അമ്പതാംവർഷത്തിൽ തേടിയെത്തിയ അംഗീകാരം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 10, 2024, 12:09 AM | 0 min read


തിരുവനന്തപുരം
സംസ്ഥാനസർക്കാരിന്റെ ജെ സി ഡാനിയേൽ പുരസ്‌കാരം ഷാജി എൻ കരുണിനെ തേടി എത്തുന്നത്‌ ചലച്ചിത്ര ജീവിതത്തിന്റെ അമ്പതാം വർഷത്തിൽ.
1974 ൽ പുണെ ഫിലിം ഇൻസ്‌റ്റിറ്റ്യൂട്ടിൽനിന്ന്‌ ഛായാഗ്രഹണത്തിൽ ഡിപ്ലോമ നേടി. തുടർന്ന്‌ ഛായാഗ്രാഹകനായി തുടക്കം. 1975 ൽ ചലച്ചിത്ര വികസന കോർപറേഷൻ രൂപീകരിച്ചപ്പോൾ പങ്കാളിയായി. പിന്നാലെ അവിടെ ഫിലിം ഓഫീസറായി ചേർന്നു. ഇതിനിടയിൽ കെ പി കുമാരന്റെ ലക്ഷ്‌മി വിജയത്തിന്‌ ഛായാഗ്രഹണം നിർവഹിച്ചു. തുടർന്ന്‌ ജി അരവിന്ദന്റെ ക്ലാസിക്കൽ ചിത്രം കാഞ്ചന സീത. ഇതിന്റെ ഛായാഗ്രഹണ മികവ്‌ രാജ്യാന്തരത്തിൽ ശ്രദ്ധിക്കപ്പെട്ടു. തമ്പ്, കുമ്മാട്ടി, എസ്തപ്പാൻ, പോക്കുവെയിൽ, ചിദംബരം, ഒരിടത്ത് തുടങ്ങിയ അരവിന്ദൻ ചിത്രങ്ങളുടെ ഛായാഗ്രഹണം നിർവഹിച്ച്‌ മികച്ച ഛായാഗ്രാഹകനുള്ള ദേശീയ അവാർഡും മൂന്ന് സംസ്ഥാന അവാർഡുകളും നേടി. എം ടി, കെ ജി ജോർജ്‌, പത്മരാജൻ എന്നിവരുടെ ചിത്രങ്ങളുടെയും ഛായാഗ്രാഹകനായി. ഫ്രഞ്ച് സർക്കാരിന്റെ   ‘ദ ഓർഡർ ഓഫ് ആർട്‌സ് ആൻഡ്‌ ലെറ്റേഴ്‌സും’ നേടി, പത്മശ്രീയും ലഭിച്ചു.

1988ൽ സംവിധാനം ചെയ്ത ‘പിറവി'യാണ് ആദ്യമായി സംവിധാനം ചെയ്‌ത ചിത്രം. പിറവി, സ്വം, വാനപ്രസ്ഥം എന്നീ ചിത്രങ്ങളിലൂടെ കാൻമേളയിൽ തുടർച്ചയായ മൂന്നു ചിത്രങ്ങൾ തെരഞ്ഞെടുക്കപ്പെട്ട   സംവിധായകരിലൊരാളാണ്‌. 1998ൽ  സംസ്ഥാന ചലച്ചിത്ര അക്കാദമി രൂപീകരിച്ചപ്പോൾ  ആദ്യ ചെയർമാൻ.  ചലച്ചിത്ര വികസന കോർപറേഷന്റെ ചെയർമാനാണ്‌. സർക്കാർ ഉടമസ്ഥതയിൽ ആദ്യ ഒടിടി സംവിധാനം തുടങ്ങുന്നതും ഷാജി  എൻ കരുണിന്റെ നേതൃത്വത്തിലാണ്‌.  സർക്കാരിന്റെ സിനിമാനയ രൂപീകരണത്തിനുള്ള സമിതിയുടെ ചെയർമാനുമാണ്‌. 1952ൽ കൊല്ലം ജില്ലയിലാണ്‌ ഷാജി എൻ കരുണിന്റെ ജനനം. വർഷങ്ങളായി വഴുതക്കാട്‌ ‘പിറവി’യിലാണ്‌ താമസം. ഭാര്യ: അനസൂയ ദേവകി വാര്യർ. മക്കൾ: അനിൽ ഷാജി, അപ്പു ഷാജി.

സന്തോഷം: ഷാജി എൻ കരുൺ
ചലച്ചിത്രജീവിതം തിരിഞ്ഞുനോക്കുമ്പോൾ ജെ സി ഡാനിയേൽ പുരസ്‌കാരം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന്‌ ഷാജി എൻ കരുൺ. തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ എംബിബിഎസിന്‌ ചേർന്നതിനുശേഷമാണ്‌ പുണെയിലെ ഫിലിം ഇൻസ്‌റ്റിറ്റ്യൂട്ടിൽ ചേരുന്നത്‌. അതിൽ കുടുംബാംഗങ്ങൾക്ക്‌ അതൃപ്‌തിയുണ്ടായിരുന്നു. ചിത്രാഞ്‌ജലിയിൽ സ്‌റ്റുഡിയോ മാനേജരായിരിക്കുമ്പോൾ കെ കരുണാകരന്റെ ഫോട്ടോ എടുക്കാൻ വിസമ്മതിച്ചെന്ന്‌ ആരോപിച്ച്‌ നടപടിയെടുത്തു. മൂന്നുവർഷത്തോളം സസ്‌പെൻഡ്‌ ചെയ്യപ്പെട്ടു. അക്കാലത്താണ്‌ താൻ കൂടുതൽ സിനിമകൾക്ക്‌ ഛായാഗ്രഹണം ചെയ്‌തതെന്നും അദ്ദേഹം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home