സംസ്ഥാനങ്ങളുടെ ധനപരമായ ഫെഡറലിസം ശക്തിപ്പെടുത്തണം ; ധനകമീഷന്‌ സിപിഐ എം നിവേദനം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 11, 2024, 02:28 AM | 0 min read


തിരുവനന്തപുരം
സംസ്ഥാനങ്ങളുടെ ധനപരമായ ഫെഡറലിസവും സാമ്പത്തിക സ്വയംഭരണവും ശക്തിപ്പെടുത്തുന്ന നിർദേശങ്ങൾ ഉണ്ടാകണമെന്ന്‌ പതിനാറാം ധനകമീഷനോട്‌ സിപിഐ എം ആവശ്യപ്പെട്ടു. നികുതി വരുമാനം വിഭജിക്കുന്നതിലെ മാനദണ്ഡങ്ങളിലും മാറ്റം വരുത്തണം.  ഇതുൾപ്പെടെയുള്ള സിപിഐ എം സംസ്ഥാന കമ്മിറ്റിയുടെ നിർദേശങ്ങൾ മുൻ ധനമന്ത്രി ഡോ. തോമസ്‌ ഐസക്‌ കമീഷനുമുന്നിൽ അവതരിപ്പിച്ചു. 

വിഭജിക്കാവുന്ന ​​നികുതി വരുമാനത്തിന്റെ 50 ശതമാനം വിഭജിക്കണമെന്നതിൽ സംസ്ഥാനങ്ങൾ ഒറ്റക്കെട്ടായുണ്ട്‌. ജിഎസ്ടി നഷ്ടപരിഹാര സെസ് ഒഴിവാക്കിയശേഷവും സർചാർജുകളും സെസുകളും 9.5 ശതമാനത്തിൽനിന്ന്‌ 20.2 ശതമാനമാക്കി ഉയർത്തിയതിലൂടെ സംസ്ഥാനങ്ങൾക്കിടയിൽ വിഭജിക്കേണ്ടതില്ലാത്ത വരുമാനം കേന്ദ്രത്തിൽ വർധിച്ചു. 2021–-22ൽ പെട്രോളിയം വിലക്കയറ്റത്തിൽനിന്ന് ഉപയോക്താക്കൾക്ക് ആശ്വാസം നൽകാൻ റോഡ് സെസിനേക്കാൾ എക്സൈസ് തീരുവയാണ് കുറച്ചത്. തൽഫലമായി, 2015–-16 നും 2018–-19 നും ഇടയിൽ, വിഭജിക്കാവുന്ന പൂളിന്റെ ചുരുങ്ങൽ കാരണം, 5,26,747 കോടി രൂപയാണ്‌ സംസ്ഥാനങ്ങൾക്ക് നഷ്ടമായത്‌. ഭരണഘടനയുടെ ആർട്ടിക്കിൾ 270 ഭേദഗതി ചെയ്ത് സർചാർജുകളും സെസുകളും അടിസ്ഥാന നികുതി വരുമാനവുമായി ലയിപ്പിക്കുകയോ അല്ലെങ്കിൽ അവയ്ക്ക് പരിധി നിശ്ചയിക്കുകയോ വേണം. പൊതുമേഖലയിൽനിന്നുള്ള ലാഭം,  സ്പെക്‌ട്രം പോലുള്ള ആസ്തികൾ വിറ്റഴിച്ചതിലൂടെയും ലഭിച്ച വരുമാനം വിഭജിക്കാവുന്ന പൂളിൽ ഉൾപ്പെടുത്തണം.  

വികേന്ദ്രീകരണം ശക്തിപ്പെടുത്തുന്നതിൽ മുൻകൈയെടുക്കുന്ന സംസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കാനും പിന്തുണയ്ക്കാനും പ്രാദേശിക ഗവൺമെന്റുകൾക്കുള്ള ഗ്രാന്റിൽ വെയിറ്റേജ് നൽകാം. സമഗ്രമായ പ്രാദേശികതല ആസൂത്രണം പിന്തുടരുന്ന കേരളം പോലുള്ള സംസ്ഥാനങ്ങളിൽ തദ്ദേശഭരണ സ്ഥാപനങ്ങൾക്കുള്ള ധനകമീഷൻ ഗ്രാന്റുകൾ നിരുപാധികമാക്കണമെന്നും സിപിഐ എം ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Home