കെട്ടിവലിച്ച്‌ വന്ദേഭാരത് , റെയിൽവേയ്ക്ക് നാണക്കേട്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 05, 2024, 01:50 AM | 0 min read


ഷൊർണൂർ
കാസർകോട്‌ –-തിരുവനന്തപുരം വന്ദേഭാരത് എക്‌സ്‌പ്രസ് പാതിവഴിയിൽ നിലച്ചതോടെ യാത്രക്കാർ കുടുങ്ങിയത് മൂന്ന്‌ മണിക്കൂർ.  ഒടുവിൽ മറ്റൊരു എൻജിൻ ഘടിപ്പിച്ചാണ്‌ ഷൊർണൂരിൽ എത്തിച്ചത്‌.

മോദി സർക്കാർ കൊട്ടിഘോഷിച്ച്‌ അഭിമാന പ്രോജക്‌ടായി പുറത്തിറക്കിയ വന്ദേഭാരത്‌ വഴിയിൽ കിടന്നത്‌ റെയിൽവെയ്‌ക്ക്‌ കനത്ത നാണക്കേടായി.  ബുധൻ വൈകിട്ട് 5.36 ഓടെ ഷൊർണൂർ ജംഗ്ഷനിലെ ആറാം നമ്പർ പ്ലാറ്റ്ഫോമിൽ എത്തിയ വന്ദേഭാരത്  5.39 ഓടെ സ്റ്റേഷൻ വിട്ടു. 5.41 ന്‌ ഷൊർണൂർ ഓവർ ബ്രിഡ്‌ജ്‌ എത്തുംമുമ്പ്‌ ട്രെയിൻ പൊടുന്നനെ നിന്നു.  വാതിൽ  തുറക്കാൻ പറ്റാതായതോടെ 700 ലധികം യാത്രക്കാർ  കുടുങ്ങി. എസിയും നിലച്ചു.  ഒന്നര മണിക്കൂറോളം ക്യാബിനുകളിൽ കുടിങ്ങിയ യാത്രക്കാർ പുറത്തിറങ്ങാനാകാതെ വിയർത്തൊലിച്ചു.

7.28 ഓടെ ഷൊർണൂരിൽനിന്ന്‌ ടെക്‌നിക്കൽ വിഭാഗം എത്തി  എൻജിൻ ഉപയോഗിച്ച് ട്രെയിൻ ആറാം നമ്പർ പ്ലാറ്റ്ഫോമിൽ എത്തിച്ചു. വാതിലുകൾ തുറന്ന്‌ യാത്രക്കാരെ പുറത്തിറക്കി. പ്രായമായവരും രോഗികളും ഉൾപ്പടെയുള്ളവർ വേറെ  ട്രെയിനിൽ കയറി. എന്നാൽ വന്ദേഭാരത് ഉടൻ പുറപ്പെടുമെന്ന് റെയിൽവേ അറിയിച്ചതോടെ തിരിച്ച്‌ വന്ദേഭാരതിൽ കയറി. പിന്നീട് അതേ എൻജിൻ ഘടിപ്പിച്ച്‌ 8.41 ഓടെ ട്രെയിൻ ഷൊർണൂർ വിട്ടു.

ബാറ്ററിയിലെ ചാർജ് കഴിഞ്ഞെന്നാണ്  ആദ്യം  അറിയിപ്പ് ലഭിച്ചത്. സ്റ്റേഷനിൽ എത്തി ടെക്‌നിക്കൽ വിഭാഗം പരിശോധിച്ചപ്പോഴാണ് എൻജിനിലെ വൈദ്യുതി തകരാറാണ്‌ കാരണമെന്ന്‌ കണ്ടെത്തിയത്‌. തിരുവനന്തപുരത്ത് എത്തി പരിശോധിച്ചാലേ കൂടുതൽ വിവരം ലഭിക്കൂ എന്ന്‌ റെയിൽവേ അധികൃതർ പറഞ്ഞു. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്താൻ ട്രെയിനിൽ കയറിയ യാത്രക്കാർക്ക്‌   സമയത്തിന്‌ എത്താൻ കഴിയാത്തതിനാൽ വിമാനം കിട്ടിയില്ല. റെയിൽവേ നഷ്ടപരിഹാരം നൽകിയില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും യാത്രക്കാർ പറഞ്ഞു. വന്ദേഭാരത്‌ കുടുങ്ങിയതോടെ ദീർഘദൂര ട്രെയിനുകൾ പലതും വൈകി. കഴിഞ്ഞ ദിവസം മഴയിൽ ജനശതാബ്‌ദിയിലെ ബോഗികൾ ചോർന്നൊലിച്ചത്‌ വാർത്തയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home