടത്തിയ ശ്രമങ്ങളൊന്നും ഫലവത്തായില്ല. തുടര്‍ന്ന് 1949ല്‍ തോട്ടാശ്ശേരി ചിന്നമ്മു അമ്മയെ അധ്യാപികയായി കൊണ്ടുവരുന്നതോടെയാണ് മാറ്റത്തിന് വഴിതെളിഞ്ഞത്. കുട്ടിക്കാലം മുതല്‍ക്കേ മോഹിനിയാട്ടം പഠിച്ചിരുന്ന ഈ ഗുരുഭൂത അതിന്റെ ദുഷ്പ്പേര് കാരണം പുറത്തെടുത്തിരുന്നില്ല. ചിന്നമ്മു അമ്മയുടെ ശിക്ഷണത്തില്‍ കലാമണ്ഡലത്തില്‍ ആദ്യം മോഹിനിയാട്ടം പഠിക്കാനെത്തിയത് സത്യഭാമ ഉള്‍പ്പെടെ ആഞ്ച് പേരായിരുന്നു.
എട്ടാം ക്ലാസ് പഠനവും കഴിഞ്ഞ് 12ാം വയസ്സിലാണ് സത്യഭാമ കലാമണ്ഡലത്തിലെത്തുന്നത്. നൃത്തത്തിലുള്ള സത്യഭാമയുടെ വൈഭവം മനസിലാക്കിയ വള്ളത്തോള്‍ സ്കോളര്‍ഷിപ്പോടെ പഠനം തുടരാന്‍ അവസരമൊരുക്കി. അഞ്ച് സങ്കേതങ്ങളിലായിരുന്നു പരിശീലനം. ചക്രവാകത്തില്‍ ഒരു ചൊല്‍ക്കെട്ട്, ചെഞ്ചുരുട്ടിയിലും തോടിയിലും രണ്ട് ജതിസ്വരങ്ങള്‍, യദുകുല കാമ്പോജിയില്‍ ഒരു വര്‍ണവും പദവും. സാങ്കേതിക പാഠങ്ങളായിരുന്നു ചിന്നമ്മു അധ്യാപികയില്‍ നിന്ന് കാര്യമായി വശമാക്കിയത്. തുടര്‍ന്ന് കലാമണ്ഡലത്തില്‍ പരിശീലകയായെത്തിയ കല്ല്യാണിക്കുട്ടി അമ്മയില്‍നിന്നും സത്യഭാമ വ്യത്യസ്ത സമ്പ്രദായങ്ങളും ഹൃദിസ്ഥമാക്കി. 1957ല്‍ സത്യഭാമ കലാമണ്ഡലത്തില്‍ നൃത്താധ്യാപികയായെത്തി. കഥകളിയുടെ നിഴലില്‍നിന്ന മോഹിനിയാട്ടത്തെ തനതായൊരു നൃത്ത രൂപമാക്കാനാണ് ഇക്കാലത്ത് അവര്‍ ശ്രമിച്ചത്. താന്‍ പഠിച്ചതില്‍ നിന്ന് മുന്നോട്ടുപോയി 40 അടവുകളും 11 പദങ്ങളും അഞ്ച് വര്‍ണങ്ങളും ഒരു തില്ലാനയും പുതുതായി സംവിധാനം ചെയ്തു. നര്‍ത്തകിമാരുടെ വേഷവിധാനത്തിലും കേശാലങ്കാരത്തിലും പുതുമ കൊണ്ടുവന്നു. ഇതാണ് പാരമ്പര്യവാദിയായ മോഹിനിയാട്ടം അധ്യാപിക കലാമണ്ഡലം കല്ല്യാണിക്കുട്ടി അമ്മയുമായുള്ള തര്‍ക്കത്തിന് വഴിവെച്ചത്. കഥകളിയില്‍ നിന്നും ഭരതനാട്യത്തില്‍ നിന്നും വ്യത്യസ്തമായി മോഹിനിയാട്ടത്തിന് തനതായ അസ്തിത്വം നല്‍കാനായിരുന്നു ഈ ശ്രമങ്ങളെല്ലാം. കഥകളിയിലെ "ഉലച്ചില്‍', "ചുഴിപ്പ്' എന്നിവയിലെ രൗദ്ര ഭാവം ഒഴിവാക്കി മോഹിനിയാട്ടത്തിലേക്ക് സ്വീകരിച്ചു. ഭരതനാട്യത്തില്‍ നിന്നും ആവശ്യമുള്ളവ സ്വീകരിച്ചു.
1960 ഓടെ മോഹിനിയാട്ടത്തിന് ഒരു നവോന്മേഷം കൈവരുന്നത് ഇതിന്റെ ഫലമായിരുന്നു. രസഭാവവും മുദ്രകളുമുള്ള ലാസ്യ നൃത്തരൂപമായി മോഹിനിയാട്ടത്തിന് സ്വരൂപം തെളിഞ്ഞു. വള്ളത്തോളിന്റെ "നാഗില', "രാധയുടെ കൃതാര്‍ഥത', "ഭാഗവതത്തിലെ കുചേലോപാഖ്യാനം' എന്നിവ തഞ്ചാവൂര്‍കാരനായ ഭാസ്ക്കരന്‍ മാസ്റ്ററുടെ സഹകരണത്തോടെ മോഹിനിയാട്ടം ശൈലിയില്‍ നൃത്തനാടകമായി സത്യഭാമ അവതരിപ്പിച്ചു. ഭര്‍ത്താവും കഥകളി നടനുമായ കലാമണ്ഡലം പത്മനാഭന്‍ നായരില്‍നിന്ന് ലഭിച്ച കഥളി പാഠങ്ങളും വായ്പ്പാട്ടുകാരനായ എന്‍ കെ വാസുദേവ പണിക്കര്‍, മൃദംഗ വിദ്വാന്‍ രാമകൃഷ്ണഅയ്യര്‍ എന്നിവരുടെ സഹകരണവും മോഹിനിയാട്ടത്തെ പുതുക്കിപ്പണിയുന്നതില്‍ അവര്‍ക്ക് തുണയായി. കഴിഞ്ഞ അരനൂറ്റാണ്ടായി മോഹിനിയാട്ട പ്രകാരത്തിന്റെ അടിസ്ഥാനമിതാണ്. കലാമണ്ഡലം ക്ഷേമാവതി ഉള്‍പ്പെടെ മോഹിനിയാട്ട രംഗത്തുള്ള അവരുടെ ശിഷ്യരും പ്രശിഷ്യരുമായ നര്‍ത്തകിമാരിലൂടെ അതിന്റെ തുടര്‍ച്ചയും മുന്നേറ്റവുമാണ് പിന്നീടുണ്ടായത്.
എല്ലാവരുടെയും ഗുരുനാഥ
ലിസി മുരളീധരന്‍
നൃത്തവിദ്യാര്‍ഥി എന്ന നിലയില്‍ ഗുരുമുഖത്തുനിന്നെല്ലാം കേട്ട പ്രധാന പേര് സത്യഭാമ ടീച്ചറുടേതായിരുന്നു. കേരളത്തിലെ നൃത്തരംത്തെ ഗുരുക്കന്മാരുടെ ഗുരു. ഇന്നുകാണുന്ന രൂപത്തില്‍ മോഹിനിയാട്ടത്തെ വികസിപ്പിച്ചതില്‍ പ്രഥമ സ്മരണീയയാണ് അവര്‍. ഗുരുക്കന്മാരിനിന്ന് പകര്‍ന്നുകിട്ടിയതിനെക്കാള്‍ പിന്‍മുറക്കാര്‍ക്കായി അവര്‍ കൊടുത്തിട്ടുണ്ട്. മോഹിനിയാട്ടത്തിന് പുതിയ ചലന-താള ക്രമങ്ങള്‍ ഉണ്ടാക്കുകയെന്ന ശ്രമകരമായ ദൗത്യമായിരുന്നു ടീച്ചറുടേത്. സാങ്കേതികതയുടെ പിടിയില്‍നിന്ന് വിടര്‍ത്തി ലാസ്യഭംഗിയുള്ള നൃത്തമെന്നനിലയില്‍ അതിനെ നവീകരിക്കുന്നത് അങ്ങനെയാണ്. പിന്നീട് വന്നവരെല്ലാം തുടര്‍ച്ച മാത്രം. നൃത്തത്തിന്റെ പ്രയോഗതലത്തില്‍ അവര്‍ മറ്റാരെക്കാളും മുന്നിലായിരുന്നു.
മോഹിനിയാട്ടത്തിന്റെ പ്രയോഗപാഠങ്ങളുടെ ചലിക്കുന്ന ഒരു വിജ്ഞാനകോശം. കലയിലെന്നപോലെ ജീവിതത്തിലും അനുകരണീയ മാതൃക. ഉന്നതങ്ങളിലെത്തിയ കലാകാരിയെന്ന നിലയില്‍ ഗര്‍വോ അകല്‍ച്ചയോ കൊണ്ടുനടന്നില്ല. വിനയത്തോടെയുള്ള പെരുമാറ്റവും ലാളിത്യവും ശിഷ്യ വാത്സല്യവുമെല്ലാം എടുത്തുപറയേണ്ടതാണ്.കലാമണ്ഡലം ചിന്നമ്മു അമ്മയുടെ പ്രധാന ശിഷ്യയായിരുന്നു സത്യഭാമ. കലാമണ്ഡലത്തിലെ ഇന്നത്തെ പ്രശസ്ത അധ്യാപകരായ ലീലാമ്മ, ക്ഷേമവതി, പത്മിനി എന്നിവരുടെയെല്ലാം ഗുരുനാഥ. സത്യഭാമ ടീച്ചറെ നേരില്‍ കാണാനും ഇടപഴകാനുമുള്ള അവസരം കലാമണ്ഡലത്തില്‍നിന്നും എനിക്ക് ലഭിച്ചിട്ടുണ്ട്. അവരുടെ മകളും പ്രശസ്ത നര്‍ത്തകിയുമായ ലതികയായിരുന്നു എന്റെ അധ്യാപിക. കഴിഞ്ഞ ആഗസ്റ്റ് മൂന്നിന് കലാമണ്ഡലത്തില്‍ മോഹിനിയാട്ടം മുത്തശ്ശി ചിന്നമ്മുഅമ്മയുടെ അനുസ്മരണപരിപാടിക്കെത്തിയപ്പോള്‍ സത്യഭാമയെന്ന അധ്യാപിക ശിക്ഷ്യകള്‍ക്ക് എത്ര പ്രിയങ്കരിയായിരുന്നുവെന്ന് മനസിലാക്കാന്‍ കഴിഞ്ഞു. ശാരീരികാസ്വസ്ഥതകള്‍ കാരണം അവര്‍ക്ക് പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. യോഗത്തിനെത്തിയ മിക്കവരും അവരുടെ ശിക്ഷ്യകളായിരുന്നതിനാല്‍ പരിപാടിയിലുടനീളം ആ ഓര്‍മകള്‍ പങ്കുവെക്കുന്ന തിരക്കിലായിരുന്നു പലരും. ഗുരു ശിഷ്യബന്ധത്തിന്റെ ആഴം എത്രത്തോളമെന്ന് പുതുതലമുറക്ക് ബോധ്യമായ സന്ദര്‍ഭമായിരുന്നു അത്. കലാമണ്ഡലത്തിലെ ആദ്യ വനിതാ വൈസ് പ്രിന്‍സിപ്പാളായ ടീച്ചറുടെ വിയോഗം കേരളത്തിന് മാത്രമല്ല, ഇന്ത്യന്‍ ക്ലാസിക്കല്‍ നൃത്തരംഗത്തിനും തീരാനഷ്ടമാണ്.










0 comments